മാവേലിക്കരയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശിയായ യുവതിയ്ക്കാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടി വന്നത്.
ഭര്‍തൃവീട്ടില്‍ കഴിഞ്ഞുവന്ന യുവതിയെ പട്ടിണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കൂടാതെ പിതാവിന്റെ മുന്പില് വച്ച് ഭര്‍തൃപിതാവിന്റെ സഹോദരന് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്നും പരാതിയുണ്ട്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്.
യുവതിയുടെ ഭര്‍ത്താവ് പത്തിയൂര്‍ കുന്നത്ത് വീട്ടില്‍ മനുകോശി, ഭര്‍തൃപിതാവ് കോശി, ഭര്‍തൃമാതാവ് ഏലിയാമ്മ, ഭര്‍തൃപിതാവിന്റെ സഹോദരനും മിലട്ടറി ഉദ്യോഗസ്ഥനുമായ ജോണി എന്നിവര്‍ക്കെതിരെയാണ് പരാതിയുള്ളത്.
യുവതിയുടെ രണ്ടര വയസുള്ള മകന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടികള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉണ്ടായില്ലെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്.
അതിനാല്‍ കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ സ്ത്രീകളെയും അണിനിരത്തി പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
This post was last modified on April 23, 2019 8:02 am