X

രജനികാന്തിന് ഹാജി മസ്താന്റെ ‘മകന്റെ’ വക്കീല്‍ നോട്ടീസ്; തലൈവര്‍ 161ല്‍ അച്ഛനെ കള്ളക്കടത്തുകാരനാക്കരുത്

ധനുഷ് നിര്‍മ്മിച്ച് കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്താണ് തലൈവര്‍ സംവിധാനം ചെയ്യുന്നത്

സൂപ്പര്‍ താരം രാജനീകാന്തിന്റെ അടുത്ത ചിത്രം ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ വിവാദത്തില്‍. ധനുഷ് നിര്‍മ്മിച്ച് കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തലൈവര്‍ 161 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് ഹാജി മസ്താന്‍റെ ദത്ത് പുത്രനായ സുന്ദര്‍ ഷെയ്ക്കാര്‍ ആണ്. തന്റെ ‘പിതാവി’നെ ചീത്ത മനുഷ്യനായി ചിത്രീകരിക്കരുത് എന്നാണ് സുന്ദറിന്റെ ആവശ്യം.

തലൈവര്‍ 161ല്‍ രജനികാന്ത് ഹാജി മസ്താന്‍റെ വേഷമാണ് ചെയ്യുന്നത് എന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. “അദ്ദേഹത്തെ ഒരു കള്ളക്കടത്തുകാരനായും അധോലോക രാജാവായും ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ പറ്റാത്തതും അപകീര്‍ത്തികരവുമാണ്. എന്റെ പിതാവ് ഒരു തവണ പോലും കള്ളക്കടത്തിനോ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കൊ ശിക്ഷിക്കപ്പെട്ടിട്ടില്ല.” സുന്ദര്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. അതേ സമയം ഹാജി മസ്താനെ കുറിച്ച് ഒരു സിനിമ വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. വേണമെങ്കില്‍ അത്തരമൊരു സിനിമയ്ക്കു ഫണ്ട് ചെയ്യാനും താന്‍ ഒരുക്കമാണെന്നും സുന്ദര്‍ പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്നും എട്ടാം വയസില്‍ പിതാവിനോടൊപ്പം മുംബൈയിലേക്ക് കുടിയേറിയ മസ്താന്‍ ഹൈദര്‍ മിര്‍സയാണ് പിന്നീട് ഹാജി മസ്താന്‍ എന്ന പേരില്‍ കുപ്രസിദ്ധനായത്. അധോലോക നായകന്‍മാരായ കരീം ലാലയുടെയും വരദരാജ മുദലിയാരുടെയും കൂട്ടാളിയായിരുന്നു ഹാജി. നിരവധി ബോളിവുഡ് സിനിമകള്‍ക്ക് പണം മുടക്കിയിട്ടുള്ള ഹാജി 20 വര്‍ഷത്തോളം മുംബൈ നഗരത്തെ അടക്കി ഭരിച്ചു.

നേരത്തെ വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന സിനിമയില്‍ അജയ് ദേവ്ഗണ്‍ ഹാജി മസ്താന്‍റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സിനിമയുടെ പിന്നണി പ്രവവര്‍ത്തകര്‍ ഇതുവരെ രജനികാന്ത് ഹാജിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

This post was last modified on May 13, 2017 1:45 pm