X

Explainer: ഹോങ്കോങ് പ്രക്ഷോഭത്തിനു മേൽ തീവ്രവാദ പട്ടം ചാർത്തിക്കൊടുത്ത ചൈനയുടെ നീക്കം സൈനിക നടപടിയുടെ മുന്നോടിയോ?

കഴിഞ്ഞദിവസം വിമാനത്താവളത്തിൽ നിന്നും പ്രക്ഷോഭകർ പിൻവാങ്ങി. പൊതുവികാരം തങ്ങൾക്കെതിരാകുന്നു എന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഇത്.

തങ്ങളുടെ നാടിന്റെ ജനാധിപത്യ വ്യവസ്ഥ തകർത്ത് ചൈനയുടെ തൊഴിലാളി സർവ്വാധിപത്യം സ്ഥാപിക്കാൻ ശ്രമം
നടക്കുന്നുവെന്നാണ് ഹോങ്കോങ്ങിൽ‌ ഇപ്പോൾ പ്രക്ഷോഭം നടത്തുന്നവർ പറയുന്നത്. ഇവരെ ‘ജനാധിപത്യ വാദികൾ’ എന്നാണ്
പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ഹോങ്കോങ് തങ്ങളുടെ കുറ്റവാളികളെ കൈമാറുന്ന നിയമം ഭേദഗതി ചെയ്യുന്നതാണ്
ഇവരുടെ പരാതിക്ക് കാരണം. നിലവിൽ യുഎസ്സും യുകെയുമടക്കം ഇരുപത് രാജ്യങ്ങളുമായി ഈ ബിസിനസ് നഗരം
കുറ്റവാളികളെ കൈമാറുന്ന ഉടമ്പടിയിൽ ഒപ്പു വെച്ചിട്ടുണ്ട്. എന്നാൽ, ചൈനയുമായി ഇത്തരമൊരു കരാർ നിലവിലില്ല.
ചൈനയുമായും തായ്‌വാനുമായും മകാവുവുമായും ഒരു ഉടമ്പടിയിലെത്താൻ ഹോങ്കോങ് ഭരണാധികാരികൾ നീക്കം
തുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. നിലവിലെ കുറ്റവാളി കൈമാറ്റനിയമം ഭേദഗതി ചെയ്യുന്നതിനെ അവർ
ശക്തമായി എതിർക്കുന്നു.

സമരം അക്രമാസക്തമാണോ?

തുടക്കത്തിൽ തികച്ചും സമാധാനപരമായിരുന്നും ഈ സമരം. ഒരു ആംബുലൻസിന് പോകാനായി സമരക്കാർ അതിവേഗം
വഴിയൊഴിഞ്ഞു കൊടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിന് ഉദാഹരണമായി പലപ്പോഴും എടുത്തു കാണിക്കപ്പെട്ടു.
എന്നാൽ പിന്നീട് അക്രമ സംഭവങ്ങളും അരങ്ങേറാൻ തുടങ്ങി. ജൂലൈ ആദ്യത്തിൽ നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയ
ഒരു ചെറിയ സംഘം ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന്റെ ചില്ലുവാതിലുകൾ തകര്‍ത്ത സംഭവമുണ്ടായി. അകത്ത്
ഇടിച്ചുകയറിയവർ പാർലമെന്റിന്റെ സെൻട്രൽ ചേംബറില്‍ സ്പ്രേ പെയിന്റ് കൊണ്ട് മുദ്രാവാക്യങ്ങളെഴുതി. നഗരത്തെ 1997-ൽ
ചൈനയുടെ കീഴിലേക്കു മടക്കിക്കൊണ്ടുവന്നതിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനങ്ങളാണ്
ചിലയിടങ്ങളില്‍ അക്രമാസക്തമായത്. സമൂഹ മാധ്യമങ്ങള്‍ നിറയെ പ്രതിഷേധക്കാര്‍ അഹിംസാത്മക രീതികളിലേക്ക്
മടങ്ങിവരണമെന്ന അഭ്യർത്ഥനകൾ നിറഞ്ഞു. അക്രമത്തെ അപലപിച്ച ഹോങ് കോങ് ഭരണാധിപ കാരി ലാം പോലീസ്
സ്വീകരിച്ച സംയമനത്തെ അഭിനന്ദിച്ച് സംസാരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളിലൊരാളുടെ കണ്ണ് പൊലീസ് ആക്രമണത്തിൽ നഷ്ടമായതിൽ പ്രതിഷേധിച്ച് ‘കണ്ണ് തിരികെ
നൽകുക’ എന്ന മുദ്രാവാക്യവുമായി പ്രക്ഷോഭകാരികൾ ഹോങ്കോങ് വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങി. ലോകത്തിലെ
ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വിമാനത്താവളത്തില്‍
തമ്പടിച്ചത്. പോലീസും പ്രക്ഷോഭകരും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ലാത്തി വീശിയ പോലീസ് കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
സംഘര്‍ഷം രൂക്ഷമായതോടെ എല്ലാ വിമാനസർവീസുകളും റദ്ദാക്കി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ പ്രതിഷേധക്കാർ
വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്.

