X

എല്ലാ തര്‍ക്കങ്ങള്‍ക്കും ഗുസ്തികള്‍ക്കുമൊടുവില്‍ പത്തനംതിട്ടയിലേക്ക് സുരേന്ദ്രന്‍ എത്തിയത് ഇങ്ങനെ

നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രെട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന് പത്തനംതിട്ടയിലേത് മൂന്നാമത്തെ ലോകസഭാ പോരാട്ടമാണ്

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയും ആ വിധി നടപ്പിലാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനവും കേരളത്തില്‍ ബിജെപിക്കു വീണുകിട്ടിയ സുവര്‍ണാവസരമാണെന്ന് കണ്ടെത്തിയത് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തുടര്‍ന്ന് അരങ്ങേറിയ കോലാഹലങ്ങള്‍ക്കു പിന്നില്‍ നിന്നും ചരടുവലിച്ചതും ശ്രീധരന്‍ പിള്ള. അതുകൊണ്ടു തന്നെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഒന്നുകില്‍ കേരളത്തില്‍ ബിജെപിക്കു നല്ല വേരോട്ടമുള്ള തിരുവനന്തപുരത്തു നിന്നോ അല്ലെങ്കില്‍ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നോ മത്സരിക്കണമെന്ന് മോഹിച്ചുപോയതിനു പിള്ളേച്ചനെ കുറ്റം പറയുന്നത് ഒട്ടും ശരിയല്ല. പത്തനംതിട്ടക്ക് വേറെയും കാമുകന്മാരുണ്ടായിരുന്നു. ബിജെപി ജനറല്‍ സെക്രെട്ടറിമാരില്‍ ഒരാളായ എംടി രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പിന്നെ കെ സുരേന്ദ്രനും.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ സുരേന്ദ്രന് തന്നെ നറുക്കു വീണു. ശബരിമല സമരത്തിന് പിന്നില്‍ നിന്നും ചരട് വലിച്ചത് ശ്രീധരന്‍ പിള്ളയാണെന്നതൊക്കെ ശരി തന്നെ. എന്നാല്‍ മുന്നില്‍ നിന്നും സമരം നയിച്ചതും ജയില്‍ വാസം അനുഷ്ഠിച്ചതുമൊക്കെ സുരേന്ദ്രനാകയാല്‍ ശബരിമല സമര നായകന്‍ എന്ന പട്ടം സുരേന്ദ്രന് ചാര്‍ത്തിക്കിട്ടിയതില്‍ അത്ഭുതത്തിനു വകയില്ല. എല്ലാ തര്‍ക്കങ്ങള്‍ക്കും ഗുസ്തികള്‍ക്കുമൊടുവില്‍ പത്തനംതിട്ടയിലേക്കു സുരേന്ദ്രന്‍ എത്തുന്നതും ശബരിമല സമര നേതാവ് എന്ന ലേബലില്‍ തന്നെയാണ്. ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചുറപ്പിച്ചിട്ടുള്ള പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ വരവോടുകൂടി ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

അഭിപ്രായപ്രകടനകളുടെ പേരില്‍ (അത് നേരിട്ടായാലും ഫേസ് ബുക്കിലൂടെയായാലും) വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചിലപ്പോഴൊക്കെ അപഹാസ്യനാവുകയും ചെയ്യാറുണ്ടെങ്കിലും സുരേന്ദ്രന്‍ ഒരു തികഞ്ഞ പോരാളിയാണ്. ആരെയും കൂസാത്ത, ആരോടും തോല്‍വി സമ്മതിക്കാത്ത പോരാളി. പാര്‍ട്ടിയില്‍ വി മുരളീധരന്‍ പക്ഷത്താണെന്നതും ആര്‍എസ്എസിന് പ്രിയങ്കരനാണെന്നതും ശബരിമല സമര ‘നായകന്‍’ എന്ന ലേബലിനൊപ്പം പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വത്തിനു സുരേന്ദ്രന് തുണയായി. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അണികള്‍ എത്രകണ്ട് ആഗ്രഹിച്ചിരുന്നുവെന്നത് ഇന്നലെ മണ്ഡലത്തിലെത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ നിന്നും വ്യക്തം.

നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രെട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന് പത്തനംതിട്ടയിലേത് മൂന്നാമത്തെ ലോകസഭാ പോരാട്ടമാണ്. 2009ലും 2014ലും കാസര്‍കോട് നിന്നും മത്സരിച്ചപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 2009ല്‍ 125482 വോട്ടു നേടിയ സുരേന്ദ്രന്‍ 2014ല്‍ അത് 172826 ആക്കി ഉയര്‍ത്തി. 2016ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു നിന്നും മത്സരിച്ച സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിലാണ് വിജയം നഷ്ടമായത്. കള്ളവോട്ട് ആരോപിച്ചു കേസു നല്‍കിയിരുന്നെങ്കിലും ആ തിരെഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിന്റെ മരണത്തിനു ശേഷം മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ഭീഷണി ഭയന്ന് സാക്ഷികള്‍ കോടതിയില്‍ എത്തുന്നില്ലെന്നാരോപിച്ചു കേസ് അടുത്തിടെ പിന്‍വലിക്കുകയാണുണ്ടായത്.

Read: ശബരിമലയുടെ മണ്ണില്‍ ‘വീരപരിവേഷം’ തുണയ്ക്കുമോ? കെ സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

©

Read: ഒ രാജഗോപാല്‍ കുമ്മനത്തെ തോല്‍പ്പിക്കുമോ?

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on March 26, 2019 5:10 pm