X

ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി

രാജപക്‌സ ഇന്നലെ രാജി വച്ചിരുന്നു.

ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്ഥാനത്ത് തിരിച്ചെത്തി. പ്രസിഡന്റിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സിരിസേന, വിക്രമസിംഗേയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 26ന് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുഎന്‍പിക്കുളള പിന്തുണ സിരിസേനയുടെ പാര്‍ട്ടി പിന്‍വലിക്കുകയും വിക്രസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നീക്കുകയുമായിരുന്നു. മുന്‍ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദ രാജപക്‌സയെ പ്രധാനമന്ത്രിയാക്കിയത് ശ്രീലങ്കയില്‍ ഭരണഘടനാപ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ യുഎന്‍പിയെ തഴഞ്ഞ്, വിക്രമസിംഗെയെ മാറ്റി പകരം രാജപക്‌സയെ നിയമിച്ചത് വിമര്‍ശനവും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. സ്പീക്കര്‍ കാരു ജയസൂര്യ അടക്കമുള്ളവര്‍ പ്രസിഡന്റിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ സുപ്രീം കോടതിയും പ്രസിഡന്റിന്റെ തീരുമാനം തള്ളിയിരുന്നു. പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിക്കാനുള്ള വിക്രമസിംഗെയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എതിര്‍കക്ഷികള്‍ രാജപക്‌സയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാസാക്കുകയും ചെയ്തു. അതേസ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രാജപക്‌സ ഇന്നലെയാണ് രാജി വച്ചത്.

This post was last modified on December 16, 2018 3:48 pm