X

വിവാദങ്ങളിലെ എഎംഎംഎ തീരുമാനങ്ങള്‍ ശരിയാണെന്ന് കരുതുന്നു: നിവിന്‍ പോളി

സംഘടനയുടെ ഭാരവാഹികള്‍ എടുക്കുന്ന ശരിയായ തീരുമാനങ്ങളെ പിന്തുണയ്ക്കുമെന്നും നിവിന്‍ പോളി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായി പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുക്കുന്നതുള്‍പ്പെടെ എഎംഎംഎയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ സംഘടന എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് കരുതുന്നതായി യുവതാരം നിവിന്‍ പോളി. താന്‍ സംഘടനയുടെ ഭാഗമാണ്. മീറ്റിങ്ങുകളില്‍ പങ്കെടുക്കാറുമുണ്ട്. സംഘടനയുടെ ഭാരവാഹികള്‍ എടുക്കുന്ന ശരിയായ തീരുമാനങ്ങളെ പിന്തുണയ്ക്കുമെന്നും നിവിന്‍ പോളി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

താന്‍ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമല്ല. എന്നാല്‍ എല്ലാവര്‍ക്കും തങ്ങളുടെ ശരി തെറ്റുകള്‍ക്ക് ന്യായീകരണമുണ്ട്. അതില്‍ താനും ഉള്‍പ്പെടും, അടിയന്തിരമായി ഒരു തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ തന്റെ നിലാപാട് വ്യക്തമാക്കും. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നും നിവിന്‍ പോളി പറയുന്നു.

ഓണം റിലീസായി ഒരുങ്ങുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കായം കുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിനൊപ്പമുള്ള രംഗങ്ങള്‍ മികച്ച അനുഭവമായിരുന്നെന്നും നിവിന്‍ പറയുന്നു. മോഹന്‍ലാലിനൊപ്പം ആദ്യമായാണ് ഒരു സെറ്റില്‍ സഹകരിക്കുന്നത്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. മികച്ച ഒരു പ്രെഫഷണലാണ് അദ്ദേഹമെന്നും നിവിന്‍ പോളി പറയുന്നു.

നയന്‍ താരക്കൊപ്പം വേഷമിടുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് നിവിന്‍  ട്രിംവാന്‍ഡ്രം ടൈസിനോട് സംസാരിച്ചത്. ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, അനീഷ് അദേനിയുടെ മിഖായേല്‍ എന്നിവയാണ് നിവിന്‍ പോളിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

 

This post was last modified on August 2, 2018 11:11 am

Related Post
Leave a Comment