X

ഗൊലാന്‍ കുന്നില്‍ റോക്കറ്റ് ആക്രമണം; സിറിയയെ ആക്രമിച്ച് തിരിച്ചടിച്ചതായി ഇസ്രയേല്‍

സിറിയയില്‍ നിന്ന് ആരാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് വ്യക്തമല്ലെന്നും എന്നാല്‍ സിറിയന്‍ മണ്ണില്‍ നിന്നുള്ള ഏത് ആക്രമണത്തിനും സിറിയന്‍ ആര്‍മി ഉത്തരവാദികളാണ് എന്നും ഇസ്രയേല്‍ മിലിട്ടറി വക്താവ് പറഞ്ഞു.

ഗൊലാന്‍ കുന്നുകളിലുണ്ടായ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടി സിറിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് നല്‍കിയതായി ഇസ്രയേല്‍. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. തലസ്ഥാനമായ ഡമാസ്‌കസിന് സമീപം പുലര്‍ച്ചെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി സിറിയിന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയന്‍ പീരങ്കികളും ഏരിയല്‍ ഡിഫന്‍സ് ബാറ്ററികളും തകര്‍ത്തതായി ഇസ്രയേല്‍ പറയുന്നു. സിറിയയില്‍ നിന്ന് ആരാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് വ്യക്തമല്ലെന്നും എന്നാല്‍ സിറിയന്‍ മണ്ണില്‍ നിന്നുള്ള ഏത് ആക്രമണത്തിനും സിറിയന്‍ ആര്‍മി ഉത്തരവാദികളാണ് എന്നും ഇസ്രയേല്‍ മിലിട്ടറി വക്താവ് പറഞ്ഞു. ഇസ്രയേല്‍ പ്രദേശത്തേയ്ക്കുള്ള ഒരു തരത്തിലുള്ള ആക്രമണവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി സിറിയയില്‍ നിരവധി ആക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയിരുന്നു പ്രസിഡന്റ് ബാഷര്‍ അല്‍ അസിദിന്റെ സൈന്യത്തിന് പിന്തുണ നല്‍കുന്ന ലൈബനനിലെ ഹിസ്ബുള്ളയെ ലക്ഷ്യം വച്ചായിരുന്നു കൂടുതലായും ഇസ്രയേലിന്റെ ആക്രമണങ്ങള്‍. 1967ലെ അറബ് യുദ്ധത്തില്‍ സിറിയയില്‍ നിന്ന് ഗൊലാന്‍ കുന്നുകള്‍ ഇസ്രയേല്‍ പിടിച്ചെടുത്തിരുന്നു. അതേസമയം ഗൊലാന്‍ കുന്നുകളെ ഇസ്രയേലിന്റെ ഭാഗമായി യുഎസ് മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. മറ്റ് ലോകരാജ്യങ്ങളൊന്നും ഇതിന് അംഗീകാരം നല്‍കിയിട്ടില്ല.

This post was last modified on June 2, 2019 4:20 pm