രജനി ചിത്രം പേട്ടയുടെ ഓഡിയോ ലോഞ്ചിലും താരമായി റാമും ജാനുവും. രജനികാന്തിന്റെ വില്ലനായി വിജയ് സേതുപതി എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് സിനിമയാണ് പേട്ട. തൃഷയാണ് നായിക. നവാസുദ്ധീന്‍ സിദ്ധിഖീ, ശശികുമാര്‍, സിമ്രാന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഓഡിയോ ലോഞ്ച് ചടങ്ങില്‍ വിജയ് സേതുപതി സംസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു 96 സിനിമയിലെ റാമും ജാനും ഒരിക്കല്‍ കൂടി താരങ്ങളായത്. പേട്ടയില്‍ രജനികാന്തിന്റെ ഏത് ഗെറ്റപ്പ് ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അവതാരിക ചോദിച്ചപ്പോഴായിരുന്നു സദസ്സിനെ രസിപ്പിച്ച വിജയ് സേതുപതിയുടെ വാക്കുകള്‍. തലൈവരെ ഗെറ്റപ്പിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വിലയിരുത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ഓരോ ഗെറ്റപ്പും എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞു കഴിഞ്ഞായിരുന്നു, വിജയ് സേതുപതി ജാനുവിനെ കൂട്ടുപിടിച്ചത്. ഇന്ന്(ചടങ്ങില്‍) അദ്ദേഹം എന്റെ ജാനുവുമായി വന്നില്ലേ ആ ഗെറ്റപ്പ് എനിക്ക് ഏറെ ഇഷ്ടമായെന്നു വിജയ് പറഞ്ഞതോടെ രജനിയും തൃഷയും ഉള്‍പ്പെടെ സദസ് മുഴുവന്‍ ചിരിച്ചു. എന്റെ ജാനു എപ്പോഴും ഇങ്ങനെയാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തതോടെ കാമറ കണ്ണുകള്‍ എല്ലാം അതിസുന്ദരിയായി ചടങ്ങില്‍ പങ്കെടുത്ത തൃഷയുടെ മനോഹരമായ ചിരിയിലേക്ക് ഫോക്കസ് ചെയ്തു.
വിജയ് സേതുപതിയെപോലൊരു അഭിനേതാവിനൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു രജനികാന്ത് ചടങ്ങില്‍ പറഞ്ഞത്. വിജയ് സേതുപതി മികച്ച നടനാണ്. അതുപോലെ ഒരു നല്ല മനുഷ്യനും. ഏറെനാളിനുശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്; രജനികാന്തിന്റെ വാക്കുകള്‍.
Leave a Comment