X

സൈറസ് മിസ്ത്രിയെ പുറത്താക്കിയ ടാറ്റ സണ്‍സിന്റെ നടപടി എന്‍സിഎല്‍ടി ശരിവച്ചു

2016 ഡിസംബറില്‍ സൈറസ് മിസ്ത്രിയുടെ കുടുംബ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങള്‍ ടാറ്റ സണ്‍സിനും രത്തന്‍ ടാറ്റയടക്കമുള്ള 20 പേര്‍ക്കും എതിരെ കേസ് ഫയല്‍ ചെയതിരുന്നു.

സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടാറ്റ സണ്‍സ് ലിമിറ്റഡിന്റെ നടപടി എന്‍സിഎല്‍ടി (നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍) ശരി വച്ചു. പുറത്താക്കല്‍ നടപടിക്കെതിപെ സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടി തള്ളി. സൈറസ് മിസ്ത്രിയെ പുറത്താക്കാന്‍ ടാറ്റ സണ്‍സിന് അവകാശമുണ്ടെന്ന് എന്‍സിഎല്‍ടി വിധിയില്‍ പറയുന്നു. ടാറ്റ സണ്‍സിനെതിരായ മിസ്ത്രിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എന്‍സിഎല്‍ടിയുടെ വിലയിരുത്തല്‍.

ന്യൂനപക്ഷ ഓഹരി ഉടമകളെ ഒതുക്കിയെന്നും പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടത്തിയെന്നുമെല്ലാം സൈറസ്, ടാറ്റയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. രത്തന്‍ ടാറ്റയും ടാറ്റ സണ്‍സ് ട്രസ്റ്റി എന്‍എ സൂനവാലയും ടാറ്റസണ്‍സ് കമ്പനി ഭരണത്തില്‍ കൈ കടത്തിയിരുന്നതായി സൈറസ് മിസ്ത്രി ആരോപിച്ചിരുന്നു. അതേസമയം ഈ പരാതികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസുമാരായ ബി എസ് വി പ്രകാശ് കുമാറും വി നല്ലസേനാപതിയും നിരീക്ഷിച്ചു.

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ഗ്രൂപ്പിന്റെ ആദ്യ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. 2016 ഡിസംബറില്‍ സൈറസ് മിസ്ത്രിയുടെ കുടുംബ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങള്‍ ടാറ്റ സണ്‍സിനും രത്തന്‍ ടാറ്റയടക്കമുള്ള 20 പേര്‍ക്കും എതിരെ കേസ് ഫയല്‍ ചെയതിരുന്നു. 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി.