X

നോട്ട് നിരോധനം വേണ്ടിയിരുന്നോ? ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പറഞ്ഞിരുന്നു

നോട്ട് അസാധുവാക്കാനുള്ള യാതൊരു സാഹചര്യവും ഇന്ത്യയിലില്ലെന്നായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയ ശേഷം 2017 ജൂണില്‍ എന്‍ ഐ പി എഫ് പിയുടെ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് എന്തെങ്കിലും തരത്തില്‍ യുക്തിസഹമായ ന്യായീകരണമുണ്ടായിരുന്നോ ഇല്ലെന്നാണ് സര്‍ക്കാര്‍ സ്ഥാപനം തന്നെ പറയുന്നത്. നോട്ട് നിരോധം നടപ്പാക്കി 15 മാസമായിട്ടും ഇതുവരെ ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. അര്‍ഥക്രാന്തി എന്ന, പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ആണ് നോട്ട് നിരോധന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അര്‍ഥ ക്രാന്തിയുടെ നിര്‍ദ്ദേശം പരിശോധിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയോട് (കേന്ദ്ര ധന മന്ത്രാലയത്തിന്റെ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയും മധ്യപ്രദേശും ആവശ്യപ്പെട്ടിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. നോട്ട് അസാധുവാക്കാനുള്ള യാതൊരു സാഹചര്യവും ഇന്ത്യയിലില്ലെന്നായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയ ശേഷം 2017 ജൂണില്‍ എന്‍ ഐ പി എഫ് പിയുടെ റിപ്പോര്‍ട്ട്.

രണ്ട് ചോദ്യങ്ങളാണ് റിപ്പോര്‍ട്ട് മുന്നോട്ട് വച്ചത് – ഇന്ത്യയില്‍ വളരെയധികം പണമുണ്ടോ, അസാധുവാക്കുന്ന കൂടിയ നോട്ടിന്റെ മൂല്യം വളരെ ഉയര്‍ന്നതാണോ. രണ്ടിനും നെഗറ്റീവ് ആയ ഉത്തരങ്ങളാണ് വന്നത്. അര്‍ഥക്രാന്തി വിതരണത്തിലുള്ള കറന്‍സിയും ജിഡിപിയുമായി താരതമ്യം ചെയ്തു. ഇന്ത്യന്‍ സമ്പദ്ഘടന നോക്കിയാല്‍ ആവശ്യത്തിനുള്ള കറന്‍സി നോട്ടുകള്‍ വിതരണത്തിലില്ല എന്ന് എന്‍ ഐ പി എഫ് പി ചൂണ്ടിക്കാട്ടി. രാജ്യത്ത് വളരെയേറെ 1000, 500 രൂപ നോട്ടുകളുണ്ടോ, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവശ്യ വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ ഇന്ത്യയിലെ കൂടിയ രൂപ മൂല്യം പരിശോധിച്ചാണ് എന്‍ ഐ പി എഫ് പി ഇതിന് ഉത്തരം തേടിയത്. പാല്‍, ബ്രെഡ്, മുട്ട, വെള്ളം, പ്രാദേശിക ഗതാഗതം തുങ്ങിയവയ്ക്കുള്ള ചിലവുകളാണ് 15 രാജ്യങ്ങള്‍ക്കിടയില്‍ താരതമ്യം ചെയ്തത് – വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നോട്ട് അസാധുവാക്കുന്നതിന് യുക്തിസഹമായ യാതൊരു കാരണവും കാണുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

മറ്റ് രാജ്യങ്ങളിലെ വലിയ കറന്‍സി നോട്ടുകളും ആകെ വിതരണത്തിലുള്ള നോട്ടുകളും തമ്മിലുള്ള അനുപാതവുമായും താരതമ്യം നടത്തി. നോട്ട് നിരോധനത്തിന് മുമ്പ് ഇന്ത്യയില്‍ 86 ശതമാനം നോട്ടുകളാണ് 500, 1000 കറന്‍സികളായി ഉണ്ടായിരുന്നത്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ എന്‍ഐപിഎഫ്പിക്ക് മോദി സര്‍ക്കാര്‍ സമയം കൊടുത്തില്ല. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചു.

This post was last modified on February 19, 2018 1:16 pm