X

നോട്ട് നിരോധനം; ഗീത ഗോപിനാഥിന്റെ അഭിപ്രായം ഹവാര്‍ഡ് യൂണിവേഴ്‌സ്റ്റി പ്രൊഫസറായ സാമ്പത്തിക വിദഗ്ധയുടെ സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് അഭിപ്രായം പ്രകടനം നടത്തിയത് അവവരുടെ വ്യക്തിസ്വാതന്ത്ര്യമെന്ന് പിണറായി വിജയന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ അവര്‍ നോട്ട് നിരോധനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയല്ലെന്നും ഇന്നു രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ് അവര്‍ വിശദീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സബുക്ക് പേജില്‍ കുറിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സോഷ്യല്‍ മീഡിയയിലും പൊതു മാധ്യമങ്ങളിലുമായി പ്രൊഫ. ഗീതാ ഗോപിനാഥ് കറന്‍സി പിന്‍വലിക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു എന്ന മട്ടില്‍ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു.

വീണ്ടുവിചാരമില്ലാതെയും ജനങ്ങളെ മുന്നില്‍ കാണാതെയും പൊടുന്നനെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ദുരന്തം അനുഭവിക്കുകയാണ് രാജ്യം. ആ വിഷയത്തില്‍ നാനാഭാഗത്തു നിന്നും പ്രതികരണങ്ങള്‍ വരുന്നുമുണ്ട്. സാമ്പത്തിക വിദഗ്ധ എന്ന നിലയില്‍ പ്രൊഫസര്‍ ഗീതാ ഗോപിനാഥിന്റെ പ്രതികരണവും വന്നു കണ്ടു. അതിന്റെ പൂര്‍ണരൂപം വായിച്ചു. (ലിങ്ക് ചുവടെ) എല്ലാവര്‍ക്കും വായിക്കാവുന്നതാണ്. ആദ്യ രണ്ടു ഖണ്ഡികയല്ല മുഴുവനായി. അതില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി, നടത്തിപ്പിലെ പിശക്, ജനങ്ങളുടെ രോഷം, ബദല്‍ നിര്‍ദേശം ഇങ്ങനെ എല്ലാമുണ്ട്.

മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ല. ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലര്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്ന് കരുതണം. ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ് അവര്‍ വിശദീകരിച്ചിട്ടുള്ളത്. അത് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ സാമ്പത്തിക വിദഗ്ധയുടെ സ്വാതന്ത്ര്യം തന്നെയാണ്. കേരളം അവരില്‍ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശവും സഹായവുമാണ്; ലോക സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ല.

https://www.project-syndicate.org/commentary/india-tax-evasion-demonetization-by-gita-gopinath-2016-11

This post was last modified on December 27, 2016 2:15 pm