X

ഉംബായി: ഗസലിന്റെ ഒരു ഞരമ്പ്

മലയാളത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തെ പരിചയപ്പെടുത്തിയിട്ടുള്ളതിൽ പ്രമുഖനായ ബാബുക്ക പോലും ഗസലിൽ കൈ വെയ്ക്കാൻ മടിച്ചിരുന്നതും മറ്റൊന്നുകൊണ്ടാവില്ല. അവിടെയാണ് മലയാള ഭാഷയെ, പദ്യകവിതയെപ്പോലും ഗസലായി അവതരിപ്പിച്ചു ജനകീയമാക്കാൻ ഉംബായി എന്ന പ്രതിഭയ്ക്ക് കഴിഞ്ഞത്.

മലയാള ഗസൽ ഗായകരിൽ പ്രമുഖനും ഹിന്ദുസ്ഥാനി സംഗീതത്തെ കേരളത്തില്‍ ജനകീയമാക്കിയതില്‍ മുന്നില്‍ നിന്ന ഗായകനുമായ ഉംബായിയുടെ വിയോഗം സംഗീത പ്രേമികൾക്ക് തീരാനഷ്ടം ആണ്. തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ താണ്ടിയ​ ഉമ്പായി, ഗസലി​​​​​​​െൻറ വിഷാദ സൗന്ദര്യവും, വശ്യതയും മലയാളിക്ക്​ പകർന്നുനൽകിയ ജനകീയ ഗായകൻ കൂടിയാണ്​. പഴയ മലയാള സിനിമഗാനങ്ങളുടെ ഗസൽസ്പർശമുള്ള പുനരാവിഷ്​കാരത്തിലൂടെയും സ്വന്തമായി പുറത്തിറക്കിയ ഗസൽ ആൽബങ്ങളിലൂടെയും കുറഞ്ഞകാലംകൊണ്ട്​ അദ്ദേഹം സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു.

ഉംബായി എന്ന മലയാള ഗസൽ മാന്ത്രികൻ കുറിച്ച് സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്ത ചില കുറിപ്പുകൾ.

മണിലാൽ

ഒരു ഞെരമ്പിപ്പോഴും
പച്ചയായുണ്ടെന്ന്….

ജോൺ എബ്രഹാമിന്റേയും ഒഡേസയുടേയും അമ്മ അറിയാൻ എന്ന സിനിമയിൽ നിന്നാണ് ഉംബായി എന്ന ഗായകനെ ഞാൻ കണ്ടെത്തുന്നത്. ഞെരളത്ത് രാമപൊതുവാളും ഉമ്പായിയും ഓക്ടോവിയൊ റെനെ കാസ്റ്റ്‌ലെയും കമ്യൂണിസ്റ്റ് ഇന്റർനാഷ്ണലു മൊക്കെയാണ് ഈ സിനിമയുടെ ശബ്ദ സംഗീതപഥങ്ങളെ ഊർജ്ജിതമാക്കുന്നത്.ഉമ്പായി പാടിയ മനോഹര ഗസൽ ഈ സിനിമയിലുണ്ട്. കൊച്ചിക്കാരൻ ഗായകൻ നസീം ആണ് അത് അലപിച്ചിട്ടുള്ളത്.

അമ്മ അറിയാന്റെ ഫോർട്ട് കൊച്ചിക്കാലത്ത് ഉംബായി സംഗീതം കേൾക്കാൻ ജോൺ എബ്രഹാമിന്റെ കൂടെ പോയത് സുഹൃത്ത് സി.എസ്.വെങ്കിടേശ്വരൻ ഇടക്കിടെ ഓർമ്മിക്കാറുണ്ട്. ജോണും ഉമ്പായിയുടെ സംഗീതവും അത്രയേറെ സൗഹൃദത്തിലായിരുന്നു.ഒഡേസയുടെ നൂറുകണക്കിന് പൊതു പ്രദർശനങ്ങളിൽ 16 എം.എം ന്റെ സ്വന്തം പ്രൊജക്ടറുമായി ഒഡേസ സംഘവുമായി ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്.

