X

ലോക സമാധാനത്തിന് ട്രംപിന്റെ തിരിച്ചടി; ഐക്യരാഷ്ട്ര സംഘടനയുടെ ആയുധ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറി

2013 ലാണ് അമേരിക്ക കരാറില്‍ ഒപ്പുവെച്ചത്

President Donald Trump puts his hand to his ear as music plays during his arrival to speak to the national convention of the Veterans of Foreign Wars, Tuesday, July 24, 2018, in Kansas City, Mo. (AP Photo/Evan Vucci)

ശതകോടിക്കണക്കിന് ഡോളറിന്റെ വാണിജ്യം നടക്കുന്ന ആഗോള ആയുധ കച്ചവടത്തെ നിയന്ത്രിക്കുന്ന ഐക്യ രാഷ്ട്ര സംഘടനയുടെ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറുന്നതായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാനപോളിസില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷനെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ചെറുകിട ആയുധങ്ങള്‍, ബാറ്റില്‍ ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരമ്പരാഗത ആയുധങ്ങളെ നിയന്ത്രിക്കാനുള്ള കരാറില്‍ നിന്നാണ് അമേരിക്ക പിന്‍വാങ്ങാന്‍ തയ്യാറെടുക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“എന്റെ ഗവണ്‍മെന്‍റ് ഒരു കാരണവശാലും യു എന്നിന്റെ ആയുധ വാണിജ്യ കാരാറിനെ അംഗീകരിക്കില്ല. അതിനു നല്കിയ പിന്തുണ നമ്മള്‍ പിന്‍വലിക്കുകയാണ്. ഉടന്‍ തന്നെ അമേരിക്ക കരാര്‍ തള്ളിക്കളയുകയാണ് എന്നറിയിച്ചുകൊണ്ടുള്ള കത്ത് യു എന്നിന് അയക്കും.” ട്രംപ് പറഞ്ഞു.

“എന്റെ ഭരണത്തിനു കീഴില്‍ അമേരിക്കയുടെ പരമാധികാരം ആര്‍ക്ക് മുന്‍പിലും അടിയറവെക്കില്ല. സ്വാതന്ത്ര്യത്തെ സംബന്ധിച്ച നമ്മുടെ രാണ്ടാം ഭേദഗതി ഇല്ലാതാക്കാന്‍ ഒരു വിദേശ ഉദ്യോഗസ്ഥനെയും നമ്മള്‍ അനുവദിക്കില്ല.” ട്രംപ് കൂട്ടിച്ചേര്‍ത്തു.

2013 ലാണ് അമേരിക്ക കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ അതിനു ഇതുവരെയായിട്ടും യു എസ് ഭരണകൂടം അംഗീകാരം നല്‍കിയിരുന്നില്ല. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഈ കരാറിനെ ശക്തിയുക്തം എതിര്‍ത്തുവരികയായിരുന്നു. രണ്ടാം ഭേദഗതിക്ക് എതിരാണ് എന്നാണ് അവരുടെ വാദം. അതുകൊണ്ട് തന്നെ റൈഫിള്‍ അസോസിയേഷന്റെ യോഗത്തില്‍ ട്രംപ് നടത്തിയ ഈ പ്രസ്താവന ഏറെ പ്രധാനാമാണ്.

കരാറിന് അംഗീകാരം നല്‍കുന്ന പ്രഖ്യാപനത്തില്‍ നിന്നു പിന്‍വാങ്ങുന്നു എന്ന കത്തില്‍ ഒപ്പുവെച്ചുകൊണ്ട് തന്റെ പേന ജനക്കൂട്ടത്തിന് നേരെ ട്രംപ് ഉയര്‍ത്തിയെറിഞ്ഞതോടെ ‘യു എസ് എ, യു എസ് എ’ എന്നു സദസില്‍ നിന്നും ആരവം ഉയര്‍ന്നു.

“ബറാക്ക് ഒബാമയും ജോണ്‍ കെന്നഡിയും അന്താരാഷ്ട്ര തോക്ക് നിയന്തരണ കരാര്‍ അംഗീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ട്രംപ് തന്റെ കീഴില്‍ ഇത് നടക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.” എന്‍ ആര്‍ എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിക്സ് കോക്സ് ആഹ്ലാദത്തോടെ പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ നീക്കം വലിയ വിമര്‍ശനമാണ് രാജ്യത്ത് ഉയര്‍ത്തിയിരിക്കുന്നത്. “ഇത് മറ്റൊരു സങ്കുചിതമായ തീരുമാനമാണ്. തെറ്റായ ധാരണകളും ഭയാശങ്കകളും ഉയര്‍ത്തിക്കാട്ടി അമേരിക്കയുടെ സുരക്ഷ അപകടത്തിലാണ് എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുന്ന തീരുമാനം. ആയുധങ്ങള്‍ തെറ്റായ കൈകളില്‍ എത്തുന്നത് തടയിടാനുള്ള നീക്കത്തിന് തടസ്സം ഉണ്ടാകുകയാണ് യഥാര്‍ത്ഥ ഭീഷണി എന്നു ജനതയൊന്നാകെ വേദനയോടെ തിരിച്ചറിയുമ്പോഴാണ് ഭരണകൂടം അതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്നത്. നിയമവിരുദ്ധ ആയുധങ്ങള്‍ക്ക് തടയിടാനുള്ള ചെറിയ മുന്നേറ്റത്തിന്റെ ക്ലോക്കാണ് ട്രംപ് ഭരണകൂടം പിന്നോട്ട് തിരിച്ചുവെക്കുന്നത്.” മുതിര്‍ന്ന ഡെമോക്രാറ്റ് സെനറ്ററും വിദേശകാര്യ സമിതി അംഗം കൂടിയായ ബോബ് മെനന്‍ഡോസ് പറഞ്ഞു.

ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കയുടെ നേതൃപരമായ ഉത്തരവാദിത്തത്തില്‍ ന്നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് എന്നാണ് വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റീംസണ്‍ സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ റേച്ചല്‍ സ്റ്റോള്‍ പറഞ്ഞത്. “ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് അമേരിക്കയുടെ പിന്‍മാറ്റം. ഇത് ആയുധങ്ങളുടെ നിയമ വിരുദ്ധമായ കച്ചവടത്തിന് ആക്കം കൂട്ടും, ഒപ്പം അമേരിക്കന്‍ സമ്പദ് ഘടനയെ അപകടപ്പെടുത്തുകയും ചെയ്യും.” സ്റ്റോള്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on April 27, 2019 9:45 am

Related Post
Leave a Comment