X

Explainer: എന്തുകൊണ്ട് ബേബി പൗഡറിൽ കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസ് സാന്നിധ്യമുണ്ടെന്ന കാര്യം ജോൺസൺ ആൻഡ് ജോണ്‍സൺ ഒളിച്ചുവെച്ചു?

കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ആസ്ബസ്റ്റോസുമായുള്ള സമ്പർക്കം.

ജോൺസൺ ആൻഡ് ജോണ്‍സൺ കമ്പനി വീണ്ടും വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഉൽപന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രശ്നം തന്നെയാണ് ഇത്തവണയും ജോൺസൺ കമ്പനിയെ കുടുക്കിയിരിക്കുന്നത്. ഇവർ പുറത്തിറക്കുന്ന വിഖ്യാതമായ ബേബി ടാൽകം പൗഡറിൽ ആസ്ബസ്റ്റോസ് കലർന്നതു സംബന്ധിച്ച ശക്തമായ തെളിവുകള്‍ പുറത്തു കൊണ്ടു വന്നിരിക്കുകയാണ് റോയിട്ടേഴ്സ് ഒരു അന്വേഷണ റിപ്പോർട്ടിലൂടെ. ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾക്ക് കോടതി വ്യവഹാരങ്ങളിൽ സഹായകമാകുന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.

എന്താണ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറുമായി ബന്ധപ്പെട്ട പുതിയ വിവാദം?

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ചെറിയ തോതിൽ ആസ്ബസ്റ്റോസ് കലര്‍ന്നിട്ടുണ്ടെന്ന വസ്തുത കമ്പനിക്ക് വ്യക്തമായി അറിയാമായിരുന്നു എന്ന റിപ്പോർട്ട് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ചു. ഡിസംബർ 14നാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. ദശകങ്ങൾക്കു മുമ്പു തന്നെ കമ്പനി നടത്തിയ ടെസ്റ്റുകളിൽ ആസ്ബസ്റ്റോസ് സാന്നിധ്യം വ്യക്തമായിരുന്നെന്ന് റോയിട്ടേഴ്സിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു. വർഷങ്ങൾക്കു മുമ്പുള്ള കോടതി രേഖകളും കമ്പനി മെമ്മോകളുമെല്ലാം റോയിട്ടേഴ്സ് റിപ്പോർട്ടർ ലിസ ഗിരിയോൺ പരിശോധനയ്ക്ക് വിധേയമാക്കി. കമ്പനി ഇക്കാര്യം ഒരു ഘട്ടത്തിൽ പോലും ഈ വിവരങ്ങൾ പുറത്തുവരാൻ അനുവദിക്കുകയുണ്ടായില്ല.

ബേബി പൗഡറിൽ ആസ്ബസ്റ്റോസ് അംശമുള്ളത് വിവാദമാകുന്നതെന്തുകൊണ്ട്?

കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് ആസ്ബസ്റ്റോസുമായുള്ള സമ്പർക്കം. ചെറിയ കുട്ടികൾക്ക് ആസ്ബസ്റ്റോസ് സമ്പർക്കമുണ്ടാകുന്നത് ഭാവിയിൽ ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ 1930കളിൽ തന്നെ പുറത്തുവന്നിരുന്നു.

എന്താണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പ്രതികരണം?

റോയിട്ടേഴ്സിന്റെ റിപ്പോർട്ടിനെ ‘ഗൂഢാലോചനാ സിദ്ധാന്തം’ എന്നാണ് ജോൺസൺ ആൻഡ് ജോൺസണ്‍‌ വിശേഷിപ്പിച്ചത്. ഏകപക്ഷീയമായ വിവരണങ്ങളെന്നും റിപ്പോർട്ടിനെ അവർ വിശേഷിപ്പിച്ചു. ഒരു ലക്ഷത്തിലധികം പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനങ്ങളിൽ തങ്ങളുടെ ടാൽക് കാൻസറിനോ ആസ്ബെസ്റ്റോസുമായി ബന്ധപ്പെട്ട രോഗങ്ങൾക്കോ കാരണമാകില്ലെന്ന് വെളിപ്പെട്ടിട്ടുണ്ടെന്നും ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞു.

