X

ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു

അഴിമുഖം പ്രതിനിധി

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പാര്‍ട്ടിയെ തന്റെ രാജി സന്നദ്ധത അറിയിച്ചു. ജയരാജനെതിരെ ത്വരിത പരിശോധന വേണമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പരിഗണിക്കുമ്പോള്‍ വിജിലന്‍സ് നിലപാട് അറിയ്ക്കും. ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ ഇന്ന് കാണുമെന്നാണ് വിവരം.

അതെസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രാവിലെ 7.45 ഓടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. ഇരുവരുടെയും ചര്‍ച്ച 20 മിനിറ്റോളം നീണ്ടു.

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ എത്തിയ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ജേക്കബ് തോമസ് എത്തിയതെന്നയിരുന്നു സൂചന.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് വി മുരളീരധരനുമാണ് പരാതി നല്‍കിയത്. ജയരാജനെതിരായ പരാതിയില്‍ ത്വരിതപരിശോധന നടത്തേണ്ട വസ്തുതകളുണ്ടെന്നാണ് വിജിലസിന്റെ പ്രാഥമിക നിഗമനം.

This post was last modified on December 27, 2016 2:23 pm