X

എന്‍ഡോസള്‍ഫാന്‍ ഇരകളെ ഉമ്മന്‍ ചാണ്ടി വീണ്ടും വീണ്ടും ചതിക്കുന്നു; വി എസ് അച്യുതാനന്ദന്‍

വി എസ് അച്യുതാനന്ദന്‍

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതി വര്‍ഷങ്ങളായി സമരമുഖത്താണ്. ഏവരുടെയും കരുണാര്‍ദ്രമായ സമീപനം ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ സമരരംഗത്ത് നില്‍ക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ജീവിതത്തിന്റെ എല്ലാ ശോഭകളും അപഹരിക്കപ്പെട്ട ഹതഭാഗ്യവാന്മാരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. മനസാക്ഷിയുള്ള ആര്‍ക്കും ഇവരുടെ ആവശ്യങ്ങളോടും ആവലാതികളോടും മുഖംതിരിഞ്ഞു നില്‍ക്കാനാവില്ല. അങ്ങനെ മുഖംതിരിഞ്ഞു നില്‍ക്കുന്ന തീര്‍ത്തും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരാണ്. സത്യത്തില്‍ ഈ സര്‍ക്കാരാണ് ഇവരുടെ ദുരിതങ്ങളില്‍ അല്‍പ്പമെങ്കിലും ആശ്വാസം എത്തിക്കാന്‍ ശ്രമിക്കേണ്ടത്. എന്നാല്‍ നമുക്കറിയാം, ഉമ്മന്‍ചാണ്ടിക്കോ, ഈ സര്‍ക്കാരിനോ ഇതിലൊന്നുമല്ല താല്‍പര്യം. അവരുടെ താല്‍പര്യം എന്താണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ?. അതിന്റെ തെളിവാണല്ലോ ഈ അടുത്ത ദിവസങ്ങളില്‍ ചാനലുകളിലും, പത്രങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഞാന്‍ എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും, കേരള ജനതയ്ക്കാകെയും അറിവുള്ളതാണ്. അവരൊന്നും കളളനു കഞ്ഞിവച്ചവനായ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുകയില്ല. ഞാന്‍ മാപ്പു പറയണമെന്നാണ് മുഖ്യമന്ത്രി തട്ടിവിട്ടിരിക്കുന്നത്. രണ്ടുമൂന്നു ദിവസം മുമ്പാണല്ലോ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി പുറപ്പെടുവിച്ച വിധി നടപ്പാക്കാതിരുന്നതിന് ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും അതിനിശിതമായി വിമര്‍ശിച്ചത്. ഇതിന്റെ ജാള്യത മാറ്റാന്‍ ഇങ്ങനെയൊക്കെ പറയേണ്ടിവരും. മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന സ്ഥിതിയാണല്ലോ ഇപ്പോഴുള്ളത്? എന്‍ഡോസള്‍ഫാന്‍ പീഡിതരെ വീണ്ടും വീണ്ടും ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിനെപ്പോലെ സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് ഇതേ നാളില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദുരിത ബാധിതരായവര്‍ ഇന്നുമുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തുന്നത്. ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സമരം, സമരത്തെ തുടര്‍ന്ന് നല്‍കുന്ന ഉറപ്പുകള്‍ നടപ്പാക്കണമെങ്കില്‍ വീണ്ടും സമരം ചെയ്യേണ്ടി വരിക. ഇതാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ജനങ്ങള്‍ക്ക് ചെയ്യേണ്ടി വരുന്നത്. ഈ നെറികേട് ജീവിതത്തില്‍ ആശയറ്റ ഈ ദുരിതബാധിതരോട് കാട്ടുന്നു എന്നതാണ് ഏറ്റവും ക്രൂരത. 

നേരത്തെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റ് തയ്യാറാക്കുന്നില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തിയിരുന്നു. പിന്നീട് അവര്‍ക്ക് പ്രഖ്യാപിച്ച ദുരിതാശ്വാസം എഴുതി തള്ളുന്നതില്‍ വീഴ്ചവരുത്തി. ഇതുമൂലം ദുരിതബാധിതര്‍ വീണ്ടും ജപ്തി ഭീഷണി നേരിടേണ്ട സ്ഥിതി വരെ ഉണ്ടായി. 

ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം. അതുപോലെ ദുരിതബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളേണ്ടതും ഏറ്റവും അത്യാവശ്യമായ കാര്യമാണ്. കാസര്‍കോട് ജില്ലയിലാണ് ദുരിതബാധിതര്‍ ഉള്ളത് എന്നതുകൊണ്ട് ആവശ്യമായ ചികില്‍സ സൗകര്യങ്ങള്‍ ആ ജില്ലയില്‍ തന്നെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ അസുഖം ബാധിച്ച് അവശരായവരാണല്ലോ അവിടത്തെ ബഡ്‌സ് സ്‌കൂളുകളില്‍ പഠിക്കുന്നത്. അവര്‍ക്കു പോലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ല എന്നുപറഞ്ഞാല്‍ എത്ര മനുഷ്യത്വരഹിതമായ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. 

ശാസ്ത്രീയമായ രീതിയില്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കുക, കേരളാ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തുക, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങി ഏറ്റവും ആവശ്യമായ കാര്യങ്ങള്‍ മാത്രമാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്. ഇവയെല്ലാം തന്നെ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. അത് സര്‍ക്കാര്‍ പാലിക്കാത്തതുകൊണ്ടാണ് നടക്കാനോ, എഴുന്നേല്‍ക്കാന്‍ പോലുമോ കഴിയാത്ത ഈ പാവപ്പെട്ട മനുഷ്യര്‍ നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി അങ്ങ് കാസര്‍കോടു നിന്ന് ഇവിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തി സമരം ചെയ്യുന്നത്. 

ഉമ്മന്‍ചാണ്ടിയോട് ഒന്നേ എനിക്ക് പറയാനുള്ളൂ. ഈ പാവപ്പെട്ട മനുഷ്യരെ ഇങ്ങനെ ഇനിയും കഷ്ടപ്പെടുത്തരുത്. നിങ്ങള്‍ അഴിമതിയിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ ഒരുശതമാനം പോലും വേണ്ട ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍. അതിനു നിങ്ങള്‍ ഇനിയും തയ്യാറാകുന്നില്ലെങ്കില്‍ ഒരുകാലത്തും നിങ്ങള്‍ക്ക് ചരിത്രം മാപ്പുതരില്ല. അതുകൊണ്ട് ഇവരുടെ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഇന്നു തന്നെ ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അത് പഴയതുപോലെ പ്രഖ്യാപനത്തില്‍ ഒതുങ്ങാനും പാടില്ല. പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ ഏറ്റവും വേഗത്തില്‍ സമയബന്ധിതമായി നടപ്പാക്കുകയും വേണം. അത് നിങ്ങള്‍ ചെയ്യുമെന്നാണ് ഞാന്‍ ആശിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ഈ സമരം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. അഭിവാദ്യങ്ങള്‍…

(എന്‍ഡോസള്‍ഫാന്‍ ദുരതബാധിതര്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച അനശ്ചിതകാല പട്ടിണി സമരത്തം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

This post was last modified on December 27, 2016 3:34 pm