X

ഈ ചിത്രം സര്‍ക്കാര്‍ മാജിക്കിന്റെ തെളിവ്; എന്നിട്ടും ചിലര്‍ പിണറായി സർക്കാറിനൊപ്പമല്ല, പോസ്റ്ററുകൾക്കൊപ്പമാണ്

കഴിഞ്ഞ രണ്ടു വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ അത്ര വലിയ ചെയ്ഞ്ചാണ് ഈ സർക്കാരുണ്ടാക്കിയത്. അതൊരു മാജിക്കല്ല. രാഷ്ട്രീയമാണ്. രാഷ്ട്രീയം മാത്രം

പിണറായി സർക്കാറിനൊപ്പമല്ല; പോസ്റ്ററുകൾക്കൊപ്പമാണ്.

ഞാനല്ല.എനിക്ക് നേരിട്ടറിയാവുന്നതും അല്ലാത്തതുമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വാർഡ് പ്രതിനിധികൾ മുതൽ ഏരിയാ സെക്രട്ടറി വരെയുള്ളവരിൽ ചിലർ!

ഈ സർക്കാരിനെന്താണ് കുഴപ്പം?
എനിക്കറിയില്ല. എന്തായാലും വിദ്യാഭ്യാസ മേഖലയിലാണ് ഈ സർക്കാരിന്റെ ഏറ്റവും ഗംഭീരമായ ഒരിടപെടലെന്ന് ഞാൻ കരുതുന്നു. ഇടതുപക്ഷത്തിന് വോട്ട് ചെയ്ത കേരളീയർക്കെന്തു കിട്ടി എന്ന് (അത് UDF / BJP ക്കാരനാകാം) നാട്ടിൽ നിന്നൊരാൾ ചോദിച്ചാൽ അയാളോട് കക്ഷിരാഷ്ട്രീയം പറഞ്ഞിപ്പോൾ പഴയപോലെ തർക്കിക്കേണ്ട ആവശ്യമില്ല. മറിച്ച് അയാളെ തൊട്ടടുത്തുള്ള സർക്കാർ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയാൽ മതി. അതോടെ ഒടിയും ആ ചോദ്യത്തിലെ മുന. സ്മാർട്ട് ക്ലാസ് റൂമുകൾ മുതൽ മാറിയ കഞ്ഞിപ്പുര വരെ കണ്ട് തിരിച്ചുവരുന്ന അയാൾ തീർച്ചയായും അടുത്ത തവണ രഹസ്യമായി ഇടതുപക്ഷത്തിനായിരിക്കും വോട്ടു ചെയ്യുക.

ചെങ്ങന്നൂർ അതിന്റെ സൂചനയാണ്!

കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അത്ര വലിയ ചെയ്ഞ്ചാണ് ഈ സർക്കാരുണ്ടാക്കിയത്. അതൊരു മാജിക്കല്ല. രാഷ്ട്രീയമാണ്. രാഷ്ട്രീയം മാത്രം.

അതോടൊപ്പം പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന ജാഗ്രത മുൻപെങ്ങുമില്ലാത്തവിധം ഒരു രാഷ്ട്രീയ പ്രയോഗമായി കേരളം ഇപ്പോഴനുഭവിച്ചു തുടങ്ങി. ഒന്നാം ക്ലാസ് മുതൽ ഒന്നാം തരമായി സർക്കാർ സ്കൂളുകളെല്ലാം.അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നൊരു വാക്കു വരെ ഈ സർക്കാരിന്റെ ഭാവനയാണ്/ സംഭാവനയാണ്.

പൊതുജനം ഒപ്പമുണ്ട്.

പക്ഷെ…
ഇതൊക്കെ നമ്മളിൽ ചില സഖാക്കൾ അവിശ്വസിക്കുന്നതു കാണുമ്പോഴും മിഡിൽ ക്ലാസ് പൊങ്ങച്ചത്തിന്റെ ആലയിൽ തങ്ങളുടെ കുട്ടികളെ നടക്കിരുത്തുകയും ചെയ്യുമ്പോഴാണ് ഇടതു രാഷ്ട്രീയത്തിലെ ചിലർക്ക് സംഭവിച്ച ഈ ആഴമേറിയ ദുരന്തത്തെക്കുറിച്ച് ഇവിടെ കുറിപ്പിടണമെന്ന് തോന്നിയത്.

ഇടതു സർക്കാരുണ്ടാക്കുന്ന ഈ അത്ഭുതങ്ങൾക്കൊപ്പം നാട്ടുകാരൊക്കെ ചേർന്നു നിൽക്കുമ്പോഴാണ് നമുക്ക് ചുറ്റിലും കക്ഷിരാഷ്ട്രീയത്തിൽ നേരിട്ടിടപെടുന്ന ചില ഇടതുകക്ഷികൾ വ്യക്തി ജീവിതം കൊണ്ട് ഇതിനെതിരെ പുറംതിരിഞ്ഞ് നിൽക്കുന്നത്. മറ്റാരുമല്ല. മക്കളെ കേരള സിലബസിൽ പഠിപ്പിക്കാൻ തയ്യാറാകാതെ കേന്ദ്ര സിലബസിലേക്ക് കയറ്റി വിടുന്ന ചില ‘സെക്രട്ടറി’ മാർ!
ബ്രാഞ്ചല്ല. ഏരിയ തന്നെ.!

