X

മാണിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവുണ്ടെന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. സുകേശന്റെ വെളിപ്പെടുത്തലിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിക്കുകയും ചെയ്തു. മാണിക്കെതിരെ ഈ കേസില്‍ അറുപത് ശതമാനം തെളിവുകള്‍ ഉണ്ടെന്നും വിജിലന്‍സ് നിയമ ഉപദേശകന്‍ അഗസ്റ്റിന്‍ മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് പള്ളി ഇടപെട്ടിട്ടാണെന്നും സുകേശന്‍ പറഞ്ഞു. ഇത്രയും തെളിവ് വച്ച് കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണ്. പാലായില്‍ ചെന്ന് മാണിക്ക് പണം നല്‍കിയതിന്റെ എല്ലാ തെളിവുകളും ഉണ്ടെങ്കിലും കോഴ നല്‍കിയവര്‍ അത് മൊഴിയായി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ധനമന്ത്രിക്കെതിരെ ബാര്‍കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വസ്തുതാവിവര റിപ്പോര്‍ട്ടാണ് സുകേശന്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അഗസ്റ്റിന്റെ നിയമോപദേശമാണ് വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. തന്റെ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുകേശന്‍ ആവശ്യപ്പെട്ടു. അത് ജഡ്ജിമാരടക്കം വായിച്ച് നിലപാട് സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സുകേശന്‍ ഇത്തരത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ പുതുമയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി പരിശോധിക്കുകയാണ്. അദ്ദേഹം അന്തിമ വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് വിജിലന്‍സിന് നടപടി ക്രമങ്ങള്‍ ഉണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ധനമന്ത്രിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപത്രം നിലനില്‍ക്കുമോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും പറഞ്ഞു.

കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കോടിയേരി ആരോപിച്ചു. ആഭ്യന്തര വകുപ്പിനെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനാണ് മാണിയെ സംരക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

This post was last modified on December 27, 2016 3:09 pm