X

ഞാന്‍ യേശുദാസിനെ മിമിക്രി ചെയ്തിട്ടില്ല-ഗായകന്‍ അഭിജിത്ത്/അഭിമുഖം

'ഗാനഗന്ധർവനോട് ഒരു തരത്തിലും ഉപമിക്കേണ്ട ആളേ അല്ല ഞാൻ. അദ്ദേഹത്തെ പോലെയാകാൻ എത്ര വലിയ ഭാഗ്യം വേണം.'

ദേശീയ പുരസ്കാരം നേടിയ ‘ഒറ്റാൽ’ എന്ന സിനിമയ്ക്കുശേഷം കുട്ടനാടൻ പശ്ചാത്തലത്തിൽ ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന സിനിമയിലെ “കുട്ടനാടൻ കാറ്റു ചോദിക്കുന്നു” എന്ന ഗാനം ആലപിച്ച അഭിജിത്ത് വിജയ്-യിൽ നിന്നും ഇത്തവണത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് തട്ടിയകന്നത് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന പേരിലാണ്. അഭിജിത്ത് യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്ന ജൂറി അംഗങ്ങള്‍ക്കിടയിലെ അഭിപ്രായം ഇതിനോടകം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. കൂടുതൽ വിശേഷങ്ങളുമായി അഭിജിത്തുമായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം.

യുവഗായകനായ അഭിജിത്തിനെ പ്രേക്ഷകർക്ക് ഒന്നു പരിചയപ്പെടുത്താമോ?

കൊല്ലം ജില്ലയിലെ ചിറ്റുമല എന്ന പ്രദേശത്താണ് എന്റെ നാട്. അച്ഛൻ, അമ്മ, ചേട്ടൻ അടങ്ങുന്ന കുടുംബമാണ് എന്റേത്. ഇപ്പോള്‍ പാട്ടാണ് പ്രൊഫഷൻ. ഡിഗ്രി ബി.കോം കഴിഞ്ഞു എം.കോം ചെയ്യുന്ന സമയത്താണ് ഞാൻ ഇങ്ങനെ സംഗീതത്തിലേക്ക് വരുന്നത് തന്നെ. വ്യക്തമായി പറഞ്ഞാൽ ഒരു മൂന്നു നാലു വർഷത്തിനിടയിൽ എന്ന് പറയാം. അല്ലാതെ മുൻപ് പാട്ട് പഠിച്ചിട്ടൊന്നും ഇല്ല. പക്ഷെ ജീവിതത്തിൽ ഇപ്പൊ പ്രധാനമായും പാട്ട് മാത്രമാണ് കൂടെ ഉള്ളത്.

സിനിമയുമായുള്ള ബന്ധം എങ്ങനെയാണ്?

സിനിമ കാണുക എന്നുള്ള ഒരു ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാട്ട് പാടി തുടങ്ങിയത് ഗാനമേളകളിൽ ആയിരുന്നു. ആ സമയത്ത് സ്റ്റുഡിയോകളിൽ പാടുവാനായി കുറേ പേര്‍ സഹായിച്ചു. അങ്ങനെ സ്റ്റുഡിയോയിൽ പാടാൻ തുടങ്ങി. ആയിടക്കാണ് നടന്‍ ജയറാമേട്ടൻ ‘ആകാശമിഠായി’ എന്ന സിനിമയിൽ എനിക്ക് പാടാൻ ഒരവസരം ശരിയാക്കി തരുന്നത്. സോഷ്യൽ മീഡിയയിലും ചാനലുകളിലും ഒക്കെ കുറച്ചു ശ്രദ്ധ പിടിച്ചു നിൽക്കുന്ന സമയത്താണ് ജയറമേട്ടന്റെ ശ്രദ്ധയിൽ പെടുന്നതും, വിളിക്കുന്നതും, പോയി പാടുന്നതും. മന്‍സൂർ റഹ്മാൻ സംഗീതം നൽകിയ റഫീഖ് അഹമ്മദിന്റെ വരികളാണ് ഞാൻ അതിൽ പാടിയത്. മെയിൻ സ്ട്രീമിലേക്ക് വരുന്ന ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ നല്ല ഒരു പാട്ടായിരുന്നു അത്. അത് കഴിഞ്ഞിട്ട് ജയരാജ് സർ ‘ഭയാനക’ത്തിലെ പാട്ട് പാടാനായി അർജ്ജുനൻ സാറിനോട് എന്നെ പറ്റി സംസാരിച്ചു. അങ്ങനെയാണ് “കുട്ടനാടൻ കാറ്റു ചോദിക്കുന്നു” എന്ന ഗാനം പാടുന്നത്.

സംവിധാനം-ജയരാജ്, ഗാനരചയിതാവ്-ശ്രീകുമാരൻ തമ്പി, സംഗീത സംവിധാനം-എം. കെ അർജ്ജുനൻ. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഇത്രയും മുതിര്‍ന്നവര്‍ക്കൊപ്പം വർക്ക് ചെയ്യാൻ പറ്റി എന്നത് ഒരു തരം ഭാഗ്യമല്ലേ?

