X

‘വിഡ്ഢിയായ’ തെരേസ മേയ് സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്ന് ട്രംപ്; യു എസ്-യുകെ ബന്ധം വഷളാവുന്നു

ട്രംപിനെതിരെ യുഎസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡറോച്ചിന്‍റെതായി പുറത്തു വന്ന ഇ-മെയില്‍ സന്ദേശമാണ് ട്രംപിനെ പ്രകോപിതനാക്കിയത്

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ പരസ്യമായി തള്ളിപ്പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേയെ ‘വിഡ്ഢി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മേയ് സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്സിറ്റ് ചർച്ചകൾ അവർ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിനെതിരെ യുഎസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡറോച്ചിന്‍റെതായി പുറത്തു വന്ന ഇ-മെയില്‍ സന്ദേശമാണ് ട്രംപിനെ പ്രകോപിതനാക്കിയത്. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിൽ ആകെ അരാജകത്വമാണെന്നുമാണ് ഇ-മെയിലിന്‍റെ ഉള്ളടക്കം. അതോടെ യു.കെയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂകഷമായി. യു.കെയുമായി ട്രംപിന്‍റെ വാണിജ്യ സെക്രട്ടറി നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചു.

ഡറോച്ചുമായി സഹകരിച്ച് ഒരു ഇടപാടുകള്‍ക്കും താനിനി തയ്യാറാകില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വട്ടാണെന്നും മന്ദബുദ്ധിയാണെന്നുമുള്ള രൂക്ഷ പരാമര്‍ശങ്ങളാണ് ട്രംപ് ട്വിറ്ററിലൂടെ നടത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും കൺസർവേറ്റീവ് സ്ഥാനാർത്ഥിയുമായ ജെറമി ഹണ്ട് ട്രംപിന്‍റെ ഭാഷയെ ‘അനാദരവും, തെറ്റുമാണെന്നും’ വിശേഷിപ്പിച്ചുകൊണ്ട് പ്രതികരിച്ചതോടെ വിവാദം കൂടുതൽ രൂക്ഷമായി. ഡറോച്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം താന്‍ പ്രാധാനമന്ത്രിയായാല്‍ അദ്ദേഹം തല്‍സ്ഥാനത്തുതന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

ബ്രിട്ടന്‍റെ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായ ലിയാം ഫോക്സുമൊത്ത് ഡറോച്ചും കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഡറോച്ചിന് ക്ഷണം ലഭിച്ചില്ല. കൂടിക്കാഴ്ചയിൽ വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയും ഖേദം രേഖപ്പെടുത്താതെയുമാണ് ഫോക്സ് സംസാരിച്ചത്. അതോടെ, അതിനു ശേഷം നടക്കേണ്ടിയിരുന്ന വാണിജ്യ ചര്‍ച്ചകളില്‍നിന്നും അമേരിക്ക പിന്‍വാങ്ങി. ചര്‍ച്ച റദ്ദാക്കിയതിനെ വിമര്‍ശിച്ച് വീണ്ടും ബ്രിട്ടണ്‍ രംഗത്തെത്തി. ഇരു രാജ്യങ്ങള്‍ക്കും അനുയോജ്യമായ മറ്റൊരു സമയം കണ്ടെത്തി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

Read More: കാരക്കോണം മെഡിക്കൽ കോളജില്‍ 1.78 കോടിയുടെ ക്രമക്കേട്: 20 ചെക്കുകള്‍ കടത്തിയതായി മുന്‍ ഡയറക്ടറും സിപിഐ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.ബെന്നറ്റ് എബ്രഹാമിനെതിരെ പരാതി

This post was last modified on July 10, 2019 11:42 am