X

പെന്റഗണ്‍ മേധാവിയായി പാട്രിക് ഷാനഹാനെ നിയമിക്കില്ല; കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കട്ടെയെന്ന് ട്രംപ്

മുൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ രാജിക്ക് ശേഷം ആറുമാസം മുമ്പാണ്‌ ഷാനഹാൻ ചുമതലയേറ്റത്

അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായി പാട്രിക് ഷാനഹാനെ നിയമിക്കുവാനുള്ള തീരുമാനം തൽക്കാലം പിൻവലിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്ന സമയത്ത് പെന്റഗണിനെ കൂടുതൽ പ്രതിരോധത്തിലാക്കിയേക്കാവുന്ന നടപടിയാണിത്. ‘നിലവിൽ ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായ പാട്രിക് ഷാനഹാനെ തൽ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതായും, ഇനിമുതൽ അദ്ദേഹത്തിന് തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാമെന്നും’ ട്രംപ് ട്വീറ്റ് ചെയ്തു.

കരസേന സെക്രട്ടറി മാർക്ക് എസ്പറിനെയാണ് അടുത്ത പ്രതിരോധ സെക്രട്ടറിയാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ അദ്ദേഹത്തെ ഇതുവരെ ക്യാബിനറ്റ് പോസ്റ്റിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടില്ല. ഷാനഹാനെതിരെയുള്ള ഗാർഹിക പീഡന ആരോപണങ്ങൾ കഴിഞ്ഞ ദിവസം മറനീക്കി പുറത്തു വന്നിരുന്നു.

ചൊവ്വാഴ്ച രാവിലെ ഷാനഹാൻ രാജിക്കത്ത് സമർപ്പിച്ചുവെന്ന് ട്രംപ് സ്ഥിരീകരിച്ചു. ‘ഞാൻ അദ്ദേഹത്തോട് പിന്മാറാൻ ആവശ്യപ്പെട്ടില്ല, എന്നാൽ അൽപ്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും, ആരോപണങ്ങൾ ദൗർഭാഗ്യകാര്യമായിപ്പോയി എന്നും’- ട്രംപ് പറഞ്ഞു. 2010-ൽ ഷാനഹാനും മുൻ ഭാര്യയും പരസ്പരം നടത്തിയ ഗാർഹിക പീഡന ആരോപണങ്ങളിൽ എഫ്ബിഐ അന്വേഷണം നടത്തുകയാണെന്ന് ‘യു.എസ്.എ ടുഡേ’ റിപ്പോർട്ട് ചെയ്തിരുന്നു.

‘അത്യന്തം വേദനാജനകവും തീർത്തും വ്യക്തിപരവുമായ കുടുംബ പ്രശ്നത്തെ അപൂർണ്ണവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ വരച്ചുകാട്ടുന്നത് ദൗർഭാഗ്യകാര്യമാണെന്ന്’ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഷാനഹാൻ പറഞ്ഞു. തന്റെ മൂന്നു മക്കളും ജീവിതത്തിലെ ഏറ്റവും മോശം കാലത്തേക്ക് തിരിച്ചുപോയി ഒരുപാട് സമയമെടുത്ത് ഉണക്കിയ മുറിവുകൾ വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ സെക്രട്ടറിയാകാനുള്ള അവസരത്തെ സ്വാഗതം ചെയ്ത ഷാനഹാൻ, നല്ലൊരു അച്ഛനാവുകയെന്നതാണ് ഇപ്പോൾ പ്രധാനമെന്നും പറഞ്ഞു.

മുൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ രാജിക്ക് ശേഷം ആറുമാസം മുമ്പാണ്‌ ഷാനഹാൻ ചുമതലയേറ്റത്. ഇറാനുമായുള്ള സംഘർഷങ്ങൾക്ക് കൂടുതൽ ആക്കംകൂട്ടി മിഡിൽ ഈസ്റ്റിലേക്ക് സൈന്യത്തെ അയച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

This post was last modified on June 19, 2019 11:20 am