X

മാലദ്വീപില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ അറസ്റ്റില്‍

നടപടി ജയിലില്‍ അടക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്കിയതിന്റെ പശ്ചാത്തലത്തില്‍

മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ രണ്ടു സുപ്രീം കോര്‍ട്ട് ന്യായാധിപന്‍മാരെ അറസ്റ്റ് ചെയ്തു. ജയിലില്‍ അടക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.

പ്രസിഡന്റ് അബ്ദുല്ല യമീന്‍ ഗയും 15 ദിവസത്തെ ആഭ്യന്തര അടിയന്തരാവസ്ഥയാണ് ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായ രാഷട്രീയ പ്രതിസന്ധിക്കാണ് ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ കളമൊരുങ്ങിയിരിക്കുന്നത്. അറസ്റ്റുകള്‍ നടത്താനും അന്വേഷണം നടത്തി സ്വത്തു വകകള്‍ പിടിച്ചെടുക്കാനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്വാതന്ത്ര്യം നിയന്ത്രിക്കാനുമുള്ള പൂര്‍ണ്ണ അധികാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ഗവണ്‍മെന്‍റിന് ലഭിച്ചിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ചീഫ് ജസ്റ്റീസ് അബ്ദുല്ല സയീദ് ജഡ്ജ് അലി ഹമീദ് എന്നിവരുടെ അറസ്റ്റ്.

അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് സൈന്യം സുപ്രീം കോടതിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ന്യായാധിപന്‍മാര്‍ക്കെതിരെയുള്ള കുറ്റം എന്താണെന്ന് ഗവണ്‍മെന്‍റ് വ്യക്തമാക്കിയിട്ടില്ല. അതേസമയം സുപ്രീം കോടതിയിലെ മാറ്റ് രണ്ട് ന്യായാധിപന്‍മരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സുപ്രിം കോടതിയും യമീന്‍ ഭരണകൂടവും തമ്മിലുള്ള പോരിന്റെ ഫലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് പ്രസിഡന്റ് യമീന്‍ അനുസരിക്കാതെ വന്നതോടെയാണ് കോടതിയും പ്രസിഡന്റും തമ്മിലുള്ള അധികാര തര്‍ക്കം ഉയര്‍ന്നത്. ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ മാലദ്വീപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനു തയ്യാറായില്ല.

ഇത് രണ്ടാം തവണയാണ് യമീന്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2015 ല്‍ തന്റെ നേരേ വധശ്രമം ഉണ്ടായതായി ആരോപണമുയര്‍ത്തിയും അബ്ദുല്ല യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

This post was last modified on February 6, 2018 9:01 am