X

പോലീസിനു റോളില്ല, കലോത്സവത്തിന്റെ മേല്‍നോട്ടത്തിന് ഫെസ്റ്റ് ഫോഴ്സ്

പ്രണവ് വിപി

കലോത്സവ വേദിയില്‍ ഡ്യുട്ടിക്കുള്ള പോലീസുകാര്‍ക്ക് അധികം തലവേദനയില്ല. കാരണം ഗതാഗതം മുതല്‍ ക്രമസമാധാന പാലനം വരെ ഏറ്റെടുത്തു ചെയ്യാന്‍ ഇവിടെ കുറച്ചു കൊച്ചു മിടുക്കന്‍മാരും മിടുക്കികളും ഉണ്ട്. അതേ ഫെസ്റ്റ് ഫോഴ്സ്! പേരുപോലെ തന്നെ കലോത്സവ നടത്തിപ്പിന്റെ വലിയൊരു ശതമാനം മേല്‍നോട്ടവും നടത്തുന്നത്  ഇവര്‍ തന്നെയാണ്. തലസ്ഥാന നഗരിയിലെ സ്കൂളുകളില്‍ നിന്നും സംസ്ഥാന പോലീസ് സേനയുടെതടക്കം വിദഗ്ദ്ധ പരിശീലനവും സിദ്ധിച്ചാണ് ഈ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും വരവ്. എല്ലാവരും സേവനതല്‍പ്പരരായ പ്ലസ്‌വണ്‍ പ്ലസ്‌ടു വിദ്യാര്‍ഥികള്‍.

ഇനിയല്‍പ്പം ഫെസ്റ്റ് ഫോഴ്സ് ചരിത്രം പറയാം  2010ല്‍ കോഴിക്കോട് വെച്ചുനടന്ന കലോത്സവത്തില്‍ ആണ് ആദ്യമായ്  ഫെസ്റ്റ് ഫോഴ്സ് നെ രംഗത്തിറക്കുന്നത്, അതിനു ചുക്കാന്‍ പിടിച്ചത് കായികാധ്യാപകനായ കെ യു സാബുവും. അദ്ദേഹം മുന്നോട്ടു വെച്ച  ആശയം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും അംഗീകരിക്കുകയായിരുന്നു. പോലീസ് സേനയിലെ ഭൂരിപക്ഷം പേരും ശബരിമല ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ പകരം മറ്റൊരു സംവിധാനത്തിന്റെ ആവശ്യകത ഉയര്‍ന്നതാണ് ഫെസ്റ്റ്  ഫോഴ്സിനെ രൂപികരിക്കാന്‍ ഉണ്ടായ കാരണം. തുടര്‍ന്നാണ് ഫെസ്റ്റ് ഫോഴ്സിന്റെ സേവനയാത്ര  ആരംഭിക്കുന്നത്. 80 ഓളം കായികാധ്യാപകരും പോലീസ് സേനയും ചേര്‍ന്നാണ് ഇവര്‍ക്ക് പ്രത്യേക  പരിശീലനങ്ങള്‍ നല്‍കിയത് .ഇപ്പോള്‍ ഇവര്‍ക്ക് മേള നിയന്ത്രിക്കാന്‍ ഉള്ള പ്രാപ്തിയുണ്ട്.

പതിനാലു വേദികളിലും സമയക്രമം അനുസരിച്ച് ഇവര്‍ ജോലി ചെയ്യുന്നു. രാവിലെ പെണ്‍കുട്ടികളും രാത്രി ആണ്‍കുട്ടികളും ആവും ഉത്തരവാദിത്വം ഏറ്റെടുക്കുക. ഫെസ്റ്റ് ഫോഴ്സിന്റെ യൂണിഫോം ധരിച് ഇവര്‍ കലോത്സവ വേദിയില്‍ എല്ലാം പാറി നടക്കുന്നു. എന്താവശ്യം വന്നാലും, പ്രശ്നം വന്നാലും സംഘാടകര്‍ക്കും പോലീസിനും മുന്നേ എത്തുന്നു. തീര്‍ക്കാന്‍ പറ്റുന്ന കാര്യമാണെങ്കില്‍  തീര്‍ക്കുന്നു. ഇങ്ങനെ ഓടിനടക്കുന്ന ഇവരെ അലട്ടുന്ന ഒരേ ഒരു  പ്രശ്നം വേദികള്‍  തമ്മില്‍ ഉള്ള ദൂരമാണ്. സമയത്തിന് എത്തിച്ചേരാന്‍ വാഹനങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്, അതൊഴിച്ചു നിര്‍ത്തിയാല്‍ ചെയ്യുന്ന സേവനത്തില്‍ പൂര്‍ണ തൃപ്തരും സന്തുഷ്ടരും ആണ് ഈ ചങ്ങാതിമാര്‍. ഫെസ്റ്റ് ഫോര്‍സില്‍ ചേര്‍ന്നതിനു ശേഷം പരസ്പരം ഊഷ്മളമായ  സൌഹൃദ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു ഇവര്‍ക്ക്. പുതിയ ചങ്ങാതിമാരോടോത്ത്  ഓടിനടക്കുകയാണിവര്‍. പത്രത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ തിരക്കുകള്‍ക്കിടയിലും ഒരുമിച്ചൊരു ഫോട്ടോയ്ക്കു പോസ് ചെയ്യാനും വിരുതന്മാര്‍ മറന്നില്ല. ഫോട്ടോ എടുത്തു ഫോര്‍സിന്റെ ടീം ലീഡര്‍ ആയ കെ യു സാബുവിന് കൈകൊടുത്തു പിരിയുമ്പോള്‍ പുറകില്‍ നിന്നൊരു വിളി ചേട്ടാ ഫെസ്റ്റ് ഫോഴ്സിന്റെ ഫേസ്ബുക്ക്പേജ് ലൈക്‌ ചെയ്യാന്‍ മറക്കരുതേ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on December 27, 2016 3:35 pm