കമ്പനി നേരിടുന്ന വിപണി പ്രതിസന്ധി

തുടർച്ചയായി സമാനമായ ആരോപണങ്ങൾ നേരിട്ടു വരികയാണ് ജോൺസൺ ആൻഡ് ജോൺസൺ. ഉൽപന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ളവയാണ് ആരോപണങ്ങളെല്ലാം തന്നെ. ഇക്കാരണത്താൽ കമ്പനി ഓഹരിവിപണിയിൽ കടുത്ത പ്രത്യാഘാതങ്ങളാണ് നേരിടുന്നത്. കമ്പനിയുടെ വിപണിമൂല്യത്തിൽ വെള്ളിയാഴ്ച സംഭവിച്ചത് 39.8 ബില്യൺ ഡോളറിന്റെ നഷ്ടമാണ്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും മോശമായ വിൽപന നടന്ന ദിവസമായിരുന്നു ഡിസംബർ 15.

ഉപഭോക്താക്കളുടെ പ്രതികരണം

തങ്ങളുടെ ഉൽപന്നം കാൻസറിന് കാരണമായേക്കുമെന്ന് അറിഞ്ഞിട്ടും കുട്ടികളുടെ ശരീരത്തിൽ അത് പ്രയോഗിക്കാനായി മാതാപിതാക്കളെ പ്രേരിപ്പിച്ച ജോൺസൺ ആൻഡ് ജോണസൺ‌ കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയ ആക്രമണമാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെ അമ്മയുടെ മരണത്തിന് കാരണം ജോൺസന്റെ ടാൽകം പൗഡറാണോയെന്ന് സംശയിക്കുന്നതായി ഡേവിഡ് ലാമി എന്ന ട്വിറ്റർ ഉപയോക്താവ് പറയുന്നു. ജോൺസൺ ഉൽപന്നങ്ങൾ ഇനിയൊരിക്കലും വാങ്ങില്ലെന്നാണ് മറ്റുചിലർ പറയുന്നത്.

2017ൽ കാലിഫോർണിയയിൽ ഒവേറിയൻ കാൻസർ ബാധിച്ച ഒരു സ്ത്രീക്ക് 417 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടിരുന്നു. ബേബി പൗഡർ ഉപയോഗിച്ചതിൽ നിന്നാണ് തനിക്ക് കാൻസർ വന്നതെന്ന പരാതിക്കാരിയുടെ അവകാശവാദം കോടതി ശരിവെക്കുകയായിരുന്നു. എന്നാൽ ഈ വിധി അപ്പീലിൽ തിരിഞ്ഞുവന്നു. തങ്ങളുടെ ഉൽപന്നം രോഗകാരിയാകുമെന്ന് മുന്നറിയിപ്പ് നൽകേണ്ട ഉത്തരവാദിത്വം ജോൺസൺ കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2016ൽ ഇതേ കാരണം ചൂണ്ടിക്കാട്ടി സെന്റ് ലൂയിസിലെ ഒരു കോടതി പരാതിക്കാരായ 22 സ്ത്രീകൾക്ക് 4.7 ബില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഏതാണ്ട് 9000 സ്ത്രീകൾ സമാനമായ പരാതികളുമായി രംഗത്തുണ്ട്.

ജോൺസൺ കമ്പനിക്കെതിരായ ബഹിഷ്കരണം ആഹ്വാനം വിജയിക്കുമോ?

സമാനമായ ആരോപണങ്ങൾ ജോൺസൺ കമ്പനിക്കെതിരെ വളരെ നേരത്തെ തന്നെ വന്നു തുടങ്ങിയിരുന്നതാണ്. കമ്പനിയുടെ സൽപേരിന് വലിയ കളങ്കം സംഭവിച്ചു കഴിഞ്ഞെങ്കിലും അതൊരു നിലനിൽപ്പിന്റെ പ്രതിസന്ധിയിലേക്ക് വളർന്നിട്ടില്ല. ഉപഭോക്താക്കൾ ബഹിഷ്കരണ ആഹ്വാനം നടത്തുന്നുണ്ടെങ്കിലും അഥ് വിജയിപ്പിച്ചെടുക്കുക പ്രയാസമായിരിക്കും. ടൈലിനോൾ, അവീനോ, ബാൻഡ് എയ്ഡ് തുടങ്ങിയ നിരവധി കമ്പനികൾ ജോൺസൺ ആൻഡ് ജോൺസന്റെ ഉപബ്രാൻഡുകളായിട്ടുണ്ട്.

