X

ഈശ്വരനെയോര്‍ത്തു ജോലി ചെയ്യൂ, നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് പാര്‍ലമെന്റില്‍ ജോലി ചെയ്യാനാണ്: രാഷ്ട്രപതി

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന എംപിമാര്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ട് വിഷയത്തില്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി വളരെ വൈകാരികമായും പ്രതികരിച്ചു. ‘ഇശ്വരനെയോര്‍ത്ത് നിങ്ങളുടെ ജോലി ചെയ്യൂ, നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് പാര്‍ലമെന്റില്‍ ജോലി ചെയ്യാനാണ്’ എന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

ഡിഫന്‍സ് എസ്റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി പാര്‍ലമെന്റില്‍നിന്ന് ഉണ്ടാകേണ്ടത് ചര്‍ച്ച, സംവാദം, തീരുമാനം തുടങ്ങിയ കാര്യങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു. നോട്ട് വിഷയം ഉന്നയിച്ച് പ്രതിപക്ഷ എംഎല്‍മാരുടെ പ്രതിഷേധം കാരണം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ 14 ദിവസങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെടുത്തുകയും സഭയില്‍ സംസാരിക്കുന്ന എംപിമാരെ തടയുകയും ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജനും മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യം വരെയുണ്ടായി.

നോട്ട് പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ട് വിശദീകരിക്കണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്.

This post was last modified on December 27, 2016 2:14 pm