X

ജെഎന്‍യു കൃത്രിമ വീഡിയോ: മൂന്നു ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ്

അഴിമുഖം പ്രതിനിധി

ജെഎന്‍യുവില്‍ കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി എന്ന് വ്യാജ വീഡിയോ നിര്‍മ്മിച്ചതിനു മൂന്നു ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാരിന്റെ ക്രിമിനല്‍ കേസ്. ഡല്‍ഹി ജില്ലാ കോടതി മജിസ്ട്രേറ്റ് സഞ്ജയ്‌ കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍ പ്രകാരമാണ്  നടപടി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലുള്ള ഫോറന്‍സിക് ലാബില്‍ അയച്ചഏഴു വീഡിയോകളില്‍ ഒരു ന്യൂസ് ചാനലിന്റെതടക്കം മൂന്നെണ്ണം കൃത്രിമം കാട്ടിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ രണ്ടെണ്ണത്തില്‍ വീഡിയോകളില്‍ ഇല്ലാത്തവരുടെ ശബ്ദം ചേര്‍ത്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചാനലുകളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. വീഡിയോകളില്‍ ഒന്നിലും കനയ്യ കുമാരിനെതിരെയുള്ള തെളിവ് കണ്ടെത്താന്‍ അന്വേഷണത്തിനു സാധിച്ചില്ല.എന്നാല്‍ സംഭവസ്ഥലത്തു വച്ച് ചിലര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് സര്‍വ്വകലാശാല അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.    

 

This post was last modified on December 27, 2016 3:48 pm