X

ഇന്ത്യയില്‍ ജീവിച്ച് മരിക്കും: അമീര്‍ ഖാന്‍

അഴിമുഖം പ്രതിനിധി

അസഹിഷ്ണതാ പ്രസ്താവനയില്‍ തന്നെ തെറ്റിദ്ധരിച്ചുവെന്നും താന്‍ ദേശ സ്‌നേഹമുള്ള വ്യക്തിയാണെന്നും രാജ്യം വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബോളിവുഡ് താരം ആമീര്‍ ഖാന്‍ പറഞ്ഞു. ഈ രാജ്യം വിടാന്‍ എനിക്ക് താല്‍പര്യമില്ല. ഞാനീ രാജ്യത്ത് ജനിച്ചു. ഇവിടെ തന്നെ മരിക്കുകയും ചെയ്യും, ആമീര്‍ പറഞ്ഞു. 2006-ല്‍ സൂപ്പര്‍ ഹിറ്റായിരുന്ന ആമീര്‍ ഖാന്റെ രംഗ് ദേ ബസന്തി റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് മുംബയില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ആമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചിലര്‍ എന്നെ മനസ്സിലാക്കി. അതേസമയം മറ്റുചിലര്‍ എന്നെ വിഷമിപ്പിച്ചു. ഞാന്‍ ഇവിടെ ജീവിച്ച് മരിക്കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. എന്റെ പ്രസ്താവന ജനങ്ങളെ വേദനിപ്പിക്കപ്പെട്ടത് അവര്‍ക്ക് തെറ്റായ വിവരം ലഭിച്ചതിനാലാണ്, അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന്‌ താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആമീര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ പോലെ വൈവിദ്ധ്യമുള്ള രാജ്യം വേറെയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. മറ്റൊരു ബോളിവുഡ് താരമായ അക്ഷയ് കുമാറില്‍ നിന്നും ആക്രമണം ഉണ്ടായതിന്റെ പിറ്റേന്നാണ് വിശദീകരണവുമായി വീണ്ടും ആമീര്‍ രംഗത്തു വന്നത്.

തന്റെ പ്രസ്താവനയിലൂടെ വേദനിപ്പിക്കപ്പെട്ടവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നു. എന്റെ പ്രസ്താവന തെറ്റായി മനസ്സിലാക്കിയതു കൊണ്ടാണതുണ്ടായത്. അതിന് മാധ്യമങ്ങളും ഏറെക്കുറെ ഉത്തരവാദികളാണെന്ന് ആമീര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആമീറിന്റെ വിവാദ പ്രസ്താവനയുണ്ടായത്.

This post was last modified on December 27, 2016 3:34 pm