അതാണ് സങ്കടം. അതു മാത്രമാണ് രാഷ്ട്രീയമല്ലാത്തത്.

ഇവരിൽ ചിലരുടെ fb പോസ്റ്റുകളും പോസ്റ്ററുകളും കണ്ടാൽ ഇവരോളം മാർക്സിസ്റ്റുകൾ വേറെയില്ലതാനും.!
എനിക്കറിയാവുന്ന ഒരു മലയാളം മീഡിയം വിരുദ്ധ കക്ഷിയുടെ ടൈം ലൈൻ ഫോട്ടോ തന്നെ ‘പിണറായി സർക്കാറിനൊപ്പം’ എന്നതാണ്!

നല്ലതു തന്നെ. പക്ഷെ നിങ്ങൾ ഉള്ളു കൊണ്ട് ഒപ്പമല്ല സുഹൃത്തേ. ഉറപ്പ്….
നിങ്ങൾ ഈ സർക്കാറിനൊപ്പമാണെങ്കിൽ അതിന്റെ അജണ്ടകൾക്കൊപ്പമായിരിക്കണം സഖാവെ!
അല്ലെങ്കിൽ നിങ്ങൾ സ്വകാര്യമായി മോഡിക്കൊപ്പമാണെന്നേ ഞങ്ങള് മനസിലാക്കൂ. മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതിലൂടെ കേരള സിലബസിനോടും നാട്ടിലെ പൊതു ഇടത്തോടും നിങ്ങളുടെ സ്വകാര്യ ജീവിതത്തിന് ഒരു താൽപ്പര്യവുമില്ല എന്നു തന്നെയാണയർത്ഥം!

ഇത്ര ദിവസമായിട്ടും ഇതൊന്നും നിങ്ങളോട് ആരും ഇത് പറഞ്ഞു തന്നിട്ടില്ലേ സഖാവേ.? അതോ നിങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കു നേരെ മകളെ ഇംഗ്ലീഷ് മീഡിയത്തിലേക്കയച്ച് പത്തു മണിക്ക് സർക്കാറിന്റെ പ്രവേശനോത്സവത്തിന്റെ വേദിയിൽക്കയറി ആശംസിച്ച് കൊഞ്ഞനം കുത്തി പിന്നെയും ചിരിക്കുകയോ!

രാഷ്ട്രീയമെന്നത് നിങ്ങളുള്ള കമ്മറ്റിക്കു പുറത്തു മാത്രം നടപ്പിലാക്കാനുള്ള അജണ്ടകളല്ല സഖാവേ..!
മറിച്ച് നാം കൂടി പങ്കാളിയാകുന്ന ഒരു സാമൂഹ്യ നിർമ്മാണമാണത്.
നിങ്ങൾ അതിന് പുറത്തു നിൽക്കരുത്. അതപകടമാണ്.
വ്യക്തി ജീവിതം കൊണ്ട് നിങ്ങൾ അവിശ്വസിക്കുന്ന ഒരു സിസ്റ്റത്തെ പുറത്തുള്ളവർ വിശ്വസിക്കണമെന്ന് പിന്നെങ്ങനെയാണ് സഖാവേ പറയുക?

പറയാൻ പറ്റില്ലേ എന്നു ചോദിച്ചാൽ പറയാം.പക്ഷെ അപ്പോൾ നിങ്ങൾ ഇടതു രാഷ്ട്രീയത്തിന്റെ സംഘടനാ ചുമതലകളോ പാർലമെന്ററി പ്രാതിനിധ്യത്തിന്റെയോ ഒരു പങ്കും പറ്റരുത്. എന്നാൽ അങ്ങനെയല്ലല്ലോ സഖാവെ അങ്ങയുടെ ജീവിതം.!
അതു കൊണ്ട് മാറണം. ഇല്ലെങ്കിൽ മാർക്സിസ്റ്റുകൾ ഇരട്ടത്താപ്പുകാരാണെന്ന് പറഞ്ഞ് ഞങ്ങളുടെ മുഖത്തു കൂടിയാണ് ജനം കാർക്കിച്ചു തുപ്പുക.

എന്റെ സുഹൃത്തുക്കളിൽ ഭൂരിപക്ഷത്തിനും അജ്ഞാതനായ എന്റെ പ്രിയപ്പെട്ട സഖാവേ / വിദ്യാർത്ഥി രാഷ്ട്രീയകാലത്ത് അനേക സമ്മേളനങ്ങളിൽ ഒപ്പമിരുന്ന ഇപ്പോഴത്തെ നേതാവേ….

ഈ കാരണത്താൽ നിനക്കെതിരെ സ്വകാര്യ സംഭാഷണങ്ങളിൽ ഊറിക്കൂടുന്ന പരിഹാസം കേട്ട് കേട്ട് മടുത്തു.അത് പൊതുഇടങ്ങളിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചുള്ള മാർക്സിസ്റ്റുകളുടെ ചർച്ചകളെപ്പോലും പരിമിതപ്പെടുത്തും.നീയറിയാതെ നിന്റെ പേരിൽ പാവം സഖാക്കൾ പരിഹാസ്യരാക്കപ്പെടും. അവരോടെങ്കിലും നീതി പുലർത്തൂ സഖാവേ…
.
(തെളിവ്: ഈ ഫോട്ടോ ഇപ്പോൾ പണി പൂർത്തിയായ നാട്ടിലെ ഒരു സർക്കാർ വിദ്യാലയത്തിന്റെതാണ്.)

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts