X

മദ്യ നിരോധനം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫ്

അഴിമുഖം പ്രതിനിധി

മദ്യ നിരോധനം വീണ്ടും ചര്‍ച്ചയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമ്പൂര്‍ണ മദ്യ നിരോധനം യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി. പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം.

നേരത്തെ എല്‍ഡിഎഫിന്റെ മദ്യ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മദ്യ നിരോധനത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാക്കാന്‍ ശ്രമം നടത്തിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ ശ്രമം പാളിയിരുന്നു. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കുമെന്ന് യുഡിഎഫ് പറയുമ്പോള്‍ മദ്യ വര്‍ജ്ജന നയമാണ് സിപിഐഎം മുന്നോട്ടു വയ്ക്കുന്നത്. യുഡിഎഫ് മദ്യ നിരോധനം നടപ്പിലാക്കിയിട്ടില്ലെന്നും മദ്യം കിട്ടുന്ന ഇടങ്ങളുടെ എണ്ണം കുറയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സിപിഐഎം പ്രചരിപ്പിക്കുന്നുണ്ട്.

യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. പാവപ്പെട്ടവര്‍ക്ക് ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്യും, എല്ലാവര്‍ക്കും ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണം, ഭവന വായ്പാ പദ്ധതികള്‍ ഏകോപിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബുധനാഴ്ച യുഡിഎഫ് യോഗത്തിനുശേഷം പ്രകടന പത്രിക പുറത്തിറക്കും.

This post was last modified on December 27, 2016 3:57 pm