X

ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും

അഴിമുഖം പ്രതിനിധി

ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും. 1953 ഒക്ടോബര്‍ 16ന് ഹവാന കോടതിയില്‍ മുഴങ്ങിയ ഫിദല്‍ കാസ്ട്രോ റൂസ് എന്ന യുവ അഭിഭാഷകന്റെ ധീര ശബ്ദം ലോകമാകെ പ്രകമ്പനം കൊണ്ടു. എല്ലാ വിമോചന പോരാട്ടങ്ങളിലും ഈ വാക്കുകള്‍ അലയടിച്ചു. ക്യൂബയില്‍ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരായ വിപ്ലവ അട്ടിമറി ശ്രമങ്ങളില്‍ ആദ്യത്തേതായിരുന്നു ഫിദല്‍ കാസ്ട്രോയും സഹോദരന്‍ റൗള്‍ കാസ്ട്രോയും നേതൃത്വം നല്‍കിയ മൊണ്‍കാഡ ബാരക്ക് ആക്രമണം. മൊണ്‍കാഡ സൈനിക ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് ഫിദലും റൗളുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. ഫിദല്‍ കാസ്ട്രോ 15 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. റൗള്‍ കാസ്ട്രോയ്ക്ക് 13 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ബാറ്റിസ്റ്റ് ഭരണകൂടം ഇവിടെ വിട്ടയച്ചു.

ഈ കേസിന്റെ വിചാരണവേളയിലാണ് ചരിത്രം കുറിച്ച കാസ്ട്രോയുടെ പ്രസംഗം. കാസ്ട്രോ സ്വയം കേസ് വാദിക്കുകയായിരുന്നു. ഹവാന കോടതിമുറിയിലെ പ്രസംഗം നാല് മണിക്കൂര്‍ നീണ്ടു. ഈ പ്രസംഗം പിന്നീട് 26 ജൂലായ് പ്രസ്ഥാനം എന്ന് അറിയപ്പെട്ട ക്യൂബന്‍ വിപ്ലവ സംഘടനയുടെ മാനിഫെസ്റ്റോ പോലെ ആയി മാറി. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ വിമതസ്വരം ഉയര്‍ത്താനും സ്വേച്ഛാധികാര ഭരണകൂടങ്ങള്‍ക്കെതിരെ കലാപമുയര്‍ത്താനുമുള്ള അവകാശത്തെപ്പറ്റിയാണ് ഫിദല്‍ സംസാരിച്ചത്. ആരാണ് നിങ്ങളുടെ പ്രവൃത്തിയ്ക്ക് ഉത്തരവാദിയെന്ന് ചോദിച്ചപ്പോള്‍ ക്യൂബന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ ഹോസെ മാര്‍ട്ടിയാണ് ഞങ്ങളുടെ വിപ്ലവത്തിന് ബൗദ്ധികമായ പ്രചോദനം നല്‍കിയതെന്ന് കാസ്ട്രോ മറുപടി നല്‍കി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം, പരിതാപകരമായ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ എല്ലാം എടുത്ത് കാട്ടിയുള്ള പ്രസംഗം ലോകമെങ്ങുമുള്ള വിപ്ലവകാരികള്‍ക്ക് ആവേശമായി നിലനില്‍ക്കുന്നു.

This post was last modified on December 27, 2016 2:14 pm