X

കേരളം വിധിയെഴുതുന്നു; രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്.

കേരളത്തിലെ രണ്ടരക്കോടിയിലിധികം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ജയ-പരാജയ കണക്കുകൂട്ടലുകള്‍ക്കുമൊടുവില്‍ കേരളത്തിലെ ജനങ്ങള്‍ ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയുള്ള സമയത്തിനുള്ളില്‍ തങ്ങളെ ആര് പ്രതിനിധീകരിക്കണമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കും. ഇന്നലെ രാത്രിയോടെ തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിലെ 149 സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. 2,61,51,534 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത്തവണ വോട്ടവകാശമുളളത്.

സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവിപാറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, 4,482 ബൂത്തുകള്‍പ്രശ്‌നബാധിതമായി കണക്കാക്കുമ്പോള്‍ 5,886 ലെ 425 ബൂത്തുകള്‍ അതീവഗുരുതര സ്വഭാവമുള്ളതും 817 ബൂത്തുകള്‍ ഗുരുതര പ്രശ്‌നബാധിതവുമാണെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്‍. മുഖ്യ തെരഞ്ഞെടുപ്പു ഓഫിസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അതേസമയം, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി 162 ബൂത്തുകള്‍ക്ക് മാവോവാദി ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷന്‍ പറയുന്നു.

അതേസമയം പഴുതടച്ച സുരക്ഷയൊരുക്കി പോലീസും സജ്ജമാണ്. എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഇരട്ട വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉള്ളതായി ശ്രദ്ധയില്‍ പെട്ടാല്‍ കയ്യില്‍ വിലങ്ങ് വീഴും. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടംകൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി.

പ്രശ്‌നബാധിത മേഖലകളില്‍ റിസര്വില്‍ ഉള്ള പോലീസ് സംഘങ്ങളെ പോളിങ് ബൂത്തിന് സമീപം പട്രോളിങ് നടത്താന്‍ നിയോഗിക്കും. വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500ലേറെ വനിതാ പോലീസുകാരം നിയോഗിച്ചിട്ടുണ്ട്. ക്യാമറ സംഘങ്ങള്‍ ബൂത്തുകളില്‍ നിരീക്ഷണം നടത്തും. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തി. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പോലീസ് സംഘം പട്രോളിങ് നടത്തും.

അതേസമയം ഇത്തവണ പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍. കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വിജയമാവുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. മൗനപ്രചാരണവും അവസാനിപ്പിച്ച വോട്ടര്‍മാരില്‍ വശ്വസിച്ച് പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.

This post was last modified on April 23, 2019 7:54 am