എങ്ങനെയാണ് ആസ്ബസ്റ്റോസ് സമ്പർക്കം ലോകത്ത് വളർന്നത്?

ഖനനത്തൊഴിലാളികളും നിർമാണത്തൊഴിലാളികളുമാണ് ആസ്ബസ്റ്റോസുമായി ഏറെ സമ്പർക്കം പുലർത്തിയിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ആസ്ബസ്റ്റോസ് ഉപയോഗം വൻതോതിൽ വളർന്നു. പടിഞ്ഞാറൻ നാടുകളിലാണ് ഇത് ഏറെയും സംഭവിച്ചത്. പിന്നീട് തൊഴിലാളികൾക്കു വേണ്ടിയുള്ള നിയമങ്ങൾ ശക്തമായതോടെ ആസ്ബസ്റ്റോസ് ഉപയോഗം കുറഞ്ഞു. 60കളിലും 70കളിലും ദീർഘകാലം ആസ്ബസ്റ്റോസ് സമ്പർക്കമുണ്ടായ മനുഷ്യർ പിന്നീട് കാൻസർ അടക്കമുള്ള വലി രോഗങ്ങളുമായി മല്ലിടേണ്ടി വന്നു. ആസ്ബസ്റ്റോസിന്റെ ഈ പ്രശ്നം തൊഴിലാളികളെ മാത്രമല്ല ബാധിച്ചതെന്നാണ് ജോൺസൺ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ വ്യക്തമായത്. സമൂഹത്തിലെ വരേണ്യവിഭാഗത്തെയും ആസ്ബസ്റ്റോസ് സമ്പർക്കം മൂലമുള്ള രോഗങ്ങൾ ബാധിക്കുകയുണ്ടായി. ഇതിന് വഴിയൊരുക്കിയത് ജോൺസൺ ആൻഡ് ജോൺസൺ ആണ്.

എങ്ങനെയാണ് റോയിട്ടേഴ്സ് ഈ തങ്ങളുടെ വാദങ്ങൾ തെളിയിക്കുന്നത്?

കോടതികളിൽ സമര്‍പ്പിക്കപ്പെട്ട വിവിധ രേഖകള്‍ക്കൊപ്പം കമ്പനി മ്മെമോകൾ അടക്കമുള്ള, പൊതുജനത്തിന് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത രേഖകളെ ആധാരമാക്കിയാണ് റോയിട്ടേഴ്സ് റിപ്പോർട്ട് തയ്യാറാക്കിയത്. ആയിരക്കണക്കിന് രേഖകൾ റോയിട്ടേഴ്സ് സംഘടിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. 1971 മുതൽ 2000 വരെയുള്ള കമ്പനി രേഖകൾ തെളിയിക്കുന്നത് തങ്ങളുടെ ടാൽക് ടെസ്റ്റുകളിൽ പലവട്ടം ആസ്ബസ്റ്റോസ് പൊസിറ്റീവ് ആണെന്ന് കാട്ടിയിട്ടുണ്ടെന്നാണ്. കമ്പനിയുടെ ഉദ്യോഗസ്ഥരും മാനേജർമാരും ശാസ്ത്രജ്ഞരും ഡോക്ടർമാരും വക്കീലന്മാരുമെല്ലാം ഈ പ്രശ്നത്തെ എങ്ങനെ നേരിടാമെന്ന് ചർച്ച ചെയ്യുന്ന രേഖകളാണ് റോയിട്ടേഴ്സിന് ലഭിച്ചത്.

അമേരിക്കൻ ജനപ്രതിനിധികളെ സ്വാധീനിക്കാൻ ജോൺസൺ കമ്പനി നടത്തിയ ശ്രമങ്ങൾ സംബന്ധിച്ച വിവരങ്ങളും റോയിട്ടേഴ്സ് പുറത്തു കൊണ്ടു വന്നു. പലരെയും കമ്പനിക്ക് സ്വാധീനിക്കാനും കഴിഞ്ഞു.

ജോൺസൺ ആൻഡ് കോൺസനെതിരായ മറ്റ് ആരോപണങ്ങൾ?

