ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സംഘം ബാലഭാസ്കർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു. ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരങ്ങളാണ് ക്രൈംബ്രാഞ്ച് തേടുന്നത്. ഇതിനായി വിവിധ ബാങ്കുകൾക്കും കലക്ടർമാർക്കും ക്രൈംബ്രാഞ്ച് കത്തു നൽകും. മതിയായ വിവരങ്ങൾ ലഭിക്കാൻ റിസർവ് ബാങ്കിന്റെ സഹായം തേടാനും ഒരുങ്ങുകയാണ് അന്വേഷണ സംഘം.
അതിനിടെ, വാഹനം ഓടിച്ചതാരെന്ന വിഷയത്തിൽ ക്രൈം ബ്രാഞ്ചിന് കൂടുതൽ സാക്ഷി മൊഴികൾ ലഭിച്ചു. അപകട സമയത്ത് അര്‍ജുനാണ് ഡ്രൈവിങ്ങ് സീറ്റിൽ ഉണ്ടായിരുന്നതെന്നാണ് കെഎസ് ആർടിസി ബസ് ഡ്രൈവർ അജിയൊഴികെയുള്ളവർ നൽകിയ മൊഴി. കൊല്ലം പള്ളിമുക്കിലെ ജൂസ് കടയില്‍ ബാലഭാസ്കറിനൊപ്പം ജൂസ് കഴിച്ച ചവറ തെക്കുംഭാഗം സ്വദേശികളായ മൂന്നു യുവാക്കളുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂസ് കുടിച്ച ശേഷം വാഹനമോടിച്ച് അര്‍ജുനായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജി പറയുന്നത് ആറ്റിങ്ങലില്‍ വച്ച് ബാലഭാസ്കറിന്റെ കാര്‍ അജിയുടെ ബസിനെ മറി കടന്നു. അതിന്റെ മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകടസ്ഥലത്തിന് അരകിലോമീറ്റര്‍ മുന്‍പ് ഒരു കണ്ടെയ്നര്‍ ലോറിയെയും ഈ മൂന്ന് വാഹനങ്ങളും മറികടന്നു. അതിന് ശേഷം ബാലഭാസ്കറിന്റെ കാര്‍ ഇടത് വശത്ത് നിന്ന് വലത്തേക്ക് തെന്നിമാറി മരത്തിലിടിച്ച് കയറി. വെള്ളക്കാർ മുന്നോട്ട് പോയി. അപകടത്തിനു ശേഷം ഡ്രൈവിങ് സീറ്റില്‍ കണ്ടത് ബാലഭാസ്കറെയാണെന്നും അജി ആവര്‍ത്തിക്കുന്നു. എന്നാൽ ബാലഭാസ്കറിനെ മുന്‍പൊരിക്കലും അറിയില്ലായിരുന്നൂവെന്നുമാണ് അജിയുടെ മൊഴി. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ വ്യക്തമാക്കി.
This post was last modified on June 12, 2019 7:08 am
Leave a Comment