ജോണും അമ്മ അറിയാനും ഉമ്പായിയുമൊക്കെ ഹൃദിസ്ഥമാവുന്നത് അങ്ങിനെയാണ്.ഉംബായിയെ പിന്നീട് കേട്ടിട്ടുണ്ടെങ്കിലും വളരെ ഇഷ്ടത്തോടെ സ്വീകരിക്കുന്നത് ഏതാനും വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു ഓഡിയോ ആൽബത്തിന്റെ പ്രകാശന വേദിയിലാണ്.അകലെ മൗനം പോൽ എന്ന സംഗീത ആൽബത്തിന്റെ പ്രകാശന വേളയായിരുന്നു അത്.

പ്രണയാതുരമായ സച്ചിദാനന്ദൻ കവിതകൾക്കുള്ള ഉംബായിയുടെ സംഗീതോപഹാരമായിരുന്നു അത്.
സച്ചിദാനന്ദൻ കവിതയിൽ നിന്ന് ഉമ്പായി കടഞ്ഞെടുത്ത പ്രണയത്തിന്റെ ആകെത്തുകയായിരുന്നു, അകലെ മൗനം പോൽ.സ്വന്തം കവിതയിലെ സംഗീതത്തെ കൂടുതൽ മിനുക്കിയെടുക്കുന്നത് കാണാൻ കവിയും എത്തിയിരുന്നു.

കവിതക്ക് സംഗീതം ചേരുംപടിയാവുന്നത് ഞാൻ അന്നറിഞ്ഞു.

ഒരു വട്ടം നാം ഉമ്മവെക്കുകിൽ
പൂക്കളായ് നിറയുമീ
തീപ്പെട്ട ഭൂമി…

ഒരു വട്ടം നാം പൂഞ്ചിരിക്കുകിൽ
കിളികളായ് നിറയും
ഹിമാദ്രമാം വാനം…

സച്ചിദാനന്ദന്റെ പ്രണയവും ഉംബായിയുടെ സംഗീതവുമായിരുന്നു അത്.മലയാള ചലച്ചിത്രഗാനങ്ങളെ തന്റേതായ രീതിയിലേക്ക് ആവിഷ്കരിച്ച് പ്രത്യേക ഗാന ശാഖയാക്കി അതിനെ മാറ്റിപ്പണിതു ഉമ്പായി.

ശ്രീചിത്തിരൻ എം ജെ

ഉംബായിക്കയെ ആദ്യം കാണുന്നത് മുംബെയിൽ നിന്നാണ്. ചെമ്പൂരിലെ നിത്യാനന്ദ് ഹോട്ടലിൽ. നാല് കൂട്ടുകാർക്കിടയിൽ, ചെറിയ ഒരു റൂമിലെ കിടക്കയിലിരുന്ന് അന്ന് രാത്രി വൈകുവോളം ഞങ്ങൾ സംസാരിച്ചിരുന്നു. നോവുകടലായ കുട്ടിക്കാലവും തബലിസ്റ്റായി തഴമ്പുവന്ന കൈകളുടെ കഥയും മധുരം നിറഞ്ഞു കയ്പ്പായിത്തീർന്ന പഴയൊരു പ്രണയവും അനേകമനേകം പാട്ടനുഭവങ്ങളും ചേർന്ന രാപ്പാതി. ഇടക്കിടെ ഞങ്ങൾ ആവശ്യപ്പെട്ട പാട്ടുകൾ. അക്തരീ സാഹിബയോടുള്ള എന്റെ അന്നത്തെ ഭ്രാന്ത് കണ്ട് ഇടക്കിടെ ആലിംഗനം. മെഹ്ദിയുടെ ഗസൽപ്രവാഹം.

