X

പലസ്തീനിലെ കയ്യേറിയ സ്ഥലത്ത് ഇസ്രയേല്‍ മന്ത്രിസഭ യോഗം, തീവ്രദേശീയ വാദികളുടെ വോട്ടിനായി നെതന്യാഹുവിന്റെ നടപടി

തീവ്രവിഭാഗങ്ങളുടെ വോട്ടുറപ്പിക്കാന്‍ അതിതീവ്രമായ നിലപാടുകളും പരാമര്‍ശങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം നെതന്യാഹു നടത്തിയത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെരഞ്ഞെടുപ്പിന് മുന്‍പുള്ള തന്‍റെ അവസാനത്തെ മന്ത്രിസഭായോഗം പലസ്തീനില്‍ വെച്ചാണ് നടത്തിയത്. വോട്ടെടുപ്പിന് കേവലം രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ തീവ്ര ദേശീയവാദികള്‍ക്ക് നല്‍കുന്ന വ്യക്തമായ സന്ദേശമാണത്. ഈ വർഷം രണ്ടാം തവണയാണ് ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷി സർക്കാറുണ്ടാക്കുന്നതിൽ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇക്കുറി വിജയത്തിൽ കുറഞ്ഞതൊന്നും നെതന്യാഹുവിന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന നെതന്യാഹുവിന് ഇക്കുറിയില്ലെങ്കില്‍ മറ്റൊരവസരംകൂടെ ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ തീവ്രവിഭാഗങ്ങളുടെ വോട്ടുറപ്പിക്കാന്‍ അതിതീവ്രമായ നിലപാടുകളും പരാമര്‍ശങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം അദ്ദേഹം നടത്തിയത്. ഈ മാസം 17നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

നിരവധി അഴിമതിയാരോപണങ്ങളും വിവാദങ്ങളും കത്തിനിൽക്കുന്നതിനിടെ അതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനും, ഭൂരിപക്ഷം വരുന്ന തീവ്ര വലതുപക്ഷ വോട്ട്ബാങ്ക് തനിക്ക് അനുകൂലമാക്കുന്നതിനുമുള്ള അവസാനവട്ട ശ്രമങ്ങളിലാണ് നെതന്യാഹു. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ നേതാവ് ബെന്നി ഗാൻറ്സാണ് എതിരാളി. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഭീഷണിയുയർത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. 120 അംഗ പാര്‍ലമെന്‍റിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചേക്കില്ല. പ്രാദേശിക ചെറുപാര്‍ട്ടികളുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും.

ജോർദാൻ താഴ്വരയും വടക്കൻ ചാവുകടലും കടന്നുള്ള ഇസ്രായേലിന്‍റെ മുന്നോട്ടുപോക്ക് സൈന്യം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു അത് ഇസ്രായേലിന് കൂടുതല്‍ തന്ത്രപരമായ ഗാഢത നൽകുമെന്നും അഭിപ്രായപ്പെട്ടു. മെവോ യെറിക്കോയിലുള്ള കുടിയേറ്റക്കാര്‍ക്ക് ഇസ്രായേൽ നിയമപ്രകാരം സ്ഥിരമായ പദവി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളിൽ ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത്. 25 ദശലക്ഷത്തിലധികം (രണ്ടരക്കോടി) പലസ്തീനികൾ താമസിക്കുന്ന അവിടെ 600,000 ഇസ്രായേലി കുടിയേറ്റക്കാരാണ് ഉള്ളത്.

This post was last modified on September 16, 2019 2:36 pm