X

നേപ്പാള്‍; മരണം 4310; വന്‍ ഭൂകമ്പത്തിന് ശേഷം 55 തുടര്‍ ചലനങ്ങള്‍; 12 മലയാളികളെ കൂടി നാട്ടില്‍ എത്തിച്ചു

അഴിമുഖം പ്രതിനിധി

ഭൂകമ്പം കടപുഴകിയ നേപ്പാളില്‍ നിന്നും ഇന്ന് രാവിലെ 12 മലയാളികളെ കൂടി നാട്ടില്‍ എത്തിച്ചു. ഇനിയും 250 ഓളം മലയാളികള്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. അദ്ദേഹം ഇന്നലെ രണ്ടാമതും ഡയാലിസിസിന് വിധേയനായിരുന്നു. ഇന്നലെ തന്നെ അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും കനത്ത മഴ മൂലം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതിരുന്നത് ശ്രമങ്ങള്‍ക്ക് വിഘാതമായി.

ഇതിനിടെ ദുരന്തത്തില്‍ 4310 പേര്‍ മരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7953 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം വക്താവ് ലക്ഷമി പ്രസാദ് ദാക്കല്‍ മാധ്യമങ്ങളെ അറിയിച്ചു. കനത്ത മഴയും തുടര്‍ ചലനങ്ങളുമുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ടും ശക്തമായ തുടര്‍ ചലനം ഉണ്ടായി. പശ്ചിമ ബംഗാളിലെ സിലിഗുരിയായിരുന്നു ചലനത്തിന്‍ പ്രഭവ സ്ഥാനം. റെക്ടര്‍ സ്‌കെയിലില്‍ 5.1 ആണ് ഈ ചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ചത്തെ വന്‍ഭൂകമ്പത്തിന് ശേഷം ഇതുവരെ 55 തുടര്‍ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ദുരന്തം ഒരു മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുഎന്‍ വിലയിരുത്തുന്നു. ദുരന്തത്തിന്റെ നാലാം ദിവസവും പല ഗ്രാമങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനാവാത്ത വിധം ഒറ്റപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

This post was last modified on December 27, 2016 2:57 pm