X

വയനാട് വേദിയെ ത്രസിപ്പിച്ച് പി ജെ ജോസഫിന്റെ പാട്ട്; ‘രാഹുല്‍ വരുന്നേ.. വരുന്നേ..’/വീഡിയോ കാണാം

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും ആലത്തൂരില്‍ രമ്യ ഹരിദാസിന് വേണ്ടിയും പ്രചരണം നടത്തിയപ്പോഴും ജോസഫ് പാട്ട് പാടിയിരുന്നു

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ പാട്ട് പാടി കേരളകോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ബത്തേരിയിലെ വേദിയിലാണ് ജോസഫ് പാട്ടുപാടി വേദിയെ ത്രസിപ്പിച്ചത്. രാഹുല്‍ ഗാന്ധിയെക്കുറിച്ചു തന്നെയുള്ള പാട്ടായിരുന്നു ഇത്.

രാഹുല്‍ ഗാന്ധി പ്രസംഗിച്ച് കഴിഞ്ഞയുടനെയായിരുന്നു ജോസഫിന്റെ പാട്ട്. രാഹുലിന്റെ പ്രസംഗം കഴിഞ്ഞയുടനെ പാട്ടെഴുതിയ പേപ്പറുമായി ജോസഫ് എഴുന്നേറ്റ്. രാഹുലിന്റെ അടുത്തു നിന്ന കെ സി വേണുഗോപാല്‍ ജോസഫിനെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ കൂടി അനുവാദത്തോടെ ജോസഫ് പാട്ട് ആരംഭിക്കുകയും ചെയ്തു.

‘രാഹുല്‍ വരുന്നുണ്ടേ രാഹുല്‍ ഗാന്ധി വരുന്നുണ്ടേ,

നമ്മുടെ സാരഥി ധീരനാം നായകന്‍ വയനാട്ടിലെത്തീട്ടുണ്ടേ,
കാത്തിരുന്ന് കണ്ടോളു, ഓര്‍ത്തിരുന്ന് ചെയ്‌തോളു.

ആരൊക്കെ വന്നാലും എന്തൊക്കെ ചെയ്താലും

രാഹുല്‍ജി മുന്നില്‍ തന്നെ, കൈപ്പത്തി മുന്നില്‍ തന്നെ’

പാട്ട് നന്നായി ആസ്വദിച്ച രാഹുല്‍ ജോസഫിനെ അഭിനന്ദിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം വരെ സീറ്റ് പ്രതീക്ഷിച്ചെങ്കിലും ജോസഫിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതിന്റെ വിഷമമൊന്നുമില്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജോസഫ് സജീവമാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും ആലത്തൂരില്‍ രമ്യ ഹരിദാസിന് വേണ്ടിയും പ്രചരണം നടത്തിയപ്പോഴും ജോസഫ് പാട്ട് പാടിയിരുന്നു. അതേസമയം കേരളകോണ്‍ഗ്രസ് മത്സരിക്കുന്ന കോട്ടയത്ത് പ്രചരണത്തില്‍ ജോസഫ് സജീവമല്ല.

This post was last modified on April 17, 2019 1:33 pm