X

ഭാര്യക്കും മകള്‍ക്കും പിന്നാലെ അഴിമതികേസില്‍ ഉള്‍പ്പെട്ട ബികെ ബന്‍സാലും മകനും ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

അഴിമതികേസില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ് മന്ത്രാലയത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ബികെ ബന്‍സാലും മകന്‍ യോഗേഷും(28) ആത്മഹത്യ ചെയ്തു. ബന്‍സാലിന്റെ ഭാര്യ സത്യബാല ബന്‍സാലും(58) മകള്‍ നേഹയും(27) ആത്മഹത്യ ചെയ്തിരുന്നു. സിബിഐ വീട് റെയ്ഡ് ചെയ്തതിലും ബന്‍സാലിന്റെ അറസ്റ്റിലും മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സൂചിപ്പിച്ച രണ്ട് ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു. ജൂലൈ 19 നായിരുന്നു സംഭവം.

ഇന്ന് രാവിലെ ബന്‍സാലിനെയും മകനെയും കിഴക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്‍സാലിനെ ഭാര്യയുടെ മുറിയിലും യോഗേഷിനെ മകളുടെ(നേഹ) മുറിയിലുമാണ് കണ്ടെത്തിയത്.

ഓഗസ്റ്റ് 26-നായിരുന്നു ബന്‍സാല്‍ ജാമ്യത്തിലിറങ്ങിയത്. ജീവിതം മുന്നോട്ടു തന്നെ പോകണമെന്നായിരുന്നു പുറത്തിറങ്ങിയ ബന്‍സാല്‍ പ്രതികരിച്ചത്. ഭാര്യയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകന് വിഷാദരോഗമുണ്ടെന്ന ബന്‍സാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്.

മുബൈയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ കേസില്‍ നിന്ന് ഒഴിവാക്കാനായി 9 ലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ ബന്‍സാലിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നിന്നൊഴിവാക്കാനായി കമ്പനിയോടെ 20 ലക്ഷം രൂപ ബന്‍സാല്‍ ആവശ്യപ്പെട്ടിരുന്നതായാണ് സിബിഐ കണ്ടെത്തിയത്. തുടര്‍ന്ന് സിബിഐ ജൂലൈ 16 ന് എട്ടുകേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ ബന്‍സാലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

 

This post was last modified on December 27, 2016 2:26 pm