X

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്ക് വെളിപ്പെടുത്താന്‍ തയ്യാര്‍: മുഖ്യ പ്രതികളിലൊരാള്‍

2001 ലെ ആക്രമണത്തിൽ പങ്കുണ്ടെന്ന വാദം സൗദി സർക്കാർ അന്നു മുതലേ നിഷേധിച്ചിരുന്നു

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെകുറിച്ച് വെളിപ്പെടുത്താന്‍ സന്നദ്ധനാണെന്ന് മുഖ്യ പ്രതികളില്‍ ഒരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്. വധശിക്ഷ റദ്ദാക്കിയാലേ കാര്യങ്ങള്‍ തുറന്നു പറയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടപരിഹാരം തേടുന്ന വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ വെള്ളിയാഴ്ച വൈകി മാൻഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കത്തിലാണ് മുഹമ്മദിന്റെ വാഗ്ദാനമുള്ളത്.

2001 ലെ ആക്രമണത്തിൽ പങ്കുണ്ടെന്ന വാദം സൗദി സർക്കാർ അന്നു മുതലേ നിഷേധിച്ചിരുന്നു. വിദേശീയരായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു. അല്‍ഖ്വായിദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപിച്ചത്. 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്.

വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി സർക്കാരിന്‍റെ അഭിഭാഷകൻ മൈക്കൽ കെല്ലോഗ് ഈ വിഷയത്തില്‍ പ്രതികരിക്കാൻ വിസമ്മതിച്ചു. കത്തിനെക്കുറിച്ച് വാൾസ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കത്തിൽ പറയുന്നതനുസരിച്ച്, ഫെഡറൽ കസ്റ്റഡിയിലുള്ള അഞ്ച് സാക്ഷികൾക്കായി വാദികളുടെ അഭിഭാഷകർ ബന്ധപ്പെട്ടിട്ടുണ്ട്. ക്യൂബയിലെ തടങ്കൽപ്പാളയമായ ഗ്വാണ്ടനാമോ ബേയിലാണ് മുഹമ്മദ് ഉൾപ്പെടെ മൂന്നുപേരെ പാർപ്പിച്ചിരിക്കുന്നതെന്നും രണ്ടുപേർ കൊളറാഡോയിലെ ഫ്ലോറൻസിലുള്ള സൂപ്പർമാക്സ് ജയിലിലാണെന്നും അഭിഭാഷകർ പറഞ്ഞു. സത്യവാങ്മൂലം നല്‍കാന്‍ മുഹമ്മദ് ഇപ്പോള്‍ സമ്മതിച്ചെന്നുവരില്ല, പക്ഷെ ആ സ്ഥിതി മാറിയേക്കാം എന്ന് കത്തില്‍ പറയുന്നുണ്ട്.

സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകള്‍ക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് 2016-ല്‍ പാസ്സാക്കിയിരുന്നു. അമേരിക്കന്‍ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സും വന്‍ ഭൂരിപക്ഷത്തോടെയാണ് ‘ജസ്റ്റിസ് എഗന്‍സ്റ്റ് സ്‌പോണ്‍സേഴസ് ഓഫ് ടെററിസം ആക്റ്റ്’ (ജസ്റ്റ) എന്ന നിയമം പാസാക്കിയത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും എതിര്‍പ്പുകളെ മറികടന്നുകൊണ്ടായിരുന്നു അത്. ഒബാമ ആ നിയമത്തെ വീറ്റോ ചെയ്യുകയും ചെയ്തിരിരുന്നു. അറബ് ലോകത്തെ അമേരിക്കയുടെ ദീര്‍ഘ കാല സഖ്യരാഷ്ട്രങ്ങങ്ങളിലൊന്നാണ് സൗദി അറേബ്യ.

This post was last modified on July 30, 2019 11:45 am