X

യന്തിരനു ട്രാഫിക് ബ്ലോക് ഉണ്ടാക്കാമോ? ചോദ്യം ചെയ്ത പത്രഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം

ഇവിടെ ഷൂട്ടിംഗിന് അനുമതി കൊടുത്തിരിക്കുന്നത് രാത്രി 11 മണിക്കും രാവിലെ ആറുമണിക്കും ഇടയിലാണ്.

രജനികാന്ത്-ശങ്കര്‍ ടീമിന്റെ യന്തിരനു(2.0)മായി ബന്ധപ്പെട്ടു പുറത്തുവരുന്ന ചെറിയ കാര്യം പോലും വലിയ വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത് ഒരു വിവാദമാണ്. അതാകട്ടെ മൊത്തം യൂണിറ്റിനെയും നാണംകെടുത്തുന്ന ഒന്നും.

യന്തിരന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പകല്‍ സമയം റോഡില്‍ ബ്ലോക് ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത ഫോട്ടോഗ്രാഫര്‍മാരെ ഷൂട്ടിംഗ് ടീമിനൊപ്പമുള്ള ബൗണ്‍സേഴ്‌സ് മര്‍ദ്ദിച്ചതാണു സിനിമയ്ക്കുമേല്‍ ഉണ്ടാക്കിയിരിക്കുന്ന പുതിയ വിവാദം. ഷൂട്ടിംഗ് യൂണിറ്റിന്റെ കാരവാന്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതു ചോദ്യം ചെയ്ത രംഗനാഥന്‍ എന്ന ഫോട്ടോ ജേര്‍ണലിസ്റ്റിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനെയുമാണ് മര്‍ദ്ദിച്ചത്.

ഇവിടെ ഷൂട്ടിംഗിന് അനുമതി കൊടുത്തിരിക്കുന്നത് രാത്രി 11 മണിക്കും രാവിലെ ആറുമണിക്കും ഇടയിലാണ്. ഈ അനുമതി ലംഘിച്ചുകൊണ്ടാണു പകല്‍ സമയത്ത് ട്രാഫിക് ബ്ലോക് ഉണ്ടാക്കുന്നവിധം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പെരുമാറിയത്. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരു സ്ത്രീ അപകടത്തില്‍ പെട്ടതായതുകൊണ്ടും കാരവാന്‍ മാറ്റിയിടാന്‍ രംഗനാഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു സെറ്റിലുണ്ടായിരുന്നവര്‍ തയ്യാറാകാതിരുന്നതോടെ രംഗനാഥന്‍ തന്റെ കാമറയില്‍ സിനിമാക്കാരുടെ നിയമലംഘനം പകര്‍ത്താന്‍ ശ്രമിച്ചു. ഈ സമയത്താണു ബൗണ്‍സേഴ്‌സ് എന്നറിയപ്പെടുന്ന തടിമാടന്മാരായ കാവല്‍ക്കാര്‍ രംഗനാഥനെ വളഞ്ഞതും അസഭ്യം പറഞ്ഞതും. അനുമതിയില്ലാതെ ഫോട്ടോയെടുത്തെന്നായിരുന്നു അവരുടെ കാരണം, പൊതുസ്ഥലത്തു നടക്കുന്ന നിയമലംഘനം കാമറയില്‍ പകര്‍ത്താന്‍ ആരുടെയും അനുവാദം വേണ്ടെന്നു താനും പറഞ്ഞതായി രംഘനാഥന്‍ പറയുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന ഭരത് എന്ന ഫോട്ടോജേര്‍ണലിസ്റ്റിനെ ബൗണ്‍സേഴ്‌സിന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ മുഖത്തടിച്ചു. കാമറ തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ സമയം ഒരു വനിത പൊലീസ് സംഭവസ്ഥലത്ത് എത്തിയതിനാല്‍ രംഗനാഥനും ഭരതും കൂടുതല്‍ മര്‍ദ്ദനമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് യന്തിരന്‍2 വിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായ പപ്പുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ രജനികാന്ത് ലൊക്കേഷനില്‍ ഇല്ലായിരുന്നു.

This post was last modified on March 22, 2017 3:45 pm