X

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കി

കൊച്ചി മെട്രോ സഫലമായതിന് പിന്നില്‍ ശ്രീധരന്റെ അതുല്യമായ പങ്ക് വിസ്മരിച്ചാണ് ഈ ഒഴിവാക്കല്‍

ഈമാസം പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടന ചടങ്ങിലെ വേദിയില്‍ നിന്നും മെട്രോമാന്‍ ഇ ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ നല്‍കിയ ലിസ്റ്റില്‍ നിന്നാണ് ശ്രീധരനെ ഒഴിവാക്കിയിരിക്കുന്നത്. കൊച്ചി മെട്രോ സഫലമായതിന് പിന്നില്‍ ശ്രീധരന്റെ അതുല്യമായ പങ്ക് വിസ്മരിച്ചാണ് ഈ ഒഴിവാക്കല്‍.

13 പേരുടെ പട്ടികയാണ് വേദിയിലിരിക്കുന്നതിനായി കെഎംആര്‍എല്‍ തയ്യാറാക്കി പിഎംഒയ്ക്ക് അയച്ചത്. എസ്പിജിയുടെ സുരക്ഷ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് വെട്ടിച്ചുരുക്കിയത്. വേദിയില്‍ ഇരിക്കുന്ന ഏഴ് പേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി തോമസ് ചാണ്ടി, എറണാകുളം എംപി കെ വി തോമസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍  എന്നിവരാണ് അത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എറണാകുളത്തെ എംഎല്‍എമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നീ ജനപ്രതിനിധികളും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് എന്നിവരുമാണ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റുള്ളവര്‍.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സുരക്ഷ പ്രശ്‌നം മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയില്‍ ഇരിക്കേണ്ടവരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്. ജനപ്രതിനിധികളെ വേദിയില്‍ നിന്നും ഒഴിവാക്കിയത് അവഹേളനമാണെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വേദിയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. മെട്രോയുടെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്നവരാണ് ശ്രീധരനും ഏലിയാസ് ജോര്‍ജ്ജും.

This post was last modified on June 14, 2017 4:14 pm