അനൗപചാരികമായി ഗസൽ ഗായകർക്കൊപ്പം നിങ്ങൾ കൂടിയിട്ടുണ്ടോ?അന്ന് തുറക്കപ്പെടുക നമുക്കുള്ളിലെ പരലോകമാണ്. പിരിമുറുകിയ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും ആ മൂര്‍ച്ചയുള്ള ശബ്ദം നിങ്ങളെ ഇറക്കി നിര്‍ത്തി വിചാരണ ചെയ്യും. സങ്കടങ്ങളുടെ പെരുങ്കടല്‍ മുഴുവന്‍ മുന്നില്‍ ചുരുള്‍ നിവര്‍ന്നു തെളിയും. പ്രണയിനിയുടെ ലജ്ജാവിവശമായ കണ്ണുകളെപ്പറ്റി, അവള്‍ക്കായി മാത്രം പാടാന്‍ കൊതിച്ച ഗാനങ്ങളെപ്പറ്റി മെഹ്ദി ഹസന്റെ “”പ്യാര്‍ ഭരെ ദോ ശര്‍മീലെ നയ്ന്‍, ജിനസേ മിലാ മേരെ ദില്‍കോ ഛെയ്ന്‍” എന്നു ഉംബായിക്ക അന്ന് പാടിയപ്പോൾ ഒരുനാളും പാടാതെ പോയ പാട്ടിന്റെ തിരകൾ വന്ന് തീരങ്ങളില്‍ ആര്‍ത്തലച്ചു.

പിന്നെ പലവട്ടം ഉംബായിക്കയെ കേട്ടിട്ടുണ്ട്. ജനപ്രിയത വലയം ചെയ്ത് ഗസലിന്റെ ഹൃദയം കാണാതായോ എന്ന് പരിഭവിച്ചിട്ടുണ്ട്. ” പറയാതെ പരിഭവം” കേട്ട് സച്ചിമാഷുടെ രചനയിൽ നിന്നുയർന്നില്ലല്ലോ ഉംബായിക്കയുടെ പാട്ട് എന്ന് സങ്കടപ്പെട്ടിട്ടുണ്ട്. എന്നിട്ടും, ഇടക്കിടെ ആ ശബ്ദത്തിൽ ഇന്ദ്രവല്ലരിപ്പൂ ചൂടി വരുന്ന സുന്ദരഹേമന്ദ രാത്രികളിൽ മയങ്ങിക്കിടന്നിട്ടുണ്ട്.

ആ ചിരി ഓർക്കുന്നു. മഹാഗായകരുടെ ചുണ്ടിൽ കണ്ടിരുന്ന, ഇടക്ക് ഹാർമോണിയത്തിൽ നിന്ന് കൈ പൊക്കിയ ശേഷം ചിരിക്കുന്ന മന്ദഹാസം. അതിൽ നിറഞ്ഞുനിന്ന ഒരു കുടന്ന സ്നേഹം.

വീണ്ടും പാടാനായി ഉംബായിക്കയുടെ സഖികൾ കാത്തിരിക്കട്ടെ. വിഷാദഗാനം പാതിയിൽ തീർന്നിരിക്കുന്നു.

സുധീർ എം. എ

ഒരു ഭാഷ എന്ന നിലയിൽ ഹിന്ദിയും ഉറുദുവുമൊക്കെ ഗസൽ പാടാൻ നന്നായി വഴങ്ങുമ്പോഴും മലയാളത്തിൽ ഗസൽ പാടാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കർണാടക സംഗീതത്തിന്റെ സ്വാധീനവും ഭാഷാപരമായ പ്രത്യേകതയും അതിനൊരു കാരണമായിരുന്നു. മലയാളത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തെ പരിചയപ്പെടുത്തിയിട്ടുള്ളതിൽ പ്രമുഖനായ ബാബുക്ക പോലും ഗസലിൽ കൈ വെയ്ക്കാൻ മടിച്ചിരുന്നതും മറ്റൊന്നുകൊണ്ടാവില്ല. അവിടെയാണ് മലയാള ഭാഷയെ, പദ്യകവിതയെപ്പോലും ഗസലായി അവതരിപ്പിച്ചു ജനകീയമാക്കാൻ ഉംബായി എന്ന പ്രതിഭയ്ക്ക് കഴിഞ്ഞത്. പിന്നീട് നമ്മുടെ ഹൃദയത്തെ പ്രണയത്തിന്റെ ആർദ്രതയാൽ നിറച്ചത്….

പെട്ടെന്ന് ഒരുദിവസം നിങ്ങൾ മരണത്തിലൂടെ മറഞ്ഞിരുന്നാലും, മരണമില്ലാത്ത സംഗീതം നിങ്ങളെ എപ്പോഴും ഓർത്തുകൊണ്ടേയിരിക്കും.