X

ആ കുടുങ്ങി കിടന്ന ഫയലുകളില്‍ ഒന്നായിരുന്നു ജോയിയുടെ ജീവിതവും…

സാംകുട്ടിക്കും ജോയിക്കും തുടര്‍ച്ചയുണ്ടാകരുത്...

‘ഓരോ ഫയലിലും ഒരു ജീവിതം കുരുങ്ങി കിടപ്പുണ്ട്’; അധികാരത്തിലേറിയ ആദ്യ നാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്. എല്‍ഡിഎഫ് ഭരണം ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് ഇന്നലെ ഫയലില്‍ കുരുങ്ങിയ ജോയി എന്ന കര്‍ഷകന്റെ ജീവിതം കോഴിക്കോട് ചക്കിട്ടപ്പാറയിലെ ചെമ്പനോട വില്ലേജ് ഓഫീസില്‍ ഒരു തുണ്ട് കയറില്‍ തുങ്ങിയാടിയത്. മരണമെന്ന മാര്‍ഗം വേണ്ടി വന്നു ജോയി എന്ന മലയോര കര്‍ഷകന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാന്‍.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ (ജോയ്)(57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ ജോയിയുടെ ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചു. ഇതിലുളള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ സിരീഷാണ് ജോയിയുടെ ജീവിതത്തിലെ വില്ലനായി മാറിയത് എന്നാണ് ആരോപണം. ഒരു കൊല്ലത്തോളമായി ഭൂനികുതി വാങ്ങാന്‍ വിസമ്മതിച്ച സിരീഷിന് മുന്നില്‍ ഭൂമിയോളം താണു കൊടുത്തിട്ടും മാനസികമായി ജോയിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കൈക്കൂലി അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലും താത്ക്കാലിക സസ്‌പെന്‍ഷനോടെ സര്‍ക്കാര്‍ പ്രശ്‌നം ഒതുക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

ജോയ് ഒറ്റ രാത്രികൊണ്ട് ആത്മഹത്യയിലേക്കെത്തിയ ഒരു മനുഷ്യനല്ല. നമ്മുടെ വില്ലേജ് ഓഫീസുകളിലും മറ്റും ഇന്നും നിലനില്‍ക്കുന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യമെന്ന പ്രശ്‌നത്തിലേക്കാണ് ഈ സംഭവവും വിരല്‍ ചൂണ്ടുന്നത്. ‘ഉദ്യോഗസ്ഥരുടെ പീഢനമാണ് ജോയിയുടെ മരണത്തിന് കാരണം. ഒരു വര്‍ഷത്തിലധികമായി അവന്റെ വീടു നില്‍ക്കുന്ന ഭൂമിയുടെ കരമടയ്ക്കാന്‍ വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നു. കഴിഞ്ഞവര്‍ഷം നിരാഹാരം കിടന്നപ്പോള്‍ തഹസില്‍ദാര്‍ വന്ന് വില്ലേജിലെ ഉദ്യോഗസ്ഥര്‍ക്ക് നികുതി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നു പാലിക്കപ്പെട്ടില്ല. അവന്‍ പലവട്ടം ഉദ്യോഗസ്ഥരോട് അപേക്ഷിച്ചു. ഭൂമിയുടെ മുകളില്‍ വേറൊരാള്‍ പരാതി ഉന്നിയിച്ചിട്ടുണ്ടെന്നെക്കൊയുള്ള കള്ളക്കഥകളാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വില്ലേജ് ഓഫിസര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മര്‍ദ്ദം മൂലമാണ് ജോയ് ആത്മഹത്യ ചെയ്തത് എന്നും. മക്കളുടെ വിദ്യാഭ്യാസവും കല്ല്യാണവുമൊക്കെയായി അവന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ബാങ്കില്‍ നിന്നു ഒരു ലോണെടുത്ത് ആ ബാധ്യത തീര്‍ക്കാനാണ് അവന്‍ കഷ്ടപ്പെട്ടത്. പക്ഷേ അവസാനം …‘ ജോയിയുടെ സഹോദരന്‍ ജോസ് പറയുന്നു.

മലയോര മേഖലയില്‍ പല ഗ്രാമങ്ങളിലും സമാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജോയി എന്ന തോമസ് ഒരു സാധാരണ കര്‍ഷകനായിരുന്നു. ഭാര്യ മോളിയും മൂന്നു പെണ്‍മക്കളുമടങ്ങുന്ന കുടുംബം. മൂന്നു പെണ്‍മക്കള്‍ക്കും നല്ല വിദ്യഭ്യാസം നല്‍കുന്നതിന് ജോയ് മടിക്കാണിച്ചില്ല. രണ്ടു മക്കളുടെയും കല്ല്യാണവും നല്ല രീതിയില്‍ നടത്തി. ഇളയ കുട്ടി ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് തന്റെ വീട് നില്‍ക്കുന്ന സ്ഥലത്തിന്റെ നികുതി വില്ലേജ് ഓഫീസില്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ജോയിയും കുടുംബവും നിരാഹാരം കിടന്നത് വലിയ വാര്‍ത്തയായിരുന്നു. തഹസില്‍ദാര്‍ ഇടപെട്ട് പ്രശ്‌നം താത്ക്കാലികമായി പരിഹരിച്ചെങ്കിലും വീണ്ടും സമാന പ്രശ്‌നം ഉടലെടുത്തു. പലവട്ടം വില്ലേജ് ഓഫീസിന്റെ വരാന്തയില്‍ ജോയിയും കുടുംബവും കയറി.

മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്. ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും? ഞങ്ങള്‍ക്ക് പോയി… അവര്‍ക്കെന്നാ പോകാനാ? അവരു സര്‍ക്കാറിന്റെ ശമ്പളം മേടിക്കുന്നവരല്ലേ? പല രോഗങ്ങളുടെയും അടിമയാരുന്നു ആ മനുഷ്യന്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകേ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരുമാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കത്ത് കൊടുത്തു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് എന്തെങ്കിലും ചെയ്തു തരാന്‍ കാലുപിടിച്ച് പറഞ്ഞു. ഇന്നലെ ഞാന്‍ പനിച്ചു കെടക്കുവാരുന്നു. അതുകൊണ്ടാ ഇന്നലെ ഞാന്‍ പോകാതിരുന്നത്. സരീഷാണ് കൈക്കൂലി ചോദിച്ചത്. വേറൊരു സണ്ണി എന്ന മനുഷ്യനുണ്ട്. എപ്പം ചെന്നാലും പിന്നെ വാ.. പിന്നെ വാ… എന്നു മാത്രം പറയും..’ – ജോയിയുടെ ഭാര്യ മോളി പറയുന്നു.

‘ജോയിയുടെ പ്രശ്‌നത്തില്‍ പലരും ഇടപെട്ട് ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരു പറഞ്ഞിട്ടും കേട്ടില്ല. ജോയിയുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വേറെ പരാതി കിട്ടി എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ആ പരാതി പോലും വ്യാജമാണ്. വര്‍ഷങ്ങളായി ജോയിയും കുടുംബവും താമസിക്കുന്ന സ്ഥലം എങ്ങനെ മറ്റൊരാളുടേതാകും. ജോയി കടബാധ്യത തീര്‍ക്കാനായി ബാങ്കില്‍ ഒരു ലോണിനു ശ്രമിച്ചിരുന്നു. ഇതിന്റെ ആവശ്യങ്ങള്‍ക്കാണ് കരമടച്ച കടലാസ് വേണ്ടത്. എന്നാല്‍ ഒരു വര്‍ഷം കാത്തുകിടന്നിട്ടും ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല’- ചക്കിട്ടപ്പാറ മുന്‍ പഞ്ചായത്താംഗം ജോര്‍ജ് കുട്ടി പറയുന്നു.

2016 ഏപ്രില്‍ 28 ന് തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസിന് സാംകുട്ടി എന്ന മനുഷ്യന്‍ സമാന സാഹചര്യത്തിലാണ് തീയിട്ടത്. കുടുംബസ്വത്തായി ലഭിച്ച 18 സെന്റ് ഭൂമി പോക്കുവരവു ചെയ്ത് കിട്ടാനായി അഞ്ചു വര്‍ഷം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി നടന്ന സാംകുട്ടി ഒടുവില്‍ സഹികെട്ട് വില്ലേജ് ഓഫീസിനു തീയിടുകയായിരുന്നു. ഇതിനു ഏതാനു നാളുകള്‍ക്കു ശേഷം സമാന അനുഭവം ഉണ്ടായ ഒരു വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മരിക്കാന്‍ ശ്രമിച്ചതും നാം കണ്ടു. ജോയിയിലൂടെ ഇതിന്റെ തുടര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. കലക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂസെക്രട്ടറി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ചെമ്പനോട് വില്ലേജ് ഓഫീസര്‍ സണ്ണിയെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ ചെയ്ത ജോയിയുടെ കരം സ്വീകരിക്കാത്തതിനാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ കലക്ടര്‍ വില്ലേജ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. ഇത് തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. നേരത്തെ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയും ജില്ല കളക്ടര്‍ യു.വി ജോസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കര്‍ഷകനായ ജോയ് ആത്മഹത്യ ചെയ്ത സ്ഥലത്ത് എത്തിയാണ് കലക്ടര്‍ നടപടി പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ട് തേടി.

കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തെത്തിയിട്ടുണ്ട്. ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവരെ നടത്തി വലയ്ക്കരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ വരുത്തരുത്. നികുതി അടക്കുന്നതിന് കാലതാമസം വരുത്തരുത്, നികുതി സ്വീകരിക്കാത്തതിന്റെ കാരണം എഴുതി നല്‍കണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. ജോയിയുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലിയും കരം എഴുതി തള്ളുന്നതും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ വേറെയും. എന്നാല്‍ മലയോരമേഖലയില്‍ നില്‍ക്കുന്ന ഭൂനികുതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടണമെന്നാണ് ബിജെപിയുടെ നിലപാട്.

രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഡില്‍ അവസാനിക്കേണ്ട പ്രശ്‌നമല്ലിത്. മലയോരത്ത് പല വില്ലേജുകളിലും സമാനമായി വിഷയങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ റീസര്‍വേ ചക്കിട്ടപ്പാറ അടക്കമുള്ള മലയോര മേഖലയില്‍ നടത്താന്‍ തയ്യാറാകണം. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യഭൂമിയും കൃത്യമായി വേര്‍തിരിക്കണം. അതിനു സാധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. അല്ലെങ്കില്‍ ജോയിയുടെ വിഷയം ഉപകാരപ്പെടുത്തി പല വന്‍കിട കൈയേറ്റക്കാരും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കും. ‘ ബി.ജെ.പി ചെമ്പനോട പ്രസിഡന്റ് സാബില്‍ പറയുന്നു.

ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതങ്ങളാണ് എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇപ്പോഴും അടിത്തട്ടിലേക്ക് ചെന്നിട്ടില്ലെന്നും നമ്മുടെ വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍ സാധാരണക്കാര്‍ക്ക് മുന്നില്‍ ഇപ്പോഴും അപ്രാപ്യമാണെന്നുമാണ് ജോയിയുടെ മരണം തെളിയിക്കുന്നത്.

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 23, 2017 10:40 am