എന്താണ് പ്രക്ഷോഭകർ ഇപ്പോൾ പറയുന്നത്?

കഴിഞ്ഞദിവസം വിമാനത്താവളത്തിൽ നിന്നും പ്രക്ഷോഭകർ പിൻവാങ്ങി. പൊതുവികാരം തങ്ങൾക്കെതിരാകുന്നു എന്ന്
തിരിച്ചറിഞ്ഞതോടെയായിരുന്നു ഇത്. പ്രക്ഷോഭകർ പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു.

ചൈനയുടെ പുതിയ പ്രതികരണമെന്താണ്?

പ്രക്ഷോഭകാരികളെ ഭീകരരെന്നാണ് ചൈന കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി
വരുമെന്ന മുന്നറിയിപ്പും ചൈന നല്‍കി. സംയമനത്തിന്റെ ഭാഷയില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നും ചൈന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന് സര്‍വിസുകള്‍ റദ്ദാക്കേണ്ടി
വന്നതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്. സൈനിക നടപടികള്‍ക്ക് മുന്നോടിയായി ഷെന്‍സന്‍ സ്റ്റേഡിയത്തിലെ
പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കി. ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ അമേരിക്കക്ക്
പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. സൈനിക വിന്യാസം ആശങ്കാജനകമാണെന്ന് യുഎസ് വ്യക്തമാക്കി.
പ്രക്ഷോഭകരോട് ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമെന്നാണ് യുഎസ് ആവശ്യം. ആയുധങ്ങളുമേന്തിയാണ്
പ്രക്ഷോഭകര്‍ എത്തുന്നതെന്ന് ചൈന ആരോപിക്കുന്നു.

സാഹചര്യങ്ങള്‍ അനിയന്ത്രിതമായി തുടരുകയാണെങ്കില്‍ ‘പരിഹരിക്കാൻ മാര്‍ഗ്ഗങ്ങളും ശക്തിയും’ ഉണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘കൊളോണിയൽ മനോഭാവം’ വെച്ചു പുലർത്തിക്കൊണ്ടാണ് ചില ബ്രിട്ടീഷ് രാഷ്ട്രീയക്കാർ ഹോങ്കോങ്ങില്‍ ഇടപെടലുകള്‍ നടത്തുന്നതെന്നും ചൈനീസ് അധികൃതർ അരോപിച്ചു. യുകെയിലെ ചൈനയുടെ അംബാസഡർ ലിയു സിയാമിംഗ് ആണ് രൂക്ഷ വിമർശനം ഉയർത്തി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക നടപടികൾക്ക് മുന്നോടിയായി തെക്കൻ ചൈനീസ് നഗരമായ ഷെന്സന്‍സിലെ സ്റ്റേഡിയത്തിലുള്ള പാർക്കിങ്ങ് ഗ്രൗണ്ടില്‍ അർദ്ധസൈനിക വിഭാഗത്തെ രംഗത്തിറക്കിയതായുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ‘തീവ്രവാദികളാ’ണ് ജനാധിപത്യ അനുകൂല പ്രവർത്തകര്‍ എന്ന വ്യാജേന സമരം ചെയ്യുന്നതെന്ന് ആരോപിച്ച അംബാസഡർ തല്‍ക്കാലം ‘കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ചൈന തയ്യാറല്ലെന്നും’ വ്യക്തമാക്കുന്നു.

‘സംഘർഷം നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലത്. അല്ലെങ്കില്‍ ഏറ്റവും മോശമായ രീതിയില്‍ അത് ചെയ്യിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’- അദ്ദേഹം തുറന്നടിച്ചു. ഹോങ്കോങ്ങിലെ ജനങ്ങളോട് ‘മാനുഷികമായി’ പെരുമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൊണാൾഡ് ട്രംപ് ചെയ്ത ട്വീറ്റിനേയും ലിയു തള്ളി.

എന്താണ് ഹോങ്കോങ്-ചൈന കുറ്റവാളികളെ കൈമാറൽ ഭേദഗതി നിയമം?

ഹോങ്കോങ്ങിന്റെ കുറ്റവാളികളെ കൈമാറൽ നിയമത്തിലെ ‘ലൂപ്പ്ഹോളുകൾ’ നീക്കുകയും ക്രിമിനലുകള്‍ നഗരത്തെ സുരക്ഷിത
താവളമാക്കുന്ന സ്ഥിതിയിൽ മാറ്റം വരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കാരി ലാം
പറയുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ ഹോങ്കോങ്ങുകാർ തയ്യാറല്ല. നഗരത്തെ കൂടുതൽ അധീനപ്പെടുത്താനുള്ള
മെയിൻലാൻഡിന്റെ, ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് ഹോങ്കോങ്ങിലെ ബഹുഭൂരിപക്ഷവും
കരുതുന്നത്. അവരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അവർക്ക് കൃത്യമായറിയാം.
ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കും. ശേഷം മെയിൻലാൻഡിലേക്ക് കൊണ്ടുപോകും.
പുറംലോകത്തിന് വ്യക്തമായറിയാത്ത നിയമസംവിധാനങ്ങളിൽ കുടുക്കി പീഡിപ്പിക്കും. ഈ ഭീതിയാണ് ഹോങ്കോങ്ങുകാരെ
ഒന്നടങ്കം തെരുവിലിറക്കിയിരിക്കുന്നത്.

