X

ഗുരുദേവനെ ഹിന്ദു സന്യാസിയായി ചുരുക്കിക്കെട്ടാനുള്ള ബിജെപി ശ്രമം വര്‍ഗീയ അജണ്ട: രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

ശ്രീനാരായണ ഗുരുദേവനെ വെറും ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കിട്ടാനുള്ള ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുദേവനെ സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നും ഇത് അപഹാസ്യമാണെന്നും ചെന്നിത്തല പറയുന്നു.

ഗുരു ഹിന്ദു സന്യാസിയാണെന്ന് ബിജെപിയുടെ കേരള ഘടകം, ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്നും ഒരിക്കല്‍ അദ്ദേഹത്തെ പരിഹസിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ടുനടക്കുന്നതെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

നാനാ ജാതി മതസ്ഥര്‍ ഒന്നായി ആഘോഷിക്കുന്ന നമ്മുടെ ദേശീയോല്‍വമായ ഓണത്തെപ്പോലും വികലമാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ മതമേതയാലും മനുഷ്യന്റെ നന്‍മയാണ് പ്രധാനമെന്ന ഗുരുവരുള്‍ നമുക്ക് അമൃതായി മാറണമെന്നും ചെന്നിത്തല മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ആദ്യ ഫെയ്സ്ബുക്ക് കുറിപ്പ്-

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കിട്ടാനുള്ള ബി ജെ പിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണ്. മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബി ജെ പിയുടെ ശ്രമം അപഹാസ്യമാണ്. 

തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്രബുദ്ധിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി ജെ പി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ല.


രമേശ് ചെന്നിത്തലയുടെ രണ്ടാമതു വന്ന ഫെയ്സ്ബുക്ക് കുറിപ്പ്-

ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 162ാം ജയന്തി. കേരളത്തെയും ഭാരതത്തെയും നവോത്ഥാനത്തിന്റെയും, മതാതീത ആത്മീയതയുടെയും വഴിത്താരകളിലൂടെ നയിച്ച മഹായോഗിയുടെ സ്മരണകള്‍ നമുക്ക് നല്‍കുന്നത് പുതിയ വിവേകവും, തിരിച്ചറിവുകളുമാണ്. നമ്മുടെ ബഹുസ്വരതയും, മതനിരപേക്ഷതയും ഗുരുതരമായ ഭീഷണികളെ നേരിടുന്ന ഇക്കാലത്ത് ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് മുമ്പെന്നെത്തേക്കാളും പ്രസക്തിയുണ്ട്. നാനാ ജാതി മതസ്ഥര്‍ ഒന്നായി ആഘോഷിക്കുന്ന നമ്മുടെ ദേശീയോല്‍വമായ ഓണത്തെപ്പോലും വികലമാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ മതമേതയാലും മനുഷ്യന്റെ നന്‍മയാണ് പ്രധാനമെന്ന ഗുരുവരുള്‍ നമുക്ക് അമൃതായി മാറണം. ജാതിരഹിത സമൂഹമെന്ന പാവനവും മഹത്തുമായ ലക്ഷ്യമാണ് ഗുരുദേവ ദര്‍ശനങ്ങളുടെ അടിത്തറ. മനുഷ്യനുള്‍പ്പെടെ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും സമമായി ദര്‍ശിക്കുന്ന അവബോധമാണ് ഗുരുദേവ ദര്‍ശനങ്ങളുടെ കരുത്ത്. ഉന്നതമായ ഈ ദര്‍ശനങ്ങളുടെ യഥാര്‍ത്ഥ അവകാശികളാകാന്‍ നമുക്ക് പരിശ്രമിക്കാം.

 

This post was last modified on December 27, 2016 2:28 pm