X

9/11 ഭീകരാക്രമണം: സൗദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു

അഴിമുഖം പ്രതിനിധി

2001-ലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. സൗദിക്കെതിരെ യുഎസ് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം വീറ്റോ ചെയ്തിരുന്നു. ഇതിനെ മറികടന്നാണ് അമേരിക്കന്‍ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും വന്‍ ഭൂരിപക്ഷത്തോടെ ജസ്റ്റിസ് എഗന്‍സ്റ്റ് സ്പോണ്‍സേഴ്‌സ് ഓഫ് ടെറിറിസം ആക്റ്റ് എന്ന നിയമം പാസാക്കിയത്. 9/11 ആക്രമണത്തില്‍ 3000 ത്തോളം പേരായിരുന്നു കൊല്ലപ്പെട്ടത്.

9/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രാജ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിനെ ഒബാമ എതിര്‍ത്തിരുന്നു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കമെന്നാണ് ഒബാമയുടെ വാദം. ഒബാമയുടെ വാദത്തിനെതിരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ആക്രമണം നടത്തിയ 19 പേരില്‍ 15 പേരും സൗദി പൗരന്‍മാരായിരുന്നു.

സൗദിക്കെതിരെയുള്ള ബില്‍ പാസാക്കിയത് ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര ബന്ധങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. അറബ് രാഷ്ട്രങ്ങളിലെ അമേരിക്കയുടെ ഏറ്റവും പഴയ സഖ്യരാഷ്ട്രങ്ങങ്ങളിലൊന്നാണ് സൗദി അറേബ്യ. എന്നാല്‍ സൗദി അറേബ്യ, അമേരിക്കയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും,പുതിയ നിയമത്തെ ശക്തമായ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

This post was last modified on December 27, 2016 2:26 pm