നഗരത്തിന്റെ നീതിന്യായപരമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ചൈനയുടെ പദ്ധതിയെന്നാണ് ആരോപണം.
ജൂലൈ മാസത്തിനു മുമ്പ് ഭേദഗതി ബിൽ പാസ്സാക്കിയെടുക്കാനുള്ള നീക്കമാണ് കാരീ ലാം നടത്തുന്നത്. കുറ്റവാളികളെ
കൈമാറാനുള്ള നിയമം പ്രാബല്യത്തില്‍ വന്നാല്‍ ചൈനക്ക് ഹോങ്കോങ്ങിലുള്ള അവരുടെ രാഷ്ട്രീയ എതിരാളികളെ
പീഡിപ്പിക്കാന്‍ എളുപ്പമാകും.

എന്തൊക്കെയാണ് നിർദ്ദിഷ്ട ഭേദഗതികൾ?

ചൈന, മകാവു, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളെ കൈമാറൽ അപേക്ഷകൾ സ്വീകരിക്കാൻ പാകത്തിൽ
നിയമഭേദഗതി വരുത്തുകയാണ് ഹോങ്കോങ് ചെയ്യുന്നത്. ഈ അപേക്ഷകളിൽ ഓരോന്നായി തീർപ്പ് കൽപ്പിക്കാനുള്ള
വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഈ കൈമാറ്റ അപേക്ഷകൾ അനുവദിക്കണോയെന്നതിൽ അവസാന തീർപ്പ് ഹോങ്കാങ്ങിലെ
കോടതികളാണെന്നും രാഷ്ട്രീയപരമായതും മതപരമായതുമായ കുറ്റങ്ങള്‍ ചെയ്തവരെ കൈമാറില്ലെന്നും ഹോങ്കോങ്
അധികാരികൾ പറയുന്നുണ്ട്. കൂടാതെ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്തവരെ മാത്രമേ കൈമാറൂ എന്നും
ഹോങ്കോങ് പറയുന്നു.

എന്നാൽ ഇത് വിശ്വസിക്കാൻ ജനങ്ങൾ തയ്യാറായിട്ടില്ലെന്നാണ് പ്രക്ഷോഭത്തിന്റെ വലിപ്പം കാണിക്കുന്നത്. ചൈനയിൽ
അന്യായമായ തടങ്കലുകളും നീതിരഹിതമായ വിചാരണകളും പീഡനങ്ങളുമാണ് ഹോങ്കോങ്ങുകാർ നേരിടാൻ പോകുന്നതെന്ന്
അവർ ഭയപ്പെടുന്നുണ്ട്.

എന്താണ് ചൈനയുടെ പ്രതികരണം?

ചൈനയുടെ ഔദ്യോഗിക പത്രമായ ചൈന ഡെയ്‌ലി പറയുന്നതു പ്രകാരം വിദേശശക്തികളാണ് പ്രതിഷേധത്തിന്
കാരണമായിരിക്കുന്നത്. ഹോങ്കോങ്ങിൽ പ്രശ്നമുണ്ടാക്കി ചൈനയെ പ്രശ്നത്തിലാക്കുകയാണ് വിദേശശക്തികൾ. സത്യസന്ധമായി
ആലോചിക്കുന്ന ഏതൊരാളും ഈ ഭേദഗതി ബില്ലിനെ നിയമപരവും യുക്തിസഹവുമെന്ന് വിലയിരുത്തുമെന്നും ചൈന
അവകാശപ്പെടുന്നു.

അതെസമയം ഈ സമരം ഇനിയെങ്ങോട്ട് എന്ന ചോദ്യം പ്രസക്തമായി നിൽക്കുകയാണ്. അന്തർദ്ദേശീയ തലത്തിൽ തങ്ങൾക്കുള്ള പിന്തുണ പക്ഷെ രാജ്യത്തിനകത്ത് ഏത്രത്തോളം ഉപയോഗപ്രദമാകുമെന്നത് കണ്ടു തന്നെ അറിയണം. ആവശ്യമെങ്കിൽ ബലപ്രയോഗത്തിനും തയ്യാർ എന്ന നിലയിലാണ് ചൈന. ഹോങ്കോങ് തങ്ങളുടെ അധികാരത്തിൽ പെട്ട ഭൂമിയാണെന്നതു തന്നെയാണ് അവർക്ക് ബലം.

This post was last modified on August 16, 2019 7:08 pm