X

കാലിഫോര്‍ണിയയില്‍ ഭൂകമ്പം, അടിയന്തരാവസ്ഥ

തെക്കന്‍ കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഭൂകമ്പമുണ്ടാകുന്നത്

20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ ഗവർണർ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാക്രമെന്റോ മുതൽ മെക്സിക്കോ വരെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റോഡുകള്‍, കെട്ടിടങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, ഗ്യാസ് ലൈനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ഇനിയും വിലയിരുത്തിക്കഴിഞ്ഞിട്ടില്ല. തെക്കന്‍ കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഭൂകമ്പമുണ്ടാകുന്നത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദുരിതബാധിത സമൂഹങ്ങളിലേക്ക് ഫെഡറൽ ഫണ്ടുകൾ കൂടുതല്‍ ലഭിക്കുന്നതിനായി ന്യൂസോം പ്രസിഡൻഷ്യൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച തീവ്രത കൂടി 7.1 രേഖപ്പെടുത്തി.

ലോസ് ഏഞ്ചൽസിന് വടക്ക് കിഴക്കുള്ള റിഡ്ജ്‌ക്രെസ്റ്റ് നഗരത്തിലാണ് ഭൂചലനം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഈ മേഖലയില്‍ നിന്നും ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും നാശനഷ്ടങ്ങൾ പൂർണ്ണമായി വിലയിരുത്താനായിട്ടില്ല എന്ന് ഫയർ ചീഫായ ഡേവിഡ് വിറ്റ് പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആരും അകപ്പെട്ടിട്ടില്ല എന്നാണ് കരുതുന്നത്. തിരച്ചില്‍ തുടരുന്നുണ്ട്.

റിഡ്‌ജെക്രെസ്റ്റിന് വടക്ക്-പടിഞ്ഞാറ്, യുഎസ് നാവിക വ്യോമ ആയുധ കേന്ദ്രമായ ചൈന തടാകത്തില്‍നിന്നും ആവശ്യ സേവന ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള എല്ലാവരെയും ഒഴിപ്പിച്ചു. അടുത്ത് തന്നെ തെക്കൻ കാലിഫോർണിയയിൽ കൂടുതൽ രൂക്ഷമായ ഭൂചലനം പ്രതീക്ഷിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ‘അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 7.0 തീവ്രതയുള്ള ഭൂചലനമുണ്ടാകാൻ പത്തിലൊന്ന് സാധ്യതയുണ്ട്. 5.0 തീവ്രതയുള്ള ചലനങ്ങളും ഉണ്ടായേക്കാം’ എന്ന് ഭൂകമ്പശാസ്ത്രജ്ഞയും യുഎസ് ജിയോളജിക്കൽ സർവേയിലെ മുൻ ശാസ്ത്ര ഉപദേശകയുമായ ലൂസി ജോൺസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More: നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?

This post was last modified on July 7, 2019 8:09 am