X

മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് അമേരിക്കയില്‍ 20 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ നിര്‍മ്മാണ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള 200 ഓളം തൊഴിലാളികള്‍ നല്‍കിയ കേസില്‍ കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. കമ്പനി തങ്ങളെ ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് നല്‍കിയ കേസിലാണ് 20 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. ഈ തൊഴിലാളികളില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണ്. കമ്പനി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ഇവരെ ജോലിക്കെടുത്ത കമ്പനി മുഴുവന്‍ തൊഴിലാളികള്‍ക്കും ഇരുപതു മില്ല്യന്‍ ഡോളര്‍ നല്‍കണം.

2005-ല്‍ വീശിയ കത്രീന എന്ന ചുഴലിക്കാറ്റില്‍ തകരാറുകള്‍ ഉണ്ടായ എണ്ണകിണറുകളും അനുബന്ധ ഉപകരണങ്ങളും നന്നാക്കുന്നതിനായി അലബാമ ആസ്ഥാനമായുള്ള സിഗ്‌നല്‍ ട്രേഡിംഗ് എന്ന കമ്പനി 200 ഓളം വെല്‍ഡിംഗ്, ഇലക്ട്രീഷ്യന്‍, പൈപ്പ് ഫിറ്റര്‍മാര്‍ എന്നിങ്ങനെ അനവധി മേഖലകളില്‍ പ്രാവീണ്യം നേടിയ തൊഴിലാളികളെ ജോലിക്കെടുത്തിരുന്നു. അവര്‍ക്കും കുടുംബത്തിനും സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ്, യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി എന്നിവ വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ അമേരിക്കയില്‍ എത്തിച്ചത്. പലരും വീട്ടുകാരുടെ സ്വര്‍ണ്ണവും സ്ഥലവും പണയത്തിനു വച്ചും വിറ്റുമായിരുന്നു വിസയ്ക്കുള്ള പണവും വക്കീല്‍ ഫീസും നല്‍കിയത്. 2006-ലാണ് ഇവര്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയത്.

അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ ഓരോരുത്തര്‍ക്കും അവരുടെ അമേരിക്കന്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ അവര്‍ക്ക് ലഭിച്ച എച്ച്2ബി വിസ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ലേബര്‍ ക്യാമ്പിലെ കുടുസ്സ് മുറികളില്‍ അടിമകള്‍ക്ക് സമാനമായ ജീവിതമായിരുന്നു അവര്‍ക്ക് ലഭിച്ചത്. മാസം 1050 ഡോളര്‍ മാത്രം ശമ്പളം നല്‍കിയ കമ്പനി 24 പേര്‍ക്ക് ഒരു മുറി എന്ന രീതിയിലാണ് താമസ സൗകര്യം നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ സംഭവങ്ങള്‍ ലോകമറിഞ്ഞത്. തുടര്‍ന്ന് നടന്ന കേസിലാണ് തൊഴിലാളികള്‍ക്ക് അനുകൂലമായി കേസിന്റെ വിധി വന്നത്. തൊഴിലിടത്തിലെ ദുരിതം കാരണം ഒരു തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യം വരെയുണ്ടായി. അമേരിക്കന്‍ ചരിത്രത്തിലെ മനുഷ്യകടത്തുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കേസുകള്‍ ഒന്നാണിത്.

This post was last modified on December 27, 2016 3:13 pm

Related Post
Leave a Comment