X

‘നിനക്ക് താരയാകാന്‍ പറ്റില്ലെങ്കില്‍ പോകാം’; ക്ലാസ്സ്‌മേറ്റ്സിലെ ‘റസിയ’യാവാൻ കാവ്യ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് ലാൽ ജോസ്

ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി' കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു

മലയാള സിനിമയിലെ തന്നെ മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. ലാൽ ജോസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി ഒരു വലിയ താരനിര വേഷമിട്ട ഈ ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്.

ചിത്രത്തിൽ രാധിക അവതരിപ്പിച്ച റസിയ എന്ന വേഷം ചെയ്യാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെട്ടുവെന്നും ലാല്‍ ജോസ് പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസിന്റെ വെളിപ്പെടുത്തൽ

‘ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പ് കാവ്യ കഥ മനസിലായില്ലെന്ന് തന്നോട് പറഞ്ഞു. ആ സമയം, തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിനോട് കഥ ഒന്നുകൂടി പറഞ്ഞുകൊടുക്കാൻ ചുമതലപ്പെടുത്തി.കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേർന്ന സീനാണ് ഞങ്ങൾ ആദ്യം എടുക്കാൻ ഉദ്ദേശിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ കാവ്യയെ കാണാനില്ല. അതിനിടെ ജെയിംസ് ആൽബർട്ട് ഓടിയെത്തി.

കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാൻ കാര്യമെന്താണെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’ കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസിലാകുന്നില്ല. ഞാൻ പറഞ്ഞു, റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം. അതും കൂടി കേട്ടപ്പോൾ അവളുടെ കരച്ചിൽ കൂടി. ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോദ്ധ്യപ്പെടുത്തിയപ്പോൾ കാവ്യ മനസില്ലാമനസോടെ സമ്മതിച്ചു’- ലാൽ ജോസ് പറയുന്നു.