X

വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും; ഇത്തവണ മഴ കൂടിയപ്പോൾ പൃഥ്വിരാജ് അമ്മയോട് പറഞ്ഞു

മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറൽ ആവുകയും, ഒട്ടേറെ ട്രോളുകളാണ് ഈ ചിത്രത്തെ അടിസ്ഥാനമാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തത്

കഴിഞ്ഞ പ്രളയ കാലത്ത് മല്ലിക സുകുമാരനെ വലിയ ചെമ്പില്‍ ഇരുത്തി രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ചിത്രം ഏറെ ചർച്ചയായിരുന്നു. 2018 ഓഗസ്റ്റ് 15നായിരുന്നു ഈ സംഭവം നടന്നത്. ഇതിന്റെ പേരില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു മല്ലിക. ഇത്തവണ ഓഗസ്റ്റ് 15 ആയപ്പോള്‍ ഈ സംഭവം ഓര്‍ത്തെടുക്കയാണ്. ഇത്തവണ മഴ കൂടിയപ്പോൾ മകൻ പൃഥ്വിരാജ് തന്നോട് പറഞ്ഞ വാക്കുകളാണ് മല്ലിക പങ്കുവെച്ചത്.

ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് വിളിച്ച് പറഞ്ഞു ‘അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും,’ എന്ന്. ഒന്ന് പേടിപ്പിക്കാതിരിയെടാ എന്നു പറഞ്ഞാണ് താന്‍ ഫോണ്‍ വച്ചതെന്ന് മല്ലിക പറയുന്നു. മെട്രോ മനോരമയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് മല്ലിക ഇക്കാര്യം പങ്കുവെച്ചത്.

മൂന്ന് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്നായിരുന്നു മല്ലികയുടെ പരിഹാസം. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യല്‍ മീഡിയ മല്ലികയ്‌ക്കെതിരെ ട്രോളുമായി ഇറങ്ങിയത്. മല്ലിക സുകുമാരനെ ചെമ്പിലിരുത്തി രക്ഷപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറൽ ആവുകയും, ഒട്ടേറെ ട്രോളുകളാണ് ഈ ചിത്രത്തെ അടിസ്ഥാനമാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തത്.