X

കൂലി കൊടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ആ ഒരുകോടി രൂപ എവിടെപ്പോയി?

ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഫലം കളക്ടറേറ്റില്‍ വകമാറ്റി ചിലവഴിച്ചുവെന്നും സംശയമുണ്ട്- എക്സ്ക്ലൂസീവ്

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു വര്‍ഷത്തിലേറെയായിട്ടും അതിന്റെ പ്രതിഫലം കൊടുത്തിട്ടില്ലെന്ന് പരാതി. കരാറുകാരും വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിനായി ജോലി ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കോടിക്കണക്കിന് രൂപയാണ് തിരുവനന്തപുരം കളക്ടറേറ്റില്‍ നിന്നും കൊടുക്കാതിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് 1.15 കോടി രൂപ ഈ ആവശ്യത്തിനായി കളക്ടറേറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് അഴിമുഖത്തിനു  ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ ഈ പണം കൊടുക്കാതിരിക്കുന്നത് ആരാണ്? എന്താണ് അതിനു പിന്നില്‍?

28 ഉദ്യോഗാര്‍ത്ഥികളാണ് വീഡിയോ സര്‍വൈലന്‍സ് വിഭാഗത്തില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജോലി ചെയ്തത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ഇവരുടെ ചുമതല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നിടങ്ങളില്‍ പോലും ജീവന്‍ പണയം വച്ചും ജോലി ചെയ്യേണ്ടി വന്നവരാണ് ഇവര്‍. രാഷ്ട്രീയപാര്‍ട്ടികള്‍ ക്രമക്കേട് നടത്തുന്നുണ്ടോ, വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നുണ്ടോ, അനുവദനീയമായതില്‍ കൂടുതല്‍ തുക സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്നുണ്ടോ എന്നിവയാണ് ഇവര്‍ പരിശോധിച്ചിരുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം ചൂടുണ്ടായിരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഈ ചൂടിനെ അവഗണിച്ചായിരുന്നു ഇവരുടെ ജോലി. ആ സമയത്ത് പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് വെയിലത്ത് ജോലി ചെയ്യേണ്ടവര്‍ വിശ്രമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഇവര്‍ക്ക് ആ സമയത്തും ജോലി ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നല്‍കിയ മൂവായിരം രൂപ മാത്രമാണ് ഇവര്‍ക്ക് ആകെ ലഭിച്ച പ്രതിഫലം.

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ഷന്‍ അക്കൗണ്ട്‌സ് വകുപ്പ് മാര്‍ച്ച് മാസത്തില്‍ തന്നെ ഇത് സംബന്ധിച്ച് കളക്ടറേറ്റുകളിലേക്ക് കത്തയച്ചിരുന്നു. വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂവിംഗ് ടീമുകളില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസം കണക്കാക്കി ബാക്കി നല്‍കേണ്ടതായ പ്രതിഫല തുക 2,71,000 രൂപ അനുവദിക്കണമെന്നാണ് മാര്‍ച്ച് ഏഴിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. 2015009910634ഒസി എന്ന ശീഷകത്തില്‍, ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്ത പക്ഷം ഫണ്ട് ലഭ്യമാകുന്നതിന് ആവശ്യമായ നിര്‍ദ്ദേശം സമര്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പിന്നീട് 18.03.2017ല്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ നിന്നും ഈ കത്തിന് അയച്ച മറുപടിയില്‍ ആവശ്യമായ ഫണ്ട് ലഭ്യമല്ലെന്ന് വിശദീകരിക്കുന്നുണ്ട്. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകള്‍ തീര്‍പ്പാക്കുന്നതിന് ഇതേ ശീര്‍ഷകത്തില്‍ ഒരു കോടി എട്ട് ലക്ഷത്തി മുപ്പത്തിയോരായിരത്തി എഴുന്നൂറ്റി എണ്‍പത് രൂപ അനുവദിക്കണമെന്നും കളക്ടറേറ്റില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ പിഡബ്ല്യൂഡി, തെരഞ്ഞെടുപ്പ് ജോലികളുടെ പ്രതിഫലമായി ചോദിച്ച 4,00,778 രൂപയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഫലമായ 2,71,000 രൂപയും ഉള്‍പ്പെടെ ഒരു കോടി പതിനഞ്ച് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത്തിയെട്ട് രൂപ അനുവദിക്കണമെന്നും ഈ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കത്ത് പ്രകാരം ഏപ്രില്‍ 29ന് തിരുവനന്തപുരം ജില്ലയ്ക്ക് ഒരു കോടി പതിനഞ്ച് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത്തെട്ട് രൂപയും ആലപ്പുഴ ജില്ലയ്ക്ക് അമ്പത്തിയൊമ്പത് ലക്ഷത്തി ഇരുപതിനായിരം രൂപയും അനുവദിച്ചതായി ഇലക്ഷന്‍ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ച രേഖയില്‍ പറയുന്നു. എന്നാല്‍ ഈ തുക കളക്ടറേറ്റുകളില്‍ ലഭിച്ച് അഞ്ച് മാസമാകാറായിട്ടും തങ്ങള്‍ക്ക് തുക ലഭിച്ചിട്ടില്ലെന്ന് സര്‍വൈലന്‍സ് ടീമില്‍ ജോലി ചെയ്ത ജെയ്സണ്‍ മാത്യു എന്ന ഉദ്യോഗാര്‍ത്ഥി പറയുന്നു. കളക്ടറേറ്റില്‍ ചെല്ലുമ്പോഴെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തുക ലഭിച്ചില്ലെന്നും അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മറുപടി ലഭിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ലഭിച്ച തുക മറച്ചുവച്ചാണ് ഉദ്യോഗാര്‍ത്ഥികളോട് ഇങ്ങനെ പറയുന്നതെന്ന് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ കാലം മുതല്‍ ജെയ്സണും മറ്റ് പന്ത്രണ്ട് പേരും പ്രതിഫലത്തിനായി കളക്ടറേറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും കയറിയിറങ്ങി നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫണ്ട് അനുവദിച്ചുവെന്ന് അവര്‍ പറയുമ്പോഴും ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് കളക്ടറേറ്റില്‍ നടത്തുന്ന അന്വേഷണങ്ങളില്‍ ലഭിക്കുന്ന മറുപടി. തങ്ങള്‍ ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിഫലം നല്‍കാത്തതിന്റെ കാരണം തിരക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് കത്തയച്ചിരിക്കുകയാണ്. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഫലം കളക്ടറേറ്റില്‍ വകമാറ്റി ചിലവഴിച്ചുവെന്നും സംശയമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഫണ്ട് അനുവദിച്ചുവെന്ന് സമ്മതിക്കുന്ന കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് സെല്‍ അതേസമയം ഹെഡ് ഓഫ് അക്കൗണ്ട് മാറി പോയതിനാല്‍ ഈ പണം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് പറയുന്നു. ഹെഡ് ഓഫ് അക്കൗണ്ട് മാറ്റി അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റം തങ്ങളുടെ മേല്‍ ആരോപിച്ച് തടിതപ്പാനാണ് ശ്രമിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് സെല്‍ ജൂനിയര്‍ സൂപ്രണ്ട് എ വിജയന്‍ അഴിമുഖത്തോട് പറഞ്ഞു. ഇതില്‍ ഒരു കരാറുകാരന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിയമനടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും വിജയന്‍ വ്യക്തമാക്കി.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on September 20, 2017 10:40 am