ജോൺസൺ ആൻഡ് ജോൺസന്റെ കൃത്രിമ ഇടുപ്പെല്ല് ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മ ഒരു ലക്ഷത്തോളം പേരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയുണ്ടായി. DePuy (Deputy International Limited) എന്ന ഉപ ബ്രാൻഡിലൂടെയാണ് ജോണ്‍സൺ കമ്പനി ഈ ഉൽപന്നം പുറത്തിറക്കിയിരുന്നത്. യുകെ ആസ്ഥാനമാക്കിയാണ് ഈ ഉപബ്രാൻഡ് പ്രവർത്തിക്കുന്നത്. ഈ ഉപകരണത്തിലെ ദ്രവ്യഭാഗങ്ങൾ ദ്രവിക്കുകയും അത് ശരീരത്തിന്റെ ആന്തരഭാഗങ്ങളിലേക്ക് ഒലിച്ചിറങ്ങി ശരീരത്തെ വിഷലിപ്തമാക്കുകയും ചെയ്തു. ഉപകരണം ഘടിപ്പിച്ച സന്ധികളിലെ മൃദുല കോശങ്ങളെല്ലാം നശിച്ചു. ചില രോഗികൾക്ക് ഇത് ദീർഘകാലത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കി. ഉപകരണത്തിന്റെ ദ്രവ്യഭാഗങ്ങളിൽ നിന്നും പുറത്തുവന്ന കോബാൾട്ട്, ക്രോമിയം എന്നിവ രക്തത്തിലേക്കും സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിലേക്കും കലര്‍ന്നു.

അംഗീകാരമില്ലാത്ത സൈക്യാട്രിക് മരുന്നുകള്‍ വിപണിയിലെത്തിക്കുകയും ഇവ വിറ്റഴിക്കാനായി ഡോക്ടർമാർക്ക് കൈക്കൂലി നൽകുകയും ചെയ്യുകയുണ്ടായി ജോൺസൺ കമ്പനി. ഈ കേസിലും 2.2 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവന്നു. ക്ഷമാപണവും നടത്തി. നിയമപരമല്ലാത്ത മാർഗങ്ങളുപയോഗിച്ച് തങ്ങളുടെ ചില മരുന്നുകളുടെ വില കൂട്ടാൻ കമ്പനി ശ്രമിച്ചതും കോടതിയുടെ വിമർ‌ശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരം നിരവധി ആരോപണങ്ങളാണ് ജോൺസൺ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സംഭവത്തിൽ കുടുങ്ങിയവരിൽ ധാരാളം പേർ ഇന്ത്യാക്കാരാണ്.

ആരാണ് ജോൺസൺ ആൻഡ് ജോൺസൻ കമ്പനി?

അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ. വൈദ്യചികിത്സാ ഉപകരണ നിർമാണത്തിലും, മരുന്നു നിർമാണത്തിലും ഭക്ഷ്യോൽപ്പന്നങ്ങളിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കമ്പനി സ്ഥാപിക്കപ്പെട്ടിട്ട് 132 കൊല്ലങ്ങൾ പിന്നിട്ടു.

ഇന്ത്യയിലെ രോഗബാധ

ജോൺസൺ ആൻഡ് ജോൺസൺ ടാൽകം ഉപയോഗിച്ച് കാൻസർ ബാധയോ മറ്റ് രോഗങ്ങളോ പിടിപെട്ടതായി ഇതുവരെ ഇന്ത്യയിൽ നിന്നും ആരോപണമുയർന്നിട്ടില്ല. ഇന്ത്യയിലും ഈ ഉൽപന്നം വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും ആരോപണം തെളിയിക്കുക ഏറെ ദുഷ്കരമാണ്. അതെസമയം ജോൺസൺ കമ്പനിയുടെ ഡിപൈ ഇടുപ്പെല്ല് ഉപയോഗിച്ച് കുടുങ്ങിയ കുറെപ്പേർ പരാതിയുമായി എത്തിയിരുന്നു. ആഗോളതലത്തിൽ 93,000 പേരാണ് ജോൺസൺ കമ്പനിയുടെ ഇടുപ്പെല്ല് സ്ഥാപിച്ച് രോഗികളായത്. ഇതിൽ 4700 പേർ ഇന്ത്യാക്കാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

This post was last modified on December 16, 2018 6:02 pm

Related Post
Leave a Comment