X

വയനാട്ടില്‍ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം: പ്രഖ്യാപനവുമായി രമേശ് ചെന്നിത്തല

ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തല ഒരു പവന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ചത്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂടുതല്‍ കിട്ടാനായി ഒരു പവന്‍ സ്വര്‍ണം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണമെന്നാണ് ചെന്നിത്തലയുടെ വാഗ്ദാനം.

രാഹുലിന് മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ നിന്നായി ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തല ഒരു പവന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ചത്. മുസ്ലിം ലീഗിന്റെ പി കെ ബഷീര്‍ ആണ് ഇവിടുത്തെ എംഎല്‍എ.

ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് ചെന്നിത്തലയുടെ ഒരു പവന്‍ പ്രഖ്യാപനം. കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി കെ ബഷീറും ആര്യാടന്‍ മുഹമ്മദും പ്രഖ്യാപിച്ചിട്ടുണ്ട്.