തീർച്ചയായും. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വ്യക്തമായ പറയാൻ പറ്റിയ തരത്തിലുള്ള ഒരു സംഗീത പശ്ചാത്തലം ഒന്നുമില്ല. ഞാൻ പാടിക്കൊണ്ടിരുന്നത് ഭക്തിഗാനം പോലുള്ള പാട്ടുകള്‍ ആയിരുന്നു. വാസ്തവത്തിൽ ഞാനൊക്കെ അർജ്ജുനൻ മാഷിനെ ഒന്നു കാണാൻ അത്ര മാത്രം കൊതിച്ചു നടന്ന ഒരാളായിരുന്നു ഒരു കാലത്ത്. ആ മാഷിന്റെ ഒരു ഗാനം പാടാൻ എന്നെ വിളിച്ചു എന്നത് ഒരു ഭാഗ്യമാണ്. എത്രയോ ജന്മത്തിൽ ചെയ്ത പുണ്യമാണ് ഇങ്ങനൊരു പാട്ട് കിട്ടിയത് തന്നെ. അർജ്ജുനൻ മാഷ് എന്റെ അടുത്ത് ഇരുന്ന് എല്ലാം വ്യക്തമായി പറഞ്ഞു തന്നു, എന്നെ കൊണ്ട് പാടിപ്പിച്ചു. മാഷിന്റെ ‘കസ്തൂരി മണക്കുന്നല്ലോ’ ഗാനം ഒക്കെ എത്രയെത്ര വേദികളിൽ അത്രയേറെ ഇഷ്ടത്തിൽ പാടിയിട്ടുണ്ട് ഞാൻ.

എന്നിരുന്നാലും ലെജൻഡ്സിനൊപ്പം വർക്ക് ചെയുക എന്നത് ഒരു തരത്തിൽ ആശങ്കയല്ലേ… പ്രത്യേകിച്ചും പുതിയൊരാൾ എന്ന നിലയിൽ?

ഒരിക്കലുമില്ല. എല്ലാവരും അത്രമാത്രം സൌഹൃദപരം ആയിരുന്നു. അവർ കൃത്യമായി പാട്ട് പറഞ്ഞു തന്നു, സസൂക്ഷ്മം വീക്ഷിച്ച് എന്തെങ്കിലും കുറവോ തെറ്റോ ഉണ്ടെങ്കിൽ അന്നേരം തന്നെ പറഞ്ഞു തന്ന് വളരെ പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കി തന്നു. വാസ്തവത്തിൽ അത് കാരണം ഞാൻ വളരെ പെട്ടെന്ന് തന്നെ ആ പാട്ട് പഠിച്ചു പാടി. എന്നെ കൊണ്ടവർ പാടിപ്പിച്ചെടുത്തു. വാസ്തവത്തിൽ കൂടുതൽ ആശങ്കകൾ ഒന്നും എനിക്കില്ലായിരുന്നു.

സംസ്ഥാന അവാർഡ് ജൂറി താങ്കളുടെ ഗാനത്തെ അവസാന നിമിഷം യേശുദാസിന്റെ ശബ്ദത്തോട് താരതമ്യപ്പെടുത്തി അവാർഡിൽ നിന്നും താങ്കളെ തട്ടിയകറ്റി. എന്ത്‌ പറയുന്നു?

ഗാനഗന്ധർവനോട് ഒരു തരത്തിലും ഉപമിക്കേണ്ട ആളേ അല്ല ഞാൻ. അദ്ദേഹത്തെ പോലെയാകാൻ എത്ര വലിയ ഭാഗ്യം വേണം. പിന്നെ ഉപമിച്ചുവെന്നാലും എനിക്ക് അത്രമാത്രം വിഷമം തോന്നിയത് എന്റെ ഗാനത്തെ അനുകരണം ആണെന്ന് പറഞ്ഞപ്പോഴാണ്. എന്റെ ഗാനം ഒരിക്കലും മിമിക്രിയല്ല. അങ്ങനെ മിമിക്രി ആയിരുന്നു എങ്കിൽ അത് അത്രേം ലെജൻഡ് ആയിട്ടുള്ള അർജ്ജുനൻ സാറിന് അത് അപ്പോഴേ പറയാമായിരുന്നില്ലേ. യേശുദാസ്‌ സാറിന്റെ ശബ്ദവും ചില സംഗതികള്‍ വരെയും അനുകരിക്കാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞാൽ ഞാൻ പറയും അത്തരം ശ്രമം നടന്നിട്ടേയില്ല എന്ന്. ഞാൻ മുൻപ് പാടിയ ഏതെങ്കിലും ഒരു പാട്ട് കേട്ടിട്ട് നിങ്ങൾ വിലയിരുത്തൂ… അങ്ങനെ ഒരു ശബ്ദാനുകരണം നടത്തിയോ എന്ന്.

പുതിയ പ്രോജക്ടുകൾ?

തെലുങ്കിൽ രണ്ടു സിനിമകള്‍ ചെയ്ത് കഴിഞ്ഞു. ഇപ്പൊ ചെയ്യുന്നത് ആൽബം ആണ്. പിന്നെ ഈശ്വരന്റെ കൃപ ഉണ്ടെങ്കിൽ നല്ല വർക്കുകൾ ചെയ്യാന്‍ പറ്റും എന്നാണ് പ്രതീക്ഷ.

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:

This post was last modified on March 20, 2018 11:16 am