X

മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കു നേരെ വെടിവയ്പ്പ്; രണ്ടു മരണം

സാമൂഹ്യവിരുദ്ധരാണ് കര്‍ഷകപ്രതിഷേധം അക്രമാസക്തമാക്കിയതെന്നു സര്‍ക്കാര്‍

മധ്യപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനു നേര്‍ക്ക് സുരക്ഷസേന നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയില്‍വച്ച് മരണപ്പെട്ടതായി ചില വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല.

മണ്ഡസൂര്‍ ജില്ലയില്‍ ഇന്നു നടന്ന പ്രതിഷേധ മാര്‍ച്ചിലേക്കായിരുന്നു വെടിവയ്പ്പ്. കാര്‍ഷിക വായ്പ എഴുതി തള്ളാനും വിളകള്‍ക്ക് ന്യായവില നിശ്ചയിക്കാനും ആവശ്യപ്പെട്ടായിരുന്നു കര്‍ഷക പ്രതിഷേധം.

തങ്ങള്‍ അല്ല വെടിവച്ചതെന്നും കര്‍ഷക പ്രതിഷേധമാര്‍ച്ചില്‍ പൊലീസിനെ സഹായിക്കാന്‍ എത്തിയ സിആര്‍പിഎഫ് സംഘമാണ് വെടിയുതിര്‍ത്തതെന്നും സംസ്ഥാന പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രകോപിതരായ കര്‍ഷകര്‍ക്കെതിരേ അഞ്ചു റൗണ്ട് വെടിയുതിര്‍ത്തെന്നാണ് വിവരം. സംസ്ഥാന ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗും പൊലീസിനെ അനുകൂലിച്ചാണ് പ്രതികരിച്ചത്. സാമുഹ്യവിരുദ്ധരുടെ ഇടപെടലാണ് കലാപാന്തരീക്ഷം സൃഷ്ടിച്ചതെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. തങ്ങളുടെ വിളകള്‍ക്ക് ആദായകരമായ വില നല്‍കുക, വായ്പ കുടിശ്ശിക എഴുതി തള്ളുക എന്നിവയായിരുന്നു മുഖ്യമായും ഉയര്‍ത്തിയ മുദ്രാവാക്യം.ഇപ്പോള്‍ തങ്ങളില്‍ നിന്നും 37 രൂപ നിരക്കില്‍ വാങ്ങുന്ന പാലിന് ലിറ്ററിന് 50 രൂപയാക്കി ഉയര്‍ത്തണമെന്നും കര്‍ഷകരുടെ ആവശ്യമായിരുന്നു.

ഏതാനും ചിലയാളുകള്‍ കര്‍ഷക പ്രതിഷേധത്തെ വഴിതിരിച്ചുവിട്ടതാണെന്നും അങ്ങനെയുള്ളവര്‍ അനന്തരഫലം ഉടന്‍ അനുഭവിക്കുമെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി ചൗഹാനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ആര്‍എസ്എസ് പോഷകസംഘടനയായ ഭാരതീയ കിസാന്‍ സംഘ് കര്‍ഷക മാര്‍ച്ചില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നായിരുന്നു പറഞ്ഞിരുന്നത്. തിങ്കളാഴ്ച നീമച്ചില്‍ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. നിരവധി കര്‍ഷകര്‍ക്കും രണ്ടുപൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ഉണ്ടായി.

This post was last modified on June 6, 2017 4:48 pm