X

ആഫ്രിക്കന്‍ യൂണിയന്റെ കംപ്യൂട്ടറുകളില്‍ ചൈനയുടെ പിന്‍വാതില്‍; ചാരപ്പണിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ആഫ്രിക്കന്‍ യൂണിയന്റെ കമ്പ്യൂട്ടര്‍ ശൃംഖലയ്ക്ക് പണം നല്‍കിയതും നിര്‍മ്മിച്ചതും ചൈനയാണ്

ആഫ്രിക്കന്‍ യൂണിയന്റെ കമ്പ്യൂട്ടര്‍ ശൃംഖലയ്ക്ക് പണം നല്‍കിയതും നിര്‍മ്മിച്ചതും ചൈനയാണ്-പക്ഷേ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ ഈ സംഘടനയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനുള്ള ഒരു പിന്‍വാതില്‍മാര്‍ഗവും കൂടി അതില്‍ കടത്തിവിട്ടു. ഫ്രെഞ്ച് പത്രം Le Monde നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍.

ജനുവരി 2017, ആഡീസ് അബാബയിലെ ആഫ്രിക്കന്‍ യൂണിയന്‍ ആസ്ഥാനത്ത് വിവരസാങ്കേതിക വിദ്യ വിഭാഗം അസാധാരണമായ ചില സംഗതികള്‍ ശ്രദ്ധിച്ചു.

എല്ലാ രാത്രിയിലും, പാതിരാത്രിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയിലായി ഡാറ്റ ഉപയോഗത്തില്‍ വലിയ വര്‍ദ്ധനവ് കാണിക്കുന്നു-ആ കെട്ടിടം മുഴുവനും ഏതാണ്ട് കാലിയാകുന്ന സമയമാണിത്. കൂടുതല്‍ അന്വേഷണത്തില്‍ സാങ്കേതികവിദഗ്ധര്‍ കൂടുതല്‍ വിചിത്രമായ ഒരു സംഗതി കണ്ടെത്തി. രഹസ്യ വിവരങ്ങളടക്കമുള്ള ഡാറ്റ അയക്കുന്നത് ഷാങ്ഹായിലുള്ള സെര്‍വറുകളിലേക്കാണ്.

തങ്ങളുടെ ‘ആഫ്രിക്കന്‍ സുഹൃത്തുക്കള്‍ക്ക്’ സമ്മാനമായി ചൈന പണിതു നല്‍കിയതാണ് ആഫ്രിക്കന്‍ യൂണിയന്റെ ഈ തിളങ്ങുന്ന പുതിയ ആസ്ഥാനം. പക്ഷേ 2012-ല്‍ പണി പൂര്‍ത്തിയായപ്പോള്‍ സംഘടനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പിന്‍വാതില്‍ തുറന്നിട്ടുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു അവര്‍.

“സംഘടനയിലെ നിരവധി സ്രോതസുകള്‍ പറയുന്നത്, എല്ലാ നിര്‍ണായക വിവരങ്ങളും ചൈന ചോര്‍ത്തി എന്നാണ്,” Le Monde എഴുതുന്നു. “ജനുവരി 2012 മുതല്‍ ജനുവരി 2017 വരെ വ്യാപിച്ചുകിടക്കുന്ന അസാധാരണമായ തരത്തിലുള്ള വിവര ചോര്‍ച്ചയാണ് നടന്നത്.”

എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ആഫ്രിക്കന്‍ യൂണിയനിലേക്കുള്ള ചൈനയുടെ ദൌത്യസംഘം തയ്യാറായില്ല.
പ്രശ്നം കണ്ടുപിടിച്ചതോടെ ആഫ്രിക്കന്‍ യൂണിയന്‍ അധികൃതര്‍ ദ്രുതഗതിയില്‍ പ്രശ്നപരിഹാരം തുടങ്ങി. അവര്‍ സ്വന്തമായി സെര്‍വറുകള്‍ സ്ഥാപിച്ചു, വാര്‍ത്താവിനിമയങ്ങള്‍ രഹസ്യരൂപത്തിലാക്കി. ജൂലായ് 2017-നു അള്‍ജീരിയയില്‍ നിന്നുള്ള രഹസ്യാന്വേഷണ വിദഗ്ദ്ധരും എത്യോപ്യയില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ വിദഗ്ദ്ധരും ചേര്‍ന്ന് ആ കെട്ടിടം ഒട്ടാകെ അരിച്ചുപെറുക്കി പരിശോധിച്ചു-ഒളിപ്പിച്ചുവെച്ച ശബ്ദലേഖന ഉപകരണങ്ങളോ മറ്റ് കുഴപ്പങ്ങളോ ഉണ്ടോയെന്ന് കണ്ടുപിടിക്കാന്‍.

ആഫ്രിക്കന്‍ യൂണിയനില്‍ ചാരപ്പണി നടത്തുന്ന ആദ്യത്തെ സുഹൃദ് വന്‍ശക്തിയല്ല ചൈന. ഡിസംബര്‍ 2016-ല്‍ Le Monde-യും The Intercept-ഉംനടത്തിയ മറ്റൊരു അന്വേഷണത്തില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘം ആഫ്രിക്കന്‍ യൂണിയന്‍ അധികൃതരെ ചാരപ്പണി നടത്തുന്നു എന്നു വെളിപ്പെട്ടിരുന്നു.

അതേ സമയം ചൈന സന്ദര്‍ശിക്കുന്ന ആഫ്രിക്കന്‍ യൂണിയന്‍ അദ്ധ്യക്ഷന്‍ മൌസ ഫകി മൊഹമ്മദ് ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.