X

സീറോയുടെ പരാജയത്തിൽ നിന്നും ഇനിയും പുറത്തു കടന്നിട്ടില്ല; അടുത്തെങ്ങും സിനിമയിലേക്കില്ലന്ന് ഷാരൂഖ് ഖാൻ

'മനസു കൊണ്ട് ഒരു സിനിമ ചെയ്യാൻ തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ'

‘സീറോ’യുടെ പരാജയത്തിൽ നിന്നും താൻ ഇനിയും പുറത്തു കടന്നിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബിഗ് ബജറ്റ് ചിത്രമായ സീറോയുടെ പരാജയം മനസിനെ ഉലച്ചതിനാൽ പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കിംഗ് ഖാൻ പറയുന്നു.സിആർഐ ഹിന്ദിക്ക് ചൈനയിൽ വെച്ച് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടു–മൂന്നു മാസങ്ങൾക്കുള്ളിൽ അടുത്ത പ്രൊജക്റ്റ് തുടങ്ങാറുണ്ട്. എന്നാൽ ഇത്തവണ സിനിമ ചെയ്യാൻ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകൾ കാണാനും വായിക്കാനും കഥകൾ കേൾക്കാനും കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹാന കോളേജിലാണ്. ആര്യന് ഇനി ഒരു വർഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം’- ഷാരൂഖ് പറയുന്നു.

‘മനസു കൊണ്ട് ഒരു സിനിമ ചെയ്യാൻ തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ. സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഇത്തവണ അങ്ങനെ സിനിമ ചെയ്യാൻ തോന്നുന്നില്ല,” ഷാരൂഖ് വ്യക്തമാക്കി. ചൈനയിൽ നടന്ന ബെയ്ജിങ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സീറോ പ്രദർശിപ്പിച്ചിരുന്നു. ചിത്രം പ്രദർശിപ്പിച്ചില്ലെങ്കിലും ചലച്ചിത്രോത്സവത്തിനു വരാൻ തയാറാണെന്ന് സംഘാടകരോടു പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി. “ഞങ്ങൾ വളരെ താൽപര്യത്തോടും സ്നേഹത്തോടും ഒരുക്കിയ സിനിമയായിരുന്നു സീറോ. പക്ഷേ, പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെട്ടില്ല’- ഷാരൂഖ് കൂട്ടി ചേർത്തു

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ‘സീറോ’യിൽ കുള്ളനായി ആണ് താരം എത്തിയത്. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് 186 കോടി മാത്രമാണ് ബോക്സോഫീസിൽ നേടാനായത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനൊപ്പം അനുഷ്ക ശർമയും കത്രീന കെയ്ഫുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

This post was last modified on April 30, 2019 7:28 am