X

ബില്‍ അടയ്ക്കാത്ത ഉപഭോക്താവിന്റെ വൈദ്യുതി വിച്ഛേദിക്കണമെങ്കില്‍ ഇനി 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം

അഴിമുഖം പ്രതിനിധി

ബില്‍ അടയ്ക്കാത്ത ഉപഭോക്താവിന്റെ വൈദ്യുതി വിച്ഛേദിക്കണമെങ്കില്‍ ഇനി 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. നിലവില്‍ ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായിട്ടാണ് കെഎസ്ഇബി ഉപഭോക്താവിന് നല്‍കുന്നത്. എന്നാല്‍ ഇനി മുതല്‍ കെഎസ്ഇബിക്ക് ബില്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കണമെങ്കില്‍ 15 ദിവസത്തെ പ്രത്യേക മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമെ സാധിക്കുകയുള്ളൂ.

ഉപഭോക്താവിന് ഇപ്പോള്‍ ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ അടിച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്ട് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണമെന്നാണ്. ഇതുവരെ കെഎസ്ഇബി ഇതു രണ്ടു കൂടി ഒരുമിച്ചാണ് നല്‍കിയിരുന്നത്.

സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ പുതിയ നടപടികള്‍ പ്രാബല്യത്തില്‍ വരും. പുതിയ നടപടി മൂലം ബില്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ കാര്യത്തില്‍ കെഎസ്ഇബി ജനുവരി മുതല്‍ ഇത് പാലിക്കണം. അങ്കമാലി സ്വദേശി ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപ്പെടല്‍.

This post was last modified on December 27, 